
ഇസ്‌ലാമാബാദ്: പാകിസ്താനിലെ ക്വറ്റയിൽ പാര്‍ട്ടി റാലിയില്‍ സ്‌ഫോടനം. 11 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബലൂചിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ സംഘടിപ്പിച്ച ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ റാലിയിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ചാവേർ ആക്രമണമാണെന്നാണ് സൂചന. 40 പേർക്ക് പരിക്കേറ്റതായാണ് വിവരം.
നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്ത പരിപാടിക്കിടെ ഷഹവാനി സ്റ്റേഡിയത്തിലെ പാർക്കിംഗിലാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്‌ഫോടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബിഎൻപി സ്ഥാപക നേതാവ് അത്താവുള്ള മെങ്കലിന്റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് റാലി സംഘടിപ്പിച്ചതെന്നും റാലി ആരംഭിച്ച് തൊട്ടുപിന്നാലെ ആക്രമണമുണ്ടായെന്നും ബിഎൻപി നേതാവ് സാജിദ് തരീൻ പറഞ്ഞു.
ആക്രമണം ഉണ്ടായ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളിലേക്ക് മാറ്റിയെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം പാകിസ്താൻ- ഇറാൻ അതിർത്തിയോട് ചേർന്ന ബലൂചിസ്ഥാനിലും ഖൈബർ പ്രവിശ്യയിലെ സൈനിക താവളത്തിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. ബലൂചിസ്ഥാനിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേരും ഖൈബറിലെ സ്‌ഫോടനത്തിൽ ആറ് സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും തന്നെ ഏറ്റെടുത്തിട്ടില്ല.
Content Highlights: Bombing at political rally in Balochistan , Pakistan