അയാൾ വലിയ വേദികളിലെ താരം; മാർക്രത്തെ പ്രശംസിച്ച് ആഷ്‍വെൽ പ്രിൻസ്

'ബാറ്റിങ് സാങ്കേതികത്വത്തിൽ മാർക്രം പരിശീലനം നടത്തിയിരുന്നു'

dot image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ക്രിക്കറ്റ് ഫൈനലിൽ സെഞ്ച്വറി നേട്ടവുമായി മുന്നേറുന്ന ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രത്തെ പ്രശംസിച്ച് ടീമിന്റെ ബാറ്റിങ് പരിശീലകൻ ആഷ്‍വെൽ പ്രിൻസ്. വലിയ വേദികളിലെ താരമാണ് മാർക്രമെന്നതിൽ സംശയമില്ലെന്നാണ് മാർക്രത്തെ കുറിച്ച് ദക്ഷിണാഫ്രിക്കൻ മുൻ താരം കൂടിയായ പ്രിൻസിന്റെ വാക്കുകൾ.

'ബാറ്റിങ് സാങ്കേതികത്വത്തിൽ മാർക്രം പരിശീലനം നടത്തിയിരുന്നു. സമീപകാലത്ത് ശരീരത്തിൽ നിന്നും കൈകൾ അകത്തി ക്രോസ് ഷോട്ടുകൾ കളിക്കുന്ന രീതിയായിരുന്നു മാർക്രത്തിന്റേത്. എന്നാൽ അതൊരു വലിയ പ്രശ്നമായിരുന്നില്ല. കുറച്ച് പരിശീലനം നടത്തിയപ്പോൾ ആ പ്രശ്നം ശരിയായി.' പ്രിൻസ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ വേദിയിൽ പറഞ്ഞു.

ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് നീങ്ങുകയാണ്. മൂന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തിട്ടുണ്ട്. ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീട വിജയത്തിലേക്കെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി 69 റൺസ് കൂടി വേണം. 102 റൺസുമായി എയ്ഡാൻ മാർക്രവും 65 റൺസുമായി ടെംബ ബാവുമയുമാണ് ക്രീസിൽ.

നേരത്തെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് 207 റൺസിൽ അവസാനിച്ചിരുന്നു. പുറത്താകാതെ 58 റൺസെടുത്ത മിച്ചൽ സ്റ്റാർകിന്റെ പ്രകടനമാണ് ഓസീസ് സ്കോർ 200 കടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ക​ഗീസോ റബാദ നാലും ലുൻ​ഗി എൻ​ഗിഡി മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 212 റൺസിന് പുറത്തായി. 72 റൺസെടുത്ത ബ്യൂ വെബ്സറ്ററിന്റെയും 66 റൺസെടുത്ത സ്റ്റീവ് സ്മിത്തിന്റെയും മികവിലാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലെത്തിയത്. അഞ്ച് വിക്കറ്റെടുത്ത ക​ഗീസ റബാദ ദക്ഷിണാഫ്രിക്കൻ ബൗളിങ്ങ് നിരയിൽ തിളങ്ങി.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിങ്സിൽ 138 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 45 റൺസെടുത്ത ഡേവിഡ് ബെഡിങ്ഹാമാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ടെംബ ബാവുമ 36 റൺസും സംഭാവന ചെയ്തു. ആറ് വിക്കറ്റെടുത്ത പാറ്റ് കമ്മിൻസാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഒന്നാം ഇന്നിങ്സിൽ 174 റൺസിന്റെ ലീഡ് നേടാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചു.

Content Highlights: Proteas batting coach Ashwell Prince hails Aiden Markram

dot image
To advertise here,contact us
dot image