

പ്രേമം മുതൽ സർവ്വം മായ വരെ പ്രേക്ഷക മനം കവർന്ന ഒട്ടേറെ സൂപ്പർ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച നിവിൻ പോളിയും ബ്ലോക്ക്ബസ്റ്റർ റോം കോം ചിത്രം 'പ്രേമലു' ടീമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ബത്‌ലഹേം കുടുംബ യൂണിറ്റ്'. സർവ്വം മായ എന്ന ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം അടുത്ത ഹിറ്റടിക്കാൻ നിവിൻ ഒരുങ്ങി കഴിഞ്ഞു. ബത്‌ലഹേം കുടുംബ യൂണിറ്റിന്റെ സെറ്റിൽ നടൻ ജോയിൻ ചെയ്തു. സംവിധായകൻ ഗിരീഷ് എ ഡിയുമൊത്തുള്ള ചിത്രങ്ങൾ സൊസിലെ മീഡിയയിലൂടെ നടൻ തന്നെ പങ്കുവെച്ചിട്ടുണ്ട്.
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ ഡി ഒരുക്കുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായികയായെത്തുന്നത്. സംഗീത് പ്രതാപും ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട്. പ്രേമലുവിലൂടെ സൗത്ത് ഇന്ത്യയിൽ സെൻസേഷൻ ആയി മാറിയ മമിത വീണ്ടും പ്രേമലു മേക്കേഴ്‌സിനൊപ്പം ഒന്നിക്കുകയുമാണ് ഈ സിനിമയിലൂടെ. തെന്നിന്ത്യയിലെ ശ്രദ്ധേയ താരങ്ങളായ വിജയ്, ധനുഷ്, സൂര്യ, പ്രദീപ് രംഗനാഥൻ എന്നിവരുടെ നായികയായ ശേഷം മമിത മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ബത്‌ലഹേം കുടുംബ യൂണിറ്റി'നുണ്ട്.
റൊമാന്റിക് കോമഡി ഴോണറിൽ വരുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ബത്‌ലഹേം കുടുംബ യൂണിറ്റ്. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
സർവ്വം മായയിലൂടെ തന്റെ സ്‌ട്രോങ്ങ് സോണിലേക്ക് തിരിച്ചെത്തിയ നിവിൻ റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗിരീഷ് എ ഡിയോടൊപ്പം ഒരുമിക്കുമ്പോൾ 2026-ലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായി മാറിയിരിക്കുകയാണ് ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന് നിസംശയം പറയാം. ഈ വർഷം നിവിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
Content Highlights: Actor Nivin Pauly has joined the cast of director Girish AD’s upcoming film Bethlahem Family Unit. The makers confirmed his inclusion, adding to the film’s ensemble. Further details about the storyline and Nivin Pauly’s role have not yet been disclosed.