
ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ബാറ്റിങ് വെടിക്കെട്ടിന് പിന്നാലെ പന്ത് കൊണ്ടും തിളങ്ങി ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി. ഒരു ഓവർ എറിഞ്ഞ താരം 14 റൺസ് വിട്ടുകൊടുത്തിരുന്നു. വിക്കറ്റ് വീഴ്ത്താൻ സാധിച്ചില്ലെങ്കിലും ബൗളിങ്ങിലും തന്റെ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് 14കാരനായ ഇന്ത്യൻ യുവതാരം. ലെഫ്റ്റ് ഹാൻഡ് ഓഫ് സ്പിന്നറാണ് വൈഭവ്.
അതിനിടെ ഇന്ത്യയ്ക്കെതിരായ രണ്ടാം അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വിജയം. അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ ഒരു വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറിൽ 290 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 49.3 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് യുവനിര ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 68 പന്തിൽ ആറ് ഫോറുകളടക്കം 49 റൺസ് നേടിയ വിഹാൻ മൽഹോത്രമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രാഹുൽ കുമാർ 47 പന്തിൽ 47 റൺസ് നേടി. 45 റൺസ് വീതമെടുത്ത വൈഭവ് സൂര്യവംശിയും കാനിഷ്‌ക് ചൗഹാനുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയ മറ്റ് താരങ്ങൾ. 18 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സറും സഹിതമാണ് വൈഭവിന്റെ ഇന്നിങ്സ്.
ഒരു ഘട്ടത്തിൽ 171ൽ അഞ്ച് എന്ന നിലയിലുണ്ടായിരുന്ന ഇന്ത്യയെ 250 കടത്തിയത് രാഹുൽ കുമാറിന്റെയും കാനിഷ്‌ക് ചൗഹാന്റെയും കൂട്ടുക്കെട്ടാണ്. ഇംഗ്ലണ്ടിനായി അലക്സ് ഫ്രെഞ്ച് നാല് വിക്കറ്റ് സ്വന്തമാക്കി. ജാക്ക് ഹോം, അലക്‌സ് ഗ്രീൻ എന്നിവർ മൂന്ന് വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ 131 റൺസെടുത്ത ക്യാപ്റ്റൻ തോമസ് റെവയാണ് ഇംഗ്ലണ്ടിനായി പോരാട്ടം മുന്നിൽ നിന്ന് നയിച്ചത്. 89 പന്തിൽ 16 ഫോറുകളും ആറ് സിക്സറും സഹിതമാണ് താരത്തിന്റെ ഇന്നിങ്സ്. റോക്കി ഫ്ലിന്റോഫ് 39 റൺസ് നേടി. ഇരുവരും ചേർന്ന നാലാം വിക്കറ്റിൽ 123 റൺസ് പിറന്നിരുന്നു. മറ്റ് താരങ്ങളുടെ സംഭാവനകൾ വലിയ ഇന്നിങ്സുകളിലേക്ക് ഉയരാൻ കഴിയാതിരുന്നതോടെ ഇംഗ്ലണ്ടിന് വിജയത്തിനായി അവസാന ഓവർ വരെ പോരാടേണ്ടി വന്നു. ഇന്ത്യയ്ക്കായി ആർ എസ് അംബരീഷ് നാല് വിക്കറ്റുകൾ വീഴ്ത്തി. പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചു.
Content Highlights: Vaibhav Suryavanshi Bowling for India Under 19