
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ വനിതാ ടീം ക്യാപ്റ്റൻ അലീസ ഹീലി. എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ജസപ്രീത് ബുംറയുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ജോലിഭാരം കാരണം പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ മാത്രമെ കളിക്കൂവെന്ന് ബുംറയും ഇന്ത്യൻ ടീം മാനേജ്മെന്‍റും നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ബുംറ നാളെ കളിക്കാനിറങ്ങുമോ എന്നാണ് ഇന്ത്യയെപ്പോലെ ഇംഗ്ലണ്ടും ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ ജോലിഭാരം വര്‍ധിച്ചാല്‍ ഇന്ത്യക്ക് എന്നെന്നേക്കുമായി ബുംറയെ നഷ്ടമായേക്കുമെന്ന് പറയുകയാണ് ഓസീസ് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അലീസ ഹീലി. 2024-ല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഓവറുകള്‍ എറിഞ്ഞ താരമാണ് ബുംറയെന്നും ടീം അദ്ദേഹത്തിന്റെ ജോലിഭാരം പരിഗണിക്കണമെന്നും ഹീലി ചൂണ്ടിക്കാട്ടി.
Alyssa Healy speaks from the heart on why Jasprit Bumrah’s fitness must come first. 🙌🏼#ENGvIND #TestCricket #JaspritBumrah #Sportskeeda pic.twitter.com/bO9usuduxv
— Sportskeeda (@Sportskeeda) July 1, 2025
2024ന് ശേഷം ടെസ്റ്റില്‍ ബുംറ 410.4 ഓവര്‍ പന്തെറിഞ്ഞപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മിച്ചല്‍ സ്റ്റാര്‍ക്ക് 359.1 ഓവര്‍ മാത്രമാണ് പന്തെറിഞ്ഞത്. മൂന്നാം സ്ഥാനത്തുള്ള മുഹമ്മദ് സിറാജാകട്ടെ 355.3 ഓവറും നാലാം സ്ഥാനത്തുള്ള ഇംഗ്ലീഷ് പേസര്‍ ഗസ് അറ്റ്കിന്‍സൺ 328 ഓവറും പന്തെറിഞ്ഞിട്ടുണ്ട്. കണക്കുകള്‍ ഇങ്ങനെയായിരിക്കെ എങ്ങനെയാണ് ബുംറയുടെ ജോലിഭാരം കുറയുന്നതെന്ന് അലീസ ഹീലി ചോദിച്ചു.
'ഇതിനോടകം തന്നെ ബുംറ ശസ്ത്രക്രിയക്ക് വിധേയനായിക്കഴിഞ്ഞു. ഇപ്പോഴും അദ്ദേഹത്തിന് ബുദ്ധിമുട്ടുകളുണ്ട്. ഒരു മനുഷ്യനെന്ന നിലയിൽ അത് ആശങ്കപ്പെടുത്തുന്നതാണ്. അയാൾക്ക് ഒരു ജീവിതമുണ്ട്, കുടുംബമുണ്ട്. ആ ശസ്ത്രക്രിയയുടെ ഫലം ഇല്ലാതാക്കിയാൽ അയാളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കും. അയാളുടെ ജോലിഭാരം പ്രധാനമാണ്', അലക്സ് ഹീലി ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു.
ജോലി ഭാരം പരിഗണിച്ച് ബുംറയ്ക്ക് രണ്ട് ടെസ്റ്റുകളില്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ താരം ഇന്ത്യന്‍ ബൗളിങ്ങിന്റെ നട്ടെല്ലാണ്. എന്നാല്‍ ഇനി മൂന്നാം മത്സരത്തില്‍ താരത്തെ കളിപ്പിക്കാനാണ് മാനേജ്‌മെന്റിന്റെ നീക്കം.
അതേസമയം ബുംറ രണ്ടാം ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യത്തില്‍ അവസാന നിമിഷം മാത്രമാണ് തീരുമാനമുണ്ടാവുക എന്നാണ് ഇന്ത്യന്‍ ടീം അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷറ്റ് വ്യക്തമാക്കിയത്. ബുംറയ്ക്ക് ടീം വിശ്രമം അനുവദിച്ചാല്‍ അര്‍ഷ്ദീപ് പകരക്കാരന്‍റെ റോളിലെത്തും എന്നാണ് സൂചന. ബര്‍മിങ്ഹാമില്‍ ജഡേജയ്‌ക്കൊപ്പം രണ്ടാം സ്പിന്നറെ കൊണ്ടുവരാനും ടീം ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഷാര്‍ദൂലിന് പകരം വാഷിങ്ടണ്‍ സുന്ദറിനോ കുല്‍ദീപ് യാദവിനോ നറുക്ക് വീഴും.
Content Highlights: 'You've Lost Him Forever…', Alyssa Healy has warned India about overworking Jasprit Bumrah