'ധോണി അന്നെന്നെ തുടരെ അധിക്ഷേപിച്ചു'; വെളിപ്പെടുത്തലുമായി മുൻ ചെന്നൈ താരം

'യൂസുഫ് പത്താന്‍റെ വിക്കറ്റെടുത്തിട്ടും അദ്ദേഹം എന്നോട് കയര്‍ത്ത് കൊണ്ടിരുന്നു'

'ധോണി അന്നെന്നെ തുടരെ അധിക്ഷേപിച്ചു'; വെളിപ്പെടുത്തലുമായി മുൻ ചെന്നൈ താരം
dot image

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി ക്യാപ്റ്റൻ കൂൾ എന്ന പേരിലാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. മൈതാനത്ത് സമ്മർദ ഘട്ടങ്ങളിലടക്കം കൂളായി കാണപ്പെടുന്ന ധോണി ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ്.

എന്നാൽ മൈതാനത്ത് ചിലപ്പോഴൊക്കെ എം എസ് ഡിക്ക് ശാന്തത നഷ്ടപ്പെടാറുണ്ട്. അങ്ങനെയൊരു അനുഭവം പങ്കുവചച്ചിരിക്കുകയാണിപ്പോൾ മുൻ ചെന്നൈ താരമായ മോഹിത് ശർമ. 'ചാമ്പ്യൻസ് ലീഗിൽ കൊൽക്കത്തക്കെതിരെ നടന്ന മത്സരത്തിലാണ് സംഭവം. കൊല്‍ക്കത്ത ഇന്നിങ്സിനിടയില്‍ മഹി ഭായ് ഈശ്വർ പാണ്ഡേയെ പന്തെറിയാനായി വിളിച്ചു. ആ സമയത്ത് ഞാൻ കരുതിയത് എന്നെയാണ് അദ്ദേഹം വിളിച്ചത് എന്നാണ്.

പന്ത് കയ്യിലെടുത്ത് ഞാൻ ബോളിങ് എന്റിലേക്ക് നടന്നെത്തി. നിന്നെയല്ല ഈശ്വറിനേയാണ് വിളിച്ചതെന്ന് മഹി ഭായ് വിളിച്ച് പറയുന്നുണ്ടായിരുന്നു. എന്നാല്‍ അമ്പയർ എന്നോട് പന്തെറിയാനാവശ്യപ്പെട്ടു. എനിക്ക് മുന്നിൽ അപ്പോൾ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല. റണ്ണപ്പ് തുടങ്ങിയതും മഹി ഭായ് എന്നോട് ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ച് പറഞ്ഞു. ആ ഓവറിൽ യൂസുഫ് പത്താന്റെ വിക്കറ്റ് ഞാനെടുത്തു. എന്നാൽ ആഘോഷത്തിനിടയിലും അദ്ദേഹം എന്നെ അധിക്ഷേപിച്ച് കൊണ്ടിരുന്നു- മോഹിത് പറഞ്ഞു.

ക്യാപ്റ്റൻ കൂളെന്ന പേരിൽ മനസിൽ പ്രതിഷ്ടിച്ച ധോണി ദേഷ്യപ്പെടുമ്പോൾ യുവതാരങ്ങൾക്ക് അത് അത്ഭുതമായിരിക്കാം എന്ന് മോഹിത് കൂട്ടിച്ചേർത്തു. നാല് വര്‍ഷക്കാലം മോഹിത് ചെന്നൈ ജഴ്സിയിലുണ്ടായിരുന്നു.

dot image
To advertise here,contact us
dot image