ഇതിഹാസം ആയതുകൊണ്ടുമാത്രം ചെന്നൈയ്ക്ക് അദ്ദേഹത്തെ നിലനിര്‍ത്താന്‍ കഴിയില്ലല്ലോ: ക്രിസ് ശ്രീകാന്ത്

ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വികാരങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി

dot image

സൂപ്പര്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിടാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ഇതിഹാസതാരമാണ് എന്നതുകൊണ്ട് മാത്രം അദ്ദേഹത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നിലനിര്‍ത്താന്‍ സാധിക്കില്ലെന്നാണ് ശ്രീകാന്ത് അഭിപ്രായപ്പെടുന്നത്. അശ്വിന്‍ ടീം വിടുന്നതിനെ എതിര്‍ക്കാതിരുന്ന ശ്രീകാന്ത് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വികാരങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ചൂണ്ടിക്കാട്ടി.

‘ഐപിഎല്‍ 2025ല്‍ അശ്വിന്റെ പ്രകടനം മികച്ചതായിരുന്നില്ല. ഇതിന് മുമ്പ് 2015ലാണ് അശ്വിന്‍ അവസാനമായി ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചത്. അന്നും അശ്വിനെ വേണ്ട പോലെ സിഎസ്കെ കളിപ്പിച്ചിരുന്നില്ല. ഇക്കഴിഞ്ഞ സീസണില്‍ പോലും അശ്വിന്‍ കളിക്കാത്ത മത്സരങ്ങളുണ്ടായിരുന്നു. ഇത് ഫ്രാഞ്ചൈസി ക്രിക്കറ്റാണെന്ന് എല്ലാവരും മനസിലാക്കണം. എല്ലാവരും അശ്വിന്റെ റെക്കോർഡുകളെ പ്രശംസിക്കുന്നുണ്ട്. എന്നാല്‍ യാഥാർത്ഥ്യം എന്താണെന്നുവെച്ചാൽ കഴിഞ്ഞ വര്‍ഷം അശ്വിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല എന്നതുതന്നെയാണ്’ ശ്രീകാന്ത് പറഞ്ഞു.

‘സിഎസ്കെയ്ക്ക് മികച്ച ബോളേഴ്‌സിനെ ആവശ്യമാണ്. കിരീടം നേടാന്‍ സാധിക്കുന്ന ഒരു ടീമിനെയാണ് അവര്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നത്. 2015ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അശ്വിനോട് വിടപറഞ്ഞപ്പോള്‍ ഇത് ഒരുപോലെ സന്തോഷവും ദുഃഖവും നല്‍കുന്നതാണെന്ന് ആരും തന്നെ പറഞ്ഞിരുന്നില്ല. അദ്ദേഹം ഒരു ഇതിഹാസമാണ് എന്നതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് അശ്വിനെ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കില്ല. ഇത് ഫ്രാഞ്ചൈസി ക്രിക്കറ്റാണ്. എല്ലാ ടീമുകളും അത്തരം കഠിനമായ തീരുമാനങ്ങൾ എടുക്കുന്നു. സച്ചിൻ, ധോണി, കോഹ്‌ലി പോലുള്ള കളിക്കാരെ മാത്രമേ ഇവിടെ ബഹുമാനിക്കൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിൽ നിലവിൽ ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ താരമാണ് അശ്വിൻ. രാജസ്ഥാന്‍ റോയല്‍സ് (ആര്‍ആര്‍) നിലനിര്‍ത്താതിരുന്ന രവിചന്ദ്രന്‍ അശ്വിനെ കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കുക ആയിരുന്നു. 9.75 കോടി മുടക്കിയാണ് വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറെ ചെന്നൈ തട്ടകത്തിലെത്തിച്ചത്.

10 വര്‍ഷത്തിന് ശേഷമാണ് അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് തിരിച്ചെത്തിയത്. 2009ല്‍ സൂപ്പര്‍ കിംഗ്‌സിനൊപ്പം തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച അശ്വിന്‍ 2015 വരെ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു. ചെന്നൈയ്ക്കൊ‌പ്പം തന്നെ തന്റെ കരിയര്‍ അവസാനിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് അശ്വിന്‍ വീണ്ടും ചെന്നൈ ജേഴ്സി അണിഞ്ഞതെന്നാണ് സൂചന. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ ചെന്നൈക്കായി ഇറങ്ങിയ അശ്വിന്‍ ഏഴ് വിക്കറ്റ് മാത്രമെ നേടാനായുള്ളു.

Content Highlights: Kris Srikkanth about R Ashwin leaving Chennai Super Kings

dot image
To advertise here,contact us
dot image