രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് വിവരങ്ങൾ തേടി ക്രൈംബ്രാഞ്ച്

രണ്ട് യുവതികള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതായാണ് സൂചന

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് വിവരങ്ങൾ തേടി ക്രൈംബ്രാഞ്ച്
dot image

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണ കേസിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അന്വേഷണം ബെംഗളൂരുവിലേക്കും നീളുന്നതായാണ് വിവരം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവതി ഗര്‍ഭഛിദ്രം നടത്തിയത് ബെംഗളൂരുവിലെ ആശുപത്രിയില്‍വെച്ചാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടിയതായാണ് വിവരം.

രണ്ട് യുവതികള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതായാണ് സൂചന. ആദ്യം ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ഗര്‍ഭഛിദ്രം നടത്തുന്നതിന് സഹായിച്ചതായും ഉദ്യോഗസ്ഥന് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചും ക്രൈംബ്രാഞ്ച് വിശദ അന്വേഷണം നടത്തിവരികയാണ്. ഗര്‍ഭഛിദ്രം നടത്തിയെന്ന് ആരോപണം ഉന്നയിച്ച യുവതിയുടെ അടക്കം മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്. പുറത്തുവന്ന ഫോണ്‍സംഭാഷങ്ങളിലും വിദഗ്ധ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം രാഹുലിനെതിരെ പരാതി നല്‍കിയവരില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ഷിന്റോ സെബാസ്റ്റിയനില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍വെച്ചായിരുന്നു മൊഴിയെടുപ്പ്. സംഭവത്തില്‍ തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നായിരുന്നു മൊഴിയെടുപ്പിന് ശേഷം ഷിന്റോ സെബാസ്റ്റിയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രാഥമിക മൊഴിയെടുപ്പാണ് നടന്നകെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും ഷിന്റോ പറഞ്ഞിരുന്നു.

പൊതുപ്രവര്‍ത്തകന്‍ എ എച്ച് ഹഫീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 27നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തത്. നാല് മാസം വളര്‍ച്ചയെത്തിയ ശിശുവിനെ ഭ്രൂണഹത്യ ചെയ്യാന്‍ ഭീഷണിപ്പെടുത്തി, അനുനയം വിജയിക്കാതെ വന്നപ്പോള്‍ ചവിട്ടിക്കൊല്ലാന്‍ അധിക സമയം വേണ്ടെന്ന് പറഞ്ഞു തുടങ്ങിയ കാര്യങ്ങളായിരുന്നു ഹഫീസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകളെ അവരുടെ താത്പര്യത്തിന് വിരുദ്ധമായി സോഷ്യല്‍മീഡിയ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ സന്ദേശങ്ങള്‍ അയച്ചു, ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ക്രൈംബ്രാഞ്ച് കേസെടുത്തത്.

Content Highlights- Crime branch ask details from bengaluru based hospital over case against rahul mamkootathil

dot image
To advertise here,contact us
dot image