
ഗോവയിലെ മര്‍ഗോവാ തുറമുഖത്ത് നിന്നും ഈസ്റ്റ് ജര്‍മനിയിലെ റോസ്‌റ്റോക്കിലേക്ക് പുറപ്പെട്ട എം വി കൈരളിയുടെ തിരോധനത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. 'എം വി കൈരളി ദി എന്‍ഡ്യൂറിംഗ് മിസ്റ്ററി' എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. കോൺഫ്ലുവെൻസ് മീഡിയ ആണ് ഈ വമ്പൻ ചിത്രം നിർമിക്കുന്നത്.
ജൂഡ് ആന്റണിക്കൊപ്പം അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് റൈറ്റും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും കോൺഫ്ലുവെൻസ് മീഡിയയുടെ സ്ഥാപകനുമായ ജോസി ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. എം വി കൈരളിയുടെ ക്യാപ്റ്റനായ മാരിയദാസ് ജോസഫിനെക്കുറിച്ച് അദ്ദേഹത്തിന്റെ മകനായ ലെഫ്റ്റനന്റ് കേണല്‍ തോമസ് ജോസഫ് എഴുതിയ പുസ്തകമാണ് ഈ സിനിമയുടെ അടിസ്ഥാനം. ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ മോഡിലാണ് ചിത്രം എന്നാണ് സൂചന. കേരളം, മുംബൈ, മറ്റു അന്തരാഷ്ട്ര തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലൊക്കേഷനുകളിൽ ആണ് സിനിമയുടെ ചിത്രീകരണം.
കേരള ഷിപ്പിംഗ് കോർപ്പറേഷന്റെ ചരക്കുകപ്പലായ എംവി കൈരളി 1979 ജൂൺ 30ന് ഗോവയിൽ നിന്ന് ജർമ്മനിയിലേക്ക് 20,538 ടൺ ഇരുമ്പയിരുമായി പുറപ്പെട്ടതിന് പിന്നാലെയാണ് അപ്രത്യക്ഷമാകുന്നത്. കപ്പലിൽ 23 മലയാളികളുൾപ്പെടെ 51 പേരുണ്ടായിരുന്നു. നോർവെയിൽ നിർമ്മിച്ച സാഗ സോഡ് എന്ന കപ്പലാണ് പിന്നീട് എംവി കൈരളിയെന്ന കേരളത്തിന്റെ സ്വന്തം കപ്പലായത്. ആദ്യ മൂന്നു ദിവസങ്ങളിൽ കപ്പലിൽ നിന്ന് സന്ദേശങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് സന്ദേശങ്ങളൊന്നും ലഭിച്ചില്ല. ഡിജിബൗട്ടിയിലെ കമ്പനിയുടെ ഏജന്റാണ് കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്തിയില്ല എന്ന വിവരം പ്രധാന കാര്യാലയത്തിൽ വിളിച്ചറിയിച്ചത്. തിരമാലകളിൽ പെട്ട് തകർന്നതാണെന്നും കടൽക്കൊള്ളക്കാർ റാഞ്ചിയതാണെന്നുമൊക്കെ വാദങ്ങളുണ്ടെങ്കിലും അതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല. ജൂലായ് 8ന് ജിബൂട്ടിയിലെത്തേണ്ട കപ്പൽ 15നും എത്താതിരുന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്.
കോട്ടയം ഉപ്പൂട്ടിക്കവല സർപ്പക്കളത്തിൽ മരിയദാസ് ജോസഫായിരുന്നു കപ്പലിന്റെ ക്യാപ്‌റ്റൻ. എൻജിനിലെ ബോയിലർ ഫീഡ് പൈപ്പ് പൊട്ടിയെന്നും തകരാർ പരിഹരിച്ചെന്നുമായിരുന്നു കപ്പലിലും നിന്നുള്ള ക്യാപ്റ്റന്റെ അവസാനസന്ദേശം. കൂറ്റൻ തിരമാലകളിൽപ്പെട്ട് കപ്പൽ തകർന്ന് മുങ്ങിയതാകാമെന്നാണ് ഷിപ്പിംഗ് കോർപ്പറേഷൻ നിയോഗിച്ച വിദഗ്ദ്ധസംഘം വിലയിരുത്തിയത്. അന്വേഷണങ്ങളും ചോദ്യങ്ങളുമായി ജീവനക്കാരുടെ ബന്ധുക്കള്‍ ഷിപ്പിങ് കോര്‍പ്പറേഷനെ സമീപിച്ചെങ്കിലും കാര്യമായ മറുപടികളൊന്നും കോര്‍പ്പറേഷനിൽ നിന്ന് ലഭിച്ചില്ല. കപ്പല്‍ അപ്രത്യക്ഷമായി പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചിൽ ആരംഭിച്ചതെന്നതുള്‍പ്പടെയുള്ള ആരോപണങ്ങളുയര്‍ന്നിരുന്നു. സന്ദേശങ്ങള്‍ ലഭിക്കാതിരുന്ന ഉടൻ അന്വേഷണം ആരംഭിച്ചിരുന്നുവെങ്കില്‍ അവശിഷ്ടങ്ങളെങ്കിലും കണ്ടെത്താന്‍ പറ്റുമായിരുന്നുവെന്നും കോര്‍പ്പറേഷന്റെ അനാസ്ഥയാണ് അന്വേഷണം വൈകിച്ചതെന്നും ജീവനക്കാരുടെ ബന്ധുക്കളും മാധ്യമങ്ങളും ആരോപിച്ചു.
എം വി കൈരളിയെക്കുറിച്ച് ഒരു സിനിമയൊരുക്കാനുള്ള പദ്ധതിയുണ്ടെന്ന് നേരത്തെ ജൂഡ് ആന്തണി ജോസഫ് ഹോളിവുഡ് മാഗസിനായ വെറെെറ്റിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍
പറഞ്ഞിരുന്നു. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ വെല്ലുവിളി നിറഞ്ഞ വിഷയമാണ് ഇതെന്നായിരുന്നു അന്ന് ജൂഡ് ആന്തണി പറഞ്ഞത്. ജയറാമിനെയും കാളിദാസ് ജയറാമിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ആശകൾ ആയിരം' ആണ് ഇനി പുറത്തിറങ്ങാനുള്ള ജൂഡ് ആന്തണി ചിത്രം. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾ ഒരുക്കിയ ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 2018 എന്ന ഇൻഡിസ്‌ട്രി ഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്.
ഒപ്പം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി നായികയാകുന്ന തുടക്കം എന്ന സിനിമയും ജൂഡിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: Jude Anthany Joseph to direct film based on mv kairali's disappearence