
അയാള്‍ കത്തുകള്‍ എഴുതിക്കൊണ്ടേയിരിക്കുകയാണ്. വെള്ള പേപ്പറുകളില്‍ പേനകൊണ്ട് അക്ഷരങ്ങള്‍ കോറിയിടുമ്പോള്‍ ആ അക്ഷരങ്ങളെല്ലാം നക്ഷത്ര കുഞ്ഞുങ്ങളെപ്പോലെ കറുപ്പും നീലയും നിറങ്ങളില്‍ അയാളുടെ കൃഷ്ണമണികളുടെ ചലനങ്ങളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും അനങ്ങിക്കൊണ്ടിരുന്നു… പ്രിയപ്പെട്ടവരുടെ മറുപടി കത്തുകള്‍ക്ക് വേണ്ടി ആരൊക്കെയോ കാത്തിരുന്ന വര്‍ഷങ്ങള്‍ക്കപ്പുറമുള്ള അക്കാലത്താണ് കുഞ്ഞിപ്പ എന്ന കുഞ്ഞിപ്പ പന്താവൂരും കത്തുകളെഴുതിത്തുടങ്ങിയത്.
കേരളത്തിലെ ആകാശവാണി നിലയങ്ങളിലേക്ക് കത്തുകള്‍ എഴുതി പ്രശസ്തനായ ശ്രോതാവാണ് കുഞ്ഞിപ്പ. മലയാളികളായ ആകാശവാണി ശ്രോതാക്കള്‍ ഒരിക്കലെങ്കിലും ഈ പേര് കേട്ടിട്ടുണ്ടാവും. വര്‍ഷം 2025 എത്തിനിനില്‍ക്കുമ്പോഴും കത്തെഴുതുക എന്ന പതിവ് കുഞ്ഞിപ്പ തെറ്റിച്ചിട്ടില്ല. തന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കാര്‍ഡുകളില്‍ എഴുതി അയക്കുകയും ആകാശവാണിയിലെ അവതാരകരുടെ പേരുകള്‍ക്കൊപ്പം ഇദ്ദേഹവും അറിയപ്പെടുകയും ചെയ്തു. ഈ കാലയളവിനുള്ളില്‍ ഒന്നര ലക്ഷത്തിലധികം കത്തുകളാണ് കുഞ്ഞിപ്പ എഴുതിയിട്ടുള്ളത്.
1980 മുതലാണ് കുഞ്ഞിപ്പ കത്തെഴുത്ത് ആരംഭിക്കുന്നത്. ടിവിയും മൊബൈലും ഒന്നും ഇല്ലാതിരുന്ന അക്കാലത്തെക്കുറിച്ച് അദ്ദേഹം വാചാലനാവുകയാണ്. ' ചെറിയ കുട്ടിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പോകുന്ന വഴിയിലും അയല്‍പക്കങ്ങളിലും ചായക്കടയിലും എല്ലാം റേഡിയോ കേള്‍ക്കാം. അത്രയ്ക്ക് ആവേശത്തോടെയാണ് അക്കാലത്ത് ആളുകള്‍ റേഡിയോയില്‍ വരുന്ന പരിപാടികളെല്ലാം ശ്രവിച്ചിരുന്നത്. പരിപാടികള്‍ കഴിയുമ്പോള്‍ കത്തുകള്‍ വായിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ട എനിക്ക് ഒരു തോന്നലുണ്ടായി. ആകാശവാണിയിലേക്ക് ഒരു കത്തെഴുതിയാലോ? ഒരു കൗതുകത്തിന്റെ പുറത്തുണ്ടായ ആ തോന്നലാണ് ആദ്യമായി അത്തരത്തില്‍ എഴുതാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ അയച്ച ആദ്യത്തെ കത്ത് തന്നെ അവര്‍ പരിപാടിയില്‍ വായിക്കുകയും ചെയ്തു. അതൊരു വലിയ സംഭവമായിരുന്നു നാട്ടില്‍. പിന്നെ പിന്നെ കത്തുകള്‍ അയക്കല്‍ ഒരു ശീലമായി. എടപ്പാളിനടുത്ത് പള്ളിയില്‍ അധ്യാപകനും മുക്രിയുമായിരുന്ന കാലത്ത് എപ്പോഴും റേഡിയോ പരിപാടി കേള്‍ക്കാന്‍ സാധിച്ചിരുന്നില്ല. അപ്പോഴൊക്കെ ഭാര്യ നഫീസ പരിപാടി റെക്കോര്‍ഡ് ചെയ്ത് വയ്ക്കാന്‍ തുടങ്ങി. അത് കേട്ടായി പിന്നെ അഭിപ്രായം എഴുതല്‍' .
വത്തിക്കാന്‍ സിറ്റി റേഡിയോയുടെയും ശ്രീലങ്കന്‍ റേഡിയോയുടെയും മലയാളം പരിപാടികള്‍ സംബന്ധിച്ചും കുഞ്ഞിപ്പ കത്തെഴുതിയിട്ടുണ്ട്. അന്ന് മാര്‍പാപ്പയുടെ ചിത്രം പതിപ്പിച്ച ഒരു കത്ത് മറുപടി കത്തായി വത്തിക്കാനില്‍ നിന്ന് കിട്ടിയതും എംടി വാസുദേവന്‍ നായരും അബ്ദുല്‍ നാസര്‍ മൗലവിയും അടക്കം നിരവധി പ്രശസ്തര്‍ തനിക്ക് കത്തുകള്‍ അയച്ചതുമെല്ലാം ഏറെ സന്തോഷത്തോടെ ഓര്‍ക്കുകയാണ് അദ്ദേഹം.
എത്ര തിരക്കുണ്ടെങ്കിലും കുഞ്ഞിപ്പയ്ക്ക് കത്തെഴുത്ത് ദിനചര്യയുടെ ഭാഗമാണ്. കത്തെഴുത്തിന്റെ കാലം അസ്തമിച്ചെങ്കിലും ഇന്നും ആ പതിവ് കുഞ്ഞിപ്പ കൈവിട്ടിട്ടില്ല. ഒരു പോസ്റ്റ് കാര്‍ഡിന് 15 പൈസ ഉണ്ടായിരുന്ന കാലത്താണ് കുഞ്ഞിപ്പ എഴുതിത്തുടങ്ങിയത്. ഇല്ലെന്റെുകളും കവറുകളും ഒരിക്കലും ഉപയോഗിച്ചിട്ടില്ല.പകരം കത്തെഴുത്തിന് കാര്‍ഡാണ് ഉപയോഗിക്കാറ്. ഇന്നത്തെക്കാലത്ത് കാര്‍ഡുകള്‍ അധികമാരും ഉപയോഗിക്കാത്തതുകൊണ്ടുതന്നെ കിട്ടാന്‍ പ്രയാസമാണെന്ന് കുഞ്ഞിപ്പ പറയുന്നു. ഇക്കാലമത്രയും വാങ്ങിയ കാര്‍ഡുകളുടെയൊക്കെ എണ്ണവും തീയതിയും ഇദ്ദേഹം എഴുതി സൂക്ഷിച്ച് വച്ചിട്ടുണ്ട്. സമകാലിക വിഷയങ്ങള്‍ക്കപ്പുറം കാര്‍ഷിക വിഷയങ്ങള്‍ പ്രതിപാദിച്ചുള്ള കുഞ്ഞിപ്പയുടെ കത്തുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ആകാശവാണിയിലെ വയലും വീടും ചിത്രഗീതം തുടങ്ങിയ പരിപാടികളിലേക്ക് സ്ഥിരമായി എഴുതിയ അഭിപ്രായങ്ങളും അതിന് ലഭിച്ച മറുപടികളും ശ്രോതാക്കള്‍ക്കും ഏറെ സ്വീകാര്യമായിരുന്നു.
ഇന്നും കത്തെഴുത്ത് തുടരുന്നതിനൊപ്പം എഫ് എം റേഡിയോയിലേക്ക് ഫോണ്‍വിളിക്കാറുമുണ്ട്. വീട്ടിലിരിക്കുമ്പോള്‍ റേഡിയോ കേള്‍ക്കുമെങ്കിലും പുറത്തിറങ്ങുമ്പോള്‍ മൊബൈല്‍ ഫോണാണ് വാര്‍ത്ത കേള്‍ക്കാന്‍ ആശ്രയിക്കുന്നത്. ഭാഷയെ ഏറെ സ്‌നേഹിക്കുന്ന ഇദ്ദേഹത്തിന്റെ ആഗ്രഹം പുതിയ തലമുറയെയും കത്തുകളെഴുതാനും പുസ്തകങ്ങള്‍ വായിക്കാനും ശീലിപ്പിക്കണം എന്നാണ്.
Content Highlights:Kunjippa Pantavoor is a famous listener who wrote letters to the All India Radio stations in Kerala