
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ താരലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ജൂലൈ അഞ്ചിന് ലേലം നടക്കാനിരിക്കെയാണ് നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
ഏരീസ് കൊല്ലം സെയിലേഴ്സും ആലപ്പി റിപ്പിൾസും കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സും നാല് താരങ്ങളെ വീതം നിലനിർത്തിയപ്പോൾ ട്രിവാൻഡ്രം റോയൽസ് മൂന്ന് താരങ്ങളെയാണ് നിലനിർത്തിയത്. പരമാവധി നാല് താരങ്ങളെ വീതമാണ് ഓരോ ടീമുകൾക്കും നിലനിർത്താനാവുക. കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശ്ശൂർ ടൈറ്റൻസ് എന്നീ ടീമുകൾ ഒരു താരത്തെയും നിലനിർത്തിയില്ല.
സച്ചിൻ ബേബിയെയും എൻ എം ഷറഫുദ്ദീനെയും അഭിഷേക് ജെ നായരെയും ബിജു നാരായണനെയുമാണ് ഏരീസ് കൊല്ലം സെയിലേഴ്സ് നിലനിർത്തിയത്. സച്ചിന് വേണ്ടി നിലനിർത്താൻ കൂടുതൽ പണം ഏരീസ് കൊല്ലം മുടക്കിയത്. ഏഴര ലക്ഷം രൂപയാണ് നൽകിയത്. രണ്ട് സെഞ്ച്വറിയടക്കം 528 റൺസ് നേടിയ സച്ചിൻ ബേബിയായിരുന്നു ആദ്യ സീസണിലെ ടോപ് സ്കോറർ.
കഴിഞ്ഞ സീസണിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ ഷറഫുദ്ധീന് അഞ്ച് ലക്ഷം രൂപയ്ക്കാണ് നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരമായിരുന്നു ഷറഫുദ്ദീൻ. കഴിഞ്ഞ സീസണിലാകെ 328 റൺസ് നേടിയ അഭിഷേക് ജെ നായർക്കും 17 വിക്കറ്റുകൾ നേടിയ ബിജു നാരായണനും ഒന്നര ലക്ഷം വീതമാണ് ലഭിക്കുക.
മുഹമ്മദ് അസറുദ്ദീൻ, അക്ഷയ് ചന്ദ്രൻ, വിഘ്നേഷ് പുത്തൂർ, അക്ഷയ് ടി കെ എന്നിവരെയാണ് ആലപ്പി റിപ്പിൾസ് നിലനിർത്തിയത്. ടീമിന് വേണ്ടി കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് അസറുദ്ദീൻ. അസറുദ്ദീനെ ഏഴര ലക്ഷം നൽകിയാണ് ടീം നിലനിർത്തിയത്. മുംബൈ ഇന്ത്യൻസിലൂടെ ഐപിഎല്ലിൽ ശ്രദ്ധേയനായ വിഘ്നേഷ് പുത്തൂരിന് 3.75 ലക്ഷവും, ഓൾ റൗണ്ടർമാരായ അക്ഷയ് ചന്ദ്രന് അഞ്ചു ലക്ഷവും, അക്ഷയ് ടികെയ്ക്കും 1.5 ലക്ഷവുമാണ് ലഭിക്കുക.
രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, അഖിൽ സ്കറിയ എന്നിവരെയാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ് നിലനിർത്തിയത്. കഴിഞ്ഞ തവണ ഫൈനൽ വരെ മുന്നേറിയ ടീമാണ് ഗ്ലോബ്സ്റ്റേഴ്സ്. കഴിഞ്ഞ സീസണിലെ റൺവേട്ടയിൽ രണ്ടാം സ്ഥാനക്കാരനായ സൽമാൻ നിസാറിന് അഞ്ച് ലക്ഷവും ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന് ഏഴര ലക്ഷം രൂപയുമാണ് ഗ്ലോബ്സ്റ്റേഴ്സ് ചിലവഴിച്ചത്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ അഖിൽ സ്കറിയയ്ക്ക് മൂന്നേമുക്കാൽ ലക്ഷം രൂപയും ലഭിക്കും അൻഫലിന് ഒന്നര ലക്ഷത്തിനും നിലനിർത്തി.
ഗോവിന്ദ് ദേവ് പൈ, എസ് സുബിൻ, വിനിൽ ടി എസ് എന്നിവരെയാണ് ട്രിവാൺഡ്രം റോയൽസ് റീട്ടെയിൻ ചെയ്തത്. മൂവർക്കും ഒന്നര ലക്ഷം രൂപ വീതമാണ് ലഭിക്കുക.
ആകെ അൻപത് ലക്ഷം രൂപയാണ് ഓരോ ടീമിനും ലേലത്തിൽ ചെലവഴിക്കാനാവുക. ജൂലയ് 5 ന് നടക്കുന്ന താര ലേലത്തിൽ മൂന്ന് വിഭാഗങ്ങളിലായി 170 താരങ്ങളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറുവരെയാണ് രണ്ടാം സീസൺ. ഫാന്‍കോട്, സ്റ്റാര്‍ സ്പോര്‍ട്സ് 3 എന്നീ പ്ലാറ്റ്ഫോമുകളിലൂടെ മത്സരങ്ങള്‍ തത്സമയം പ്രേക്ഷകര്‍ക്ക് കാണാന്‍ അവസരമുണ്ട്.
Content Highlights: Kerala Cricket League; Sachin Baby retained by Kollam, Vignesh Puthur retained by Alleppey