
യുക്രൈൻ സംഘർഷം മോദിയുടെ യുദ്ധമെന്നും 'സമാധാനത്തിലേക്കുള്ള പാത ഇന്ത്യയിലൂടെയാണ് കടന്നുപോകുന്നതെന്നും ഒക്കെയുള്ള വിവാദ പരാമർശങ്ങൾ കാരണം ഇന്ത്യയുടെ കടുത്ത വിമർശകൻ എന്ന് വിളിക്കപ്പെടുന്ന വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ പുതിയ പ്രസ്താവന വീണ്ടും ചർച്ചയാവുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യക്കെതിരെയുള്ള 50 ശതമാനം തീരുവകളെ ന്യായീകരിച്ചുകൊണ്ട് പീറ്റർ നവാരോ വീണ്ടും ഇന്ത്യക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ബ്രാഹ്‌മണർ ഇന്ത്യൻ ജനതയുടെ ചെലവിൽ ലാഭം കൊയ്യുകയാണെന്നും ന്യൂഡൽഹി ക്രെംലിനിവേണ്ടിയുള്ള ഒരു അലക്കുശാല മാത്രമാണെന്നും നവാരോ ആഞ്ഞടിച്ചു.
"പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മികച്ച നേതാവാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കെ ഇന്ത്യൻ നേതാവ് എങ്ങനെയാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും സഹകരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇന്ത്യൻ ജനതയിൽ നിന്ന് ബ്രാഹ്‌മണ സമൂഹം വലിയ ലാഭമുണ്ടാക്കുകയാണ്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യൻ ജനത ദയവായി മനസ്സിലാക്കണം." ഫോക്‌സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ നവോറ പറഞ്ഞത് ഇങ്ങനെയാണ്. ട്രംപിന്റെ തീരുവയെ സ്വാഗതം ചെയ്ത നവാരോ അതിനെതിരായി വന്ന യുഎസ് കോടതിയുടെ നിലപാടിനെ ഏറ്റവും മോശമായ ഭാഷയിലാണ് പരാമർശിച്ചത്. കോടതിയെ "കറുത്ത കുപ്പായം ധരിച്ച രാഷ്ട്രീയക്കാർ" എന്ന് വിളിച്ച് ആരോപിച്ചു. വിമർശങ്ങൾ കടുത്തതോടെ ആരാണ് പീറ്റർ നവാരോ എന്നായി ആളുകളുടെ അന്വേഷണം.
76 കാരനായ പീറ്റർ നവാരോ കടുത്ത ട്രംപ് അനുയായിയായ നവാരോ 2016 ലെ റിപ്പബ്ലിക്കൻസിന്റെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം മുതൽ ട്രംപിനൊപ്പമുള്ള ആളാണ്. 1949 ൽ ജനിച്ച പീറ്റർ കെന്റ് നവാരോ ഒരു യുഎസ് സാമ്പത്തിക വിദഗ്ദ്ധനാണ്, 2025 ജനുവരി മുതൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര, നിർമ്മാണ മേഖലകളിലെ സീനിയർ കൗൺസിലറാണ്. 2017 ൽ ട്രംപ് അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്യുമ്പോൾ മുതൽ ചൈനക്കെതിരെയുള്ള കടുത്ത നയങ്ങൾ നവാരോ നിലക്കൊണ്ടിരുന്നു, ചൈനയ്‌ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര യുദ്ധത്തിന് പിന്നിലെ പ്രധാന വ്യക്തിയുമാണ് നവാരോ.
ട്രംപിനോട് കൂറ് പുലർത്തുന്ന നവാരോയുടെ ഇന്ത്യക്കെതിരെയുള്ള പ്രസ്താവനയ്ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യയെ ജാതീയത പറഞ്ഞ് ഭിന്നിപ്പിക്കാനാണ് ഇയാള്‍ ശ്രമിക്കുന്നതെന്നാണ് പലരും ആരോപിക്കുന്നത്. ഇത് ആദ്യമായല്ല നവാരോ ഇന്ത്യയെ ലക്ഷ്യമിട്ട് വിവാദ പ്രസ്താവനകൾ നടത്തുന്നത്. റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചതിനെ അങ്ങേയറ്റം മോശമായ കാര്യമായിട്ടാണ് നവാരോ ചിത്രീകരിച്ചത്. അമേരിക്കയോടുള്ള ഇന്ത്യയുടെ താല്പര്യം കുറഞ്ഞെന്നും, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ "യുദ്ധ യന്ത്രത്തിന്" ഒരു സാമ്പത്തിക ലൈഫ്‌ലൈൻ ആയി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യ വളരെ കുറഞ്ഞ അളവിലാണ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയിരുന്നത്. എന്നാല്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ഇന്ത്യ കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ തുടങ്ങി. അത് വലിയ തുകയ്ക്ക് കയറ്റുമതിയും ചെയ്യുകയാണ്. റഷ്യയുമായി ഇന്ത്യ അടുക്കാന്‍ ശ്രമിക്കുന്നതും വ്യാപാര ബന്ധങ്ങളിലേര്‍പ്പെടുന്നതും യുക്രെനിലെ റഷ്യന്‍ അധിനിവേശത്തിന് ഇന്ധനമാകുകയാണ്. ഇതോടെ യുക്രെയ്‌ന് സ്വയം പ്രതിരോധിക്കാന്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്നും നവാരോ പറഞ്ഞു. ഈ കാര്യങ്ങൾ കൊണ്ടൊക്കെ തന്നെ ഇന്ത്യയെ നവാരോ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന് മനസ്സിലാക്കാം.
Content Highlight : Peter Navarro- fiercest India critic over Russian oil purchases