
സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ അഭാവത്തിലും കേരള ക്രിക്കറ്റ് ലീഗില്‍ വിജയം സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. തൃശൂര്‍ ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് കൊച്ചി പിടിച്ചെടുത്തത്. തൃശൂര്‍ ടൈറ്റന്‍സ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ കൊച്ചി മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റൻസ് നിശ്ചിത 20 ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് എടുത്തത്. 54 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 70 റണ്‍സെടുത്ത ഓപ്പണര്‍ ആനന്ദ് കൃഷ്ണനാണ് ടൈറ്റൻസിന്റെ ടോപ് സ്‌കോറര്‍. അര്‍ജുന്‍ എകെ 14 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും സഹിതം 39 റണ്‍സെടുത്ത് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിക്കുന്നതില്‍ നിർണായകമായി. മറ്റാരും കാര്യമായ സംഭാവന നല്‍കിയില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചിക്ക് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ വിനൂപ് മനോഹരനും വിപുല്‍ ശക്തിയും തകർത്തടിച്ചതോടെ ടീം ആറോവറില്‍ 60 റൺസിലും പത്ത് ഓവറില്‍ 93 റണ്‍സിലും എത്തി. പിന്നാലെ 36 റണ്‍സെടുത്ത വിപുല്‍ പുറത്തായി.
ഇതിനിടെ അര്‍ധസെഞ്ച്വറി തികച്ച വിനൂപ് മനോഹരനെയും മുഹമ്മദ് ഷാനുവിനെയും (8) പുറത്താക്കി തൃശ്ശൂര്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. വിനൂപ് 42 പന്തില്‍ നിന്ന് 65 റണ്‍സെടുത്താണ് പുറത്തായത്. പിന്നാലെയിറങ്ങിയ ജോബിൻ ജോബിയും കൂടാരം കയറിയതോടെ കൊച്ചി നാല് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെന്ന നിലയിലായി. എന്നാൽ അഞ്ചാം വിക്കറ്റിൽ സാലി സാംസണും (25) ആൽഫി ഫ്രാൻസിസും (14) ചേർന്ന് ടീമിനെ ജയത്തിലേക്ക് നയിച്ചു.
Content Highlights: Kochi Blue Tigers won by 6 wickets against Thrissur Titans in Kerala Cricket League