
പട്ടിണികിടന്നും ജിമ്മില്‍ അധ്വാനിച്ചും കുറച്ച ശരീരഭാരം അതിനേക്കാള്‍ വേഗത്തില്‍ തിരിച്ചുവരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. നിരാശരാകും എന്നുമാത്രമല്ല പലരുടെയും ആത്മവിശ്വാസവും അതോടെ തകരും. വീണ്ടും ബാരം കുറയ്ക്കാന്‍ മടിക്കുകയും ചെയ്യും. എന്താണ് പോയതിലും വേഗത്തില്‍ ഭാരം തിരിച്ചുവരാന്‍ കാരണം എന്നറിയാമോ? തടി കുറയ്ക്കാനുള്ള വ്യഗ്രതയില്‍ പലരും അശാസ്ത്രീയ മാര്‍ഗങ്ങളാണ് സ്വീകരിക്കാറുള്ളത്. ക്രാഷ് ഡയറ്റ്, പട്ടിണി കിടക്കല്‍, ലക്‌സറ്റീവുകളുടെ അമിതോപയോഗം തുടങ്ങിയവ വളരെ വേഗത്തില്‍ ചിലപ്പോള്‍ ഭാരം കുറയാന്‍ നിങ്ങളെ സഹായിച്ചേക്കും. എന്നാല്‍ അത് സ്ഥിരതയുള്ള ഒന്നായിരിക്കില്ലെന്ന് മാത്രമല്ല ആരോഗ്യപ്രദവുമല്ല.
ക്രാഷ് ഡയറ്റ്
നിങ്ങളുടെ പ്രായം, ഭാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ലക്ഷ്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഒരു ദിവസം നിങ്ങള്‍ക്ക് എത്ര കാലറി വേണമെന്ന് നിശ്ചയിക്കുക. ഒരു മുതിര്‍ന്ന വ്യക്തി ദിവസവും 800-1000 കാലറിയില്‍ കുറവാണ് ഒരു ദിവസം എടുക്കുന്നതെങ്കില്‍ നിങ്ങളുടെ ഭാരം വളരെ വേഗത്തില്‍ തന്നെ കുറയും. പക്ഷെ ആ കുറയുന്നത് നിങ്ങളുടെ മസിലുകളുടെ ഭാരവും വെള്ളവും ആയിരിക്കും. കൊഴുപ്പ് ആയിരിക്കില്ല. ശരീരത്തിന് അത്യാവശ്യമായ വിറ്റമിനുകള്‍, പ്രൊട്ടീന്‍, ഫൈബര്‍, ശരീരത്തിന് ആവശ്യമായ ഹെല്‍ത്തി ഫാറ്റ് എന്നിവ ക്രാഷ് ഡയറ്റ് ആരംഭിക്കുന്നതോടെ ലഭിക്കാതാകും.
ഭക്ഷണം ഒഴിവാക്കുക
ശരീരത്തിന്റെ ഉപാപചയ തോത് ഇത് പതുക്കെയാക്കും. ഗ്ലൂക്കോസ് ലെവലില്‍ ഏറ്റക്കുറച്ചിലിനും കാരണമാകും. അത് വല്ലാതെ കൊതി തോന്നുക, മാനസിക നിലയില്‍ വളരെ പെട്ടെന്ന് വ്യതിയാനങ്ങള്‍ സംഭവിക്കുക, വല്ലാതെ വിശപ്പ് തോന്നുകയും അമിതമായി ആഹാരം കഴിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്‌തേക്കാം. ഭാരം കുറയുന്നതിന് പകരം ഭാരം കൂട്ടുന്ന നടപടിയായി ഇത് മാറിയേക്കാം.
അമിത വ്യായാമം
എപ്പോള്‍ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ ധാരണയുണ്ടായിരിക്കണം. ഒരുപാട് നേരം വ്യായാമം ചെയ്യുന്നത് മസില്‍ ഇല്ലാതാകുന്നതിനും ക്ഷീണത്തിനും കാരണമാകും. ശരീരത്തിന് ആവശ്യമായ വെള്ളവും പോഷകാംശങ്ങളും നല്‍കാതെയുള്ള വ്യായാമം ഹൃദയസ്തംഭനം പോലുളള മാരകമായ അവസ്ഥകളിലേക്ക് നയിച്ചേക്കാം.
കാര്‍ബ്‌സ് പൂര്‍ണമായി ഒഴിവാക്കണോ
കൊഴുപ്പും കാര്‍ബ്‌സും പൂര്‍ണമായും ഡയറ്റില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള മെലിയാനുള്ള ശ്രമം ഗുരുതരമായ പോഷകക്കുറവിലേക്ക് നയിച്ചേക്കാം. ഇത് ഹോര്‍മോണ്‍ വ്യതിയാനം, തളര്‍ച്ച, ഊര്‍ജക്കുറവ്, മസ്തിഷ്‌ക പ്രവര്‍ത്തനത്തിലെ മന്ദത, ദഹനപ്രശ്‌നങ്ങള്‍, തലവേദന, ഹൃദയാരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം.
ഡയറ്റ് പില്‍
ഡയറ്റ് പില്ലുകള്‍, ലാക്‌സേറ്റീവ് എന്നിവ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് കരള്‍, വൃക്ക, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയകളും ആലോചിച്ചുവേണം ചെയ്യാന്‍. ഇത് പിന്നീട് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും.
ഭാരം തിരിച്ചുവരുന്നതിനുള്ള കാരണം
മേല്‍ വിവരിച്ച രീതിയില്‍ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും സ്ഥിരമായി തുടര്‍ന്നുകൊണ്ടുപോകാനായി സാധിക്കാത്തതാണ്. അതിനാല്‍ തന്നെ ഒരു പ്രത്യേക കാലയളവ് കഴിഞ്ഞാല്‍ പഴയ ഭക്ഷണക്രമത്തിലേക്ക് തിരിച്ചുപോവുകയും ഭാരം വര്‍ധിക്കുകയും ചെയ്യും. ഫാറ്റ് വേഗത്തില്‍ ശരീരം ശേഖരിക്കാനും തുടങ്ങും. പതിയെ പോയ തടി വീണ്ടും വരും.
പിന്നെ എന്തുചെയ്യണം
ഭാരം ക്രമീകരിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം സ്ഥിരതയും സന്തുലിതാവസ്ഥയുമാണ്.ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭ്യമാക്കുന്ന ഡയറ്റിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും വേണം ഭാരം കുറയ്ക്കല്‍ ആരംഭിക്കേണ്ടത്. ഉറക്കം, ഹൈഡ്രേഷന്‍, സ്‌ട്രെസ് മാനേജ്‌മെന്റ് എന്നതിനും പ്രാധാന്യം നല്‍കണം. അമിത ലക്ഷ്യങ്ങള്‍ കാണാതെ ആഴ്ചയില്‍ ഒരു കിലോ കുറയ്ക്കാം തുടങ്ങിയ രീതികള്‍ സ്വീകരിക്കുന്നതായിരിക്കും നന്നായിരിക്കുക. പ്രൊട്ടീന്‍, ഫൈബര്‍, ഹെല്‍ത്തി ഫാറ്റ്‌സ്, ഹോള്‍ കാര്‍ബ്‌സ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ദിവസം ചുരുങ്ങിയത് മൂന്നുലിറ്റര്‍ വെള്ളം കുടിക്കണം. യോഗ, കാര്‍ഡിയോ, നീന്തല്‍ പോലുള്ള കായിക പ്രവൃത്തികളില്‍ ഏര്‍പ്പെടാം. ഉറക്കം പ്രധാനമാണ്.
Content Highlights: The Weight Loss Trap: Why Quick Fixes Often Fail and How to Keep the Weight Off