
2012 സീസണിൽ മലയാളി താരം എസ്. ശ്രീശാന്തിനേറ്റ പരിക്കിൽ വമ്പൻ ഇൻഷൂറൻസ് തുകയാവശ്യപ്പെട്ട് രാജസ്ഥാൻ റോയൽസ് സുപ്രീം കോടതിയില്‍ .കാൽമുട്ടിനേറ്റ ഗുരുതര പരിക്കിനെ തുടർന്ന് ശ്രീശാന്തിന് ആ സീസണിൽ കളിക്കാനായിരുന്നില്ല. എന്നാൽ താരത്തിന്റെ പരിക്ക് നേരത്തേയുള്ളതാണെന്നാണ് ഇൻഷൂറൻസ് കമ്പനിയുടെ വാദം.
2012 ൽ രാജസ്ഥാൻ റോയൽസിനൊപ്പം ഒരു പരിശീലന മത്സരം കളിച്ച് കൊണ്ടിരിക്കെയാണ് ശ്രീശാന്തിന് പരിക്കേറ്റത്. അന്ന് തന്നെ ടീം ഇൻഷൂറൻസ് ക്ലെയിം ചെയ്തു. 82 ലക്ഷം രൂപയാണ് രാജസ്ഥാന്‍ ആവശ്യപ്പെട്ടത്. എന്നാൽ ഇൻഷൂറൻസ് കമ്പനി അത് നിരസിക്കുകയാണുണ്ടായത്. 2011 മുതൽ തന്നെ ശ്രീശാന്തിന്റെ കാൽ വിരലിന് പരിക്കുണ്ടായിരുന്നു എന്നും രാജസ്ഥാൻ അത് മറച്ച് വക്കുകയായിരുന്നു എന്നുമായിരുന്നു കമ്പനിയുടെ വാദം.
അതേ സമയം വിരലിനേറ്റ പരിക്കല്ല ശ്രീശാന്തിനെ പുറത്തിരുത്തിയത് എന്നും കാൽമുട്ടിനേറ്റ പരിക്കാണെന്നും രാജസ്ഥാൻ മറുവാദമുന്നയിച്ചു. വിരലിനേറ്റ പരിക്ക് സാരമല്ലാത്തതിനാൽ തന്നെ താരം അതു വച്ച് കളിക്കാനിറങ്ങിയിരുന്നു. എന്നാൽ ഇൻഷൂറൻസ് കാലയളവിലാണ് കാൽമുട്ടിന് പരിക്കറ്റതെന്നും അതാണ് താരത്തെ പുറത്തിരുത്തിയതെന്നും ടീം വാദിച്ചു.
സംഭവത്തിൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ രാജസ്ഥാന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. ഇതോടെ ഇൻഷൂറൻസ് കമ്പനി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ ശ്രീശാന്തിന്റെ അന്നത്തെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.