ഇന്ത്യയ്ക്ക് വമ്പൻ ഓഫറുമായി റഷ്യ; ക്രൂഡ് ഓയിൽ വില കുറച്ചു

ഈ മാസം പ്രതിദിനം ഇന്ത്യ മൂന്ന് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങുമെന്നാണ് റിപ്പോർട്ട്

ഇന്ത്യയ്ക്ക് വമ്പൻ ഓഫറുമായി റഷ്യ; ക്രൂഡ് ഓയിൽ വില കുറച്ചു
dot image

മോസ്കോ: ഷാങ്ഹായ് ഉച്ചകോടിക്ക് പിന്നാലെ ഇന്ത്യയ്ക്ക് വമ്പൻ ഓഫറുമായി റഷ്യ. ക്രൂഡ് ഓയിൽ വില കുറച്ചു. ബാരലിന് നാല് ഡോളർ വരെയാവും കുറയുക. ഈ മാസം പ്രതിദിനം ഇന്ത്യ മൂന്ന് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞയാഴ്ച റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി അമേരിക്ക ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ നടപടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണ വിറ്റ് നേടുന്ന പണമാണ് റഷ്യ യുക്രെയ്ൻ യുദ്ധത്തിന് ഉപയോഗിക്കുന്നതെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണം.

ചൈനയിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയിൽ റഷ്യയുമായി ഇന്ത്യക്ക് പ്രത്യേക ബന്ധമുണ്ടെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, തീരുവ വിഷയത്തിൽ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്ന് വ്യക്തമാക്കി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജനാധിപത്യ രാജ്യമെന്ന നിലയിൽ റഷ്യയെക്കാളും ചൈനയെക്കാളും ഇന്ത്യയ്ക്ക് അടുപ്പം യുഎസിനോടെന്നും സ്‌കോട്ട് ബെസന്റ് പറഞ്ഞു. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സ്‌കോട്ട് ബസന്റിന്റെ പ്രതികരണം. ഇന്ത്യയും അമേരിക്കയും തമ്മിൽ ഇപ്പോൾ നടക്കുന്ന യുദ്ധം ന്യൂഡൽഹിക്കും വാഷിംഗ്ടണിനും തീർക്കാനുള്ളതേ ഉള്ളൂ എന്നും സ്‌കോട്ട് ബെസന്റ് പ്രതികരിച്ചു.

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെയും ബെസന്റ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ചുള്ള ആശങ്കയും ബെസന്റ് അറിയിച്ചു. ഷാങ്ഹായി ഉച്ചകോടിയില്‍ നടന്ന കൂടിക്കാഴ്ച്ചയെ പ്രകടനാത്മകം എന്നാണ് ബെസന്റ് വിശേഷിപ്പിച്ചത്. ലോകത്തിലെ മഹത്തരമായ രണ്ടു രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ അടിത്തറ ഉണ്ടാക്കണമെന്നും ബെസന്റ് വ്യക്തമാക്കി.

Content Highlights: Russia Offers India Steep Crude Oil Discount

dot image
To advertise here,contact us
dot image