
കെസിഎല്ലിൽ തൃശൂർ ടൈറ്റൻസിനെ തകർത്ത് അദാനി ട്രിവാൻഡ്രം റോയൽസ്. 17 റൺസിനാണ് റോയൽസിന്റെ വിജയം. ട്രിവാൻഡ്രം ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ ഒതുങ്ങി. 21 പന്തിൽ നിന്നും അഞ്ച് സിക്‌സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 41 റൺസ് നേടിയ വിനോട് കുമാർ സിവി തൃശൂരിന് വേണ്ടി പൊരുതിയെങ്കിലും ജയിക്കാൻ സാധിച്ചില്ല. ഓപ്പണിങ് ഇറങ്ങിയ അഹമ്മദ് ഇമ്രാൻ 18 പന്തിൽ നിന്നും അഞ്ച് ഫോറും രണ്ട് സിക്‌സറും അടിച്ച് 38 റൺസ് സ്വന്തമാക്കി. ഷോൺ റോജർ 26 പന്തിൽ നിന്നും ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 37 റൺസ് നേടി. റോയൽസിനായി ആസിഫ് സലാംമൂന്നും അഭിജിത്ത് പ്രവീൺ രണ്ടും വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് വീശിയ ട്രിവാൻഡ്രം ക്യാപ്റ്റൻ കൃഷ്ണപ്രസാദിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് കൂറ്റൻ സ്‌കോറിലെത്തിയത്. ക്യാപ്റ്റൻ കൃഷ്ണപ്രസാദിനൊപ്പം വിഷ്ണുരാജായിരുന്നു ട്രിവാൺഡ്രം റോയൽസിനായി ഇന്നിങ്‌സ് തുറന്നത്. സെമി സാധ്യതകൾ അവസാനിച്ചതിനാൽ ഒന്നും നഷ്ടപ്പടാനില്ലാത്ത ആത്മവിശ്വാസത്തോടെ റോയൽസിന്റെ താരങ്ങൾ ബാറ്റ് വീശി. എന്നാൽ വിഷ്ണുരാജിനും തുടർന്നെത്തിയ അനന്തകൃഷ്ണനും പിടിച്ചു നില്ക്കാനായില്ല. വിഷ്ണുരാജ് 14ഉം അനന്തകൃഷ്ണൻ ഒരു റണ്ണും എടുത്ത് മടങ്ങി.
തുടർന്നെത്തിയ റിയ ബഷീറും എം നിഖിലുമായി ചേർന്ന് കൃഷ്ണപ്രസാദ് ഉയർത്തിയ കൂട്ടുകെട്ടുകളാണ് റോയൽസിന്റെ കൂറ്റൻ സ്‌കോറിന് അടിത്തറയിട്ടത്. രണ്ട് കൂട്ടുകെട്ടുകളിലുമായി പിറന്ന 109 റൺസിന്റെ മുക്കാൽ പങ്കും പിറന്നത് കൃഷ്ണപ്രസാദിന്റെ ബാറ്റിൽ നിന്നായിരുന്നു. നിർഭയം ബാറ്റ് വീശിയ കൃഷ്ണപ്രസാദ് 54 പന്തുകളിൽ നിന്ന് സെഞ്ച്വറി പൂർത്തിയാക്കി. റിയ ബഷീർ 17ഉം നിഖിൽ 12ഉം റൺസ് നേടി മടങ്ങി.
സെഞ്ച്വറി പൂർത്തിയാക്കിയ ശേഷവും കൂറ്റൻ ഷോട്ടുകളിലൂടെ ബാറ്റിങ് തുടർന്ന കൃഷ്ണപ്രസാദ് 119 റൺസുമായി പുറത്താകാതെ നിന്നു. 62 പന്തുകളിൽ ആറ് ഫോറും പത്ത് സിക്‌സും അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ ഇന്നിങ്‌സ്. അബ്ദുൾ ബാസിദ് 13 പന്തുകളിൽ 28 റൺസെടുത്തു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 57 റൺസാണ് കൂട്ടിച്ചേർത്തത്. തൃശൂരിന് വേണ്ടി ആദിത്യ വിനോദ് രണ്ടും ആനന്ദ് ജോസഫ്, സിബിൻ ഗിരീഷ്, അജിനാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlights- Trivandrum Royals win over against thrissur titans