
ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ടീമിലിടം പിടിക്കുമോയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ടി20യില്‍ നിലവിലെ നമ്പര്‍ വണ്‍ ബാറ്ററുമായ അഭിഷേക് ശര്‍മയുമായിരിക്കും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനിറങ്ങാനുള്ള സാധ്യത കൂടുതൽ.
ഫിറ്റ്‌നസ് കടമ്പകൾ പാസായ ടി20 ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് തന്നെയാവും ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുകയെന്നുറപ്പായിട്ടുണ്ട്. അടുത്ത മാസം ഒൻപത് മുതല്‍ യുഎഇയിലാണ് ടി20 ഫോര്‍മാറ്റിലുള്ള ചാംപ്യന്‍ഷിപ്പ് നടക്കാനിരിക്കുന്നത്. ചിരവൈരികളായ പാകിസ്താന്‍, ആതിഥേയരായ യുഎഇ, ഒമാന്‍ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം.
ടീമില്‍ സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കാമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ സ്ക്വാഡിലുണ്ടായേക്കാമെന്ന വാർത്തകൾ ഇതിനോടകം തന്നെ ക്രിക്കറ്റ് സർക്കിളുകളിൽ ഹോട്ട് ടോപ്പിക്കായിട്ടുണ്ട്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ടർമാരെ താരം നേരിട്ടുവിളിച്ചെന്നും ഏഷ്യാ കപ്പിൽ കളിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
നിലവിൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായ ശുഭ്മൻ ഗില്‍ ഉറപ്പായും ടീമില്‍ കാണുമെന്നുമായിരുന്നു ആദ്യം വന്ന സൂചനകള്‍. എന്നാൽ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണിങ് ജോടികളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ഏഷ്യാ കപ്പ് സ്‌ക്വാഡിലുണ്ടാവില്ല. ഭാവി സൂപ്പര്‍ താരങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ടു പേരും ഇപ്പോള്‍ ടി20 പ്ലാനുകളുടെ ഭാഗമല്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. ഇടംകൈയന്‍ അഗ്രസീവ് ബാറ്ററായ ജയ്‌സ്വാള്‍ തഴയപ്പെടുമെന്നും ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താരത്തോടു ആവശ്യപ്പെട്ടതായും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Content Highlights: India Asia Cup 2025 Squad Announcement will be held tomorrow