കരിയര്‍ ബെസ്റ്റ്! ഐസിസി ടി20 റാങ്കിങ്ങില്‍ ആദ്യ മൂന്നിലെത്തി സ്മൃതി മന്ദാന

നോട്ടിങ്ഹാമില്‍ നടന്ന ആദ്യ ടി20യില്‍ ഇംഗ്ലണ്ടിനെതിരായ മിന്നുന്ന സെഞ്ച്വറിയാണ് താരത്തിന് റാങ്കിങ്ങില്‍ തുണയായത്

dot image

ഐസിസി ടി20 ബാറ്റിങ് റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന. ഏറ്റവും പുതിയ ടി20 റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്കാണ് മന്ദാന ഉയര്‍ന്നത്. നാലാം സ്ഥാനത്തായിരുന്ന സ്മൃതി ഒരു സ്ഥാനം മെച്ചപ്പെടുത്തി. താരത്തിന്‍റെ കരിയർ ബെസ്റ്റ് റാങ്കിങ്ങാണിത്. നോട്ടിങ്ഹാമില്‍ നടന്ന ആദ്യ ടി20യില്‍ ഇംഗ്ലണ്ടിനെതിരായ മിന്നുന്ന സെഞ്ച്വറിയാണ് താരത്തിന് റാങ്കിങ്ങില്‍ തുണയായത്.

മന്ദാനയുടെ റേറ്റിങ് പോയിന്റ് 771 ആയി ഉയര്‍ന്നു. രണ്ടാം സ്ഥാനത്തുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ ഹെയ്ലി മാത്യൂസുമായി മൂന്ന് പോയിന്റ് മാത്രമാണ് വ്യത്യാസം. 794 പോയിന്റുമായി ഓസ്ട്രേലിയയുടെ ബെത്ത് മൂണിയാണ് ഒന്നാം സ്ഥാനത്ത്.

ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ മന്ദാന മൂന്ന് സിക്സറും 15 ഫോറുകളും അടക്കം താരം 62 പന്തില്‍ 112 റണ്‍സ് നേടി. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും മന്ദാന സ്വന്തമാക്കി.

ക്യാപ്റ്റന്‍ മന്ദാനയുടെ സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ 87 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് ഇന്ത്യ നേടിയത്. ഇംഗ്ലീഷ് വനിതകളുടെ മറുപടി 14.5 ഓവറില്‍ 113 റണ്‍സില്‍ അവസാനിച്ചതോടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരെ 97 റണ്‍സ് വിജയത്തിൽ പന്തുകൊണ്ട് നിർണായക പ്രകടനം പുറത്തെടുത്ത ഇന്ത്യൻ താരം ശ്രീ ചരണി ടി20 അന്താരാഷ്ട്ര റാങ്കിങിലും അരങ്ങേറ്റം കുറിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ അരങ്ങേറ്റക്കാരി 450-ാം സ്ഥാനത്താണ്. ഇംഗ്ലണ്ട് പേസര്‍ ലോറന്‍ ബെല്‍ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് കരിയറിലെ ഏറ്റവും ഉയര്‍ന്ന നാലാം സ്ഥാനത്തെത്തി.

Content Highlights: ICC Player Rankings: Smriti Mandhana moves to third spot in T20Is

dot image
To advertise here,contact us
dot image