വൻകരമേളയിൽ വലിയ നേട്ടങ്ങൾ; ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യൻ മത്സരങ്ങൾ അവസാനിച്ചു

ഇന്ത്യൻ മെഡൽ നേട്ടം 107ലേക്ക് എത്തി
വൻകരമേളയിൽ വലിയ നേട്ടങ്ങൾ; ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യൻ മത്സരങ്ങൾ അവസാനിച്ചു

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് പുരുഷ വനിതാ ചെസ്സിൽ ഇന്ത്യയ്ക്ക് വെള്ളി നേട്ടം. വന്തിക അഗർവാൾ, സവിത ശ്രീ ബാസ്കർ, ഹരിക ദ്രോണവല്ലി, കോനേരു ഹംപി, വൈശാലി രമേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് വനിതാ ചെസ്സിൽ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം സമ്മാനിച്ചത്. പുരുഷന്മാരുടെ ചെസ്സിൽ അർജുൻ എറിഗൈസി, വിദിത് സന്തോഷ്, പി ഹരികൃഷ്ണ, ആർ. പ്രഗ്നാനന്ദ, ഡി. ഗുകേഷ് സഖ്യമാണ് ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയത്. ഇതോടെ ഇന്ത്യൻ മെഡൽ നേട്ടം 107ലേക്ക് എത്തി.

സർവ്വകാല റെക്കോർഡ് മെഡൽ നേട്ടത്തോടെ ഏഷ്യൻ ​ഗെയിംസിലെ ഇന്ത്യൻ പടയോട്ടത്തിന് അവസാനമായി. ​ഗെയിംസിന്റെ അവസാന ദിനമായ നാളെ ഇന്ത്യയ്ക്ക് മത്സരങ്ങളില്ല. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടി. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 1962ലെ ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. മെഡൽ പട്ടികയിൽ അതിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്.

ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യ ഇന്ന് 12 മെഡലുകൾ നേടി. ഇന്ന് മാത്രം ഇന്ത്യ ആറ് ഇനങ്ങളിൽ സ്വർണം നേടി. പുരുഷ ക്രിക്കറ്റിലും കബഡിയിലും ബാഡ്മിന്റണിലും ഇന്ത്യൻ താരങ്ങൾ ഇന്ന് സ്വർണം സ്വന്തമാക്കി. മെഡൽ പട്ടികയിൽ ചൈന ഒന്നാം സ്ഥാനം ഉറപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com