
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ട്രിവാൻഡ്രം റോയൽസിന്റ പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും സെഞ്ച്വറി പ്രകടനവുമായി ആരാധകർക്ക് ആശ്വാസമേകി ടീം നായകൻ കൃഷ്ണപ്രസാദ്. തൃശൂർ ടൈറ്റൻസിനെതിരായ മത്സരത്തിലായിരുന്നു ക്യാപ്റ്റന്റെ റോളിൽ കെ.പിയുടെ അപരാജിത ഇന്നിങ്‌സ് . 62 പന്തിൽ നിന്ന് പുറത്താകാതെ 119 റൺസാണ് കൃഷ്ണപ്രസാദ് അടിച്ചുകൂട്ടിയത്. 10 പടുകൂറ്റൻ സിക്‌സറുകളും 6 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു ട്രിവാൻഡ്രം നായകന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ്.ഇതോടെ ടൂർണമെന്റിലെ റൺ വേട്ടക്കാരിൽ കെ.പി 389 റൺസുമായി രണ്ടാമതെത്തി.
9 മത്സരങ്ങളിൽ നിന്നും ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും അടക്കം 389 റൺസാണ് താരത്തിന്റെ പേരിൽ ഉള്ളത്. കൊച്ചി ബ്ലൂടൈഗേഴ്‌സിന്റെ സഞ്ജു സാംസണിനെയാണ് കൃഷ്ണപ്രസാദ് മറികടന്നത്. 368 റൺസാണ് സഞ്ജുവിന് ഉള്ളത്.ടൂർണമെന്റിൽ 423 റൺസ് നേടിയ അഹമ്മദ് ഇമ്രാനാണ് റൺവേട്ടക്കാരിൽ ഒന്നാമൻ.
ട്രിവാൻഡ്രം റോയൽസ് ടീമിന്റെ ഓപ്പണറായെത്തിയ കൃഷണ പ്രസാദ് തുടക്കത്തിൽ ടീം തകർച്ച നേരിട്ടപ്പോൾ ഒറ്റയാൾ പോരാളിയായി ക്രീസിൽ നിലയുറപ്പിച്ചു. ടീം സ്‌കോർ 22 റൺസിൽ നിൽക്കെ 14 റൺസെടുത്ത വിഷ്ണു രാജിന്റെ വിക്കറ്റ് റോയൽസിന് നഷ്ടമായി. തൊട്ടുപിന്നാലെ അനന്തകൃഷ്ണനും പുറത്തായത് റോയൽസിനെ സമ്മർദ്ദത്തിലാക്കി. തുടർന്നെത്തിയ റിയ ബഷീറും, എം നിഖിലുമായി ചേർന്ന് കൃഷ്ണപ്രസാദ് ഉയർത്തിയ വിലപ്പെട്ട കൂട്ടുകെട്ടുകളാണ് റോയൽസിന്റെ കൂറ്റൻ സ്‌കോറിന് അടിത്തറ പാകിയത്. രണ്ട് കൂട്ടുകെട്ടുകളിലുമായി ആകെ നേടിയ 109 റൺസിന്റെ മുക്കാൽ പങ്കും പിറന്നത് കൃഷ്ണപ്രസാദിന്റെ ബാറ്റിൽ നിന്നായിരുന്നു.
ഒടുവിൽ അബ്ദുൾ ബാസിത്തിനെ കൂട്ടുപിടിച്ച് കെ.പി നടത്തിയ വീരോചിത പ്രകടനം ടീമിന് കൂടുതൽ കരുത്തായി. ഇരുവരും ചേർന്ന് 25 പന്തിൽ നിന്ന് 57 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി റോയൽസിനെ മികച്ച സ്‌കോറിലേക്ക് കൈപിടിച്ചുയർത്തി.
അതേസമയം മത്സരത്തിൽ തൃശൂർ ടൈറ്റൻസിനെ തകർത്ത് അദാനി ട്രിവാൻഡ്രം റോയൽസ്. 17 റൺസിനാണ് റോയൽസിന്റെ വിജയം. ട്രിവാൻഡ്രം ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ ഒതുങ്ങി. 21 പന്തിൽ നിന്നും അഞ്ച് സിക്‌സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 41 റൺസ് നേടിയ വിനോട് കുമാർ സിവി തൃശൂരിന് വേണ്ടി പൊരുതിയെങ്കിലും ജയിക്കാൻ സാധിച്ചില്ല. ഓപ്പണിങ് ഇറങ്ങിയ അഹമ്മദ് ഇമ്രാൻ 18 പന്തിൽ നിന്നും അഞ്ച് ഫോറും രണ്ട് സിക്‌സറും അടിച്ച് 38 റൺസ് സ്വന്തമാക്കി. ഷോൺ റോജർ 26 പന്തിൽ നിന്നും ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 37 റൺസ് നേടി. റോയൽസിനായി ആസിഫ് സലാംമൂന്നും അഭിജിത്ത് പ്രവീൺ രണ്ടും വിക്കറ്റ് നേടി.
Content Highlights- Krishna Prasad Becomes second highest top scorer in KCl beating Sanju