

ടെന്നിസിൽ ചരിത്രം കുറിക്കാൻ ഇതിഹാസതാരം വീനസ് വില്യംസ്. 45കാരിയായ വീനസ് വില്യംസ് വീണ്ടും ഓസ്‌ട്രേലിയൻ ഓപ്പണില്‍ കളിക്കും. ടൂർണമെന്‍റിലേക്ക് വൈൽഡ് കാർഡ് എൻട്രി വഴിയാണ് താരമെത്തുന്നത്. ഏഴ് തവണ ഗ്രാൻഡ് സ്ലാം സിംഗിൾസ് ചാമ്പ്യനും മുൻ ലോക ഒന്നാം നമ്പർ താരവുമായ വീനസ് വില്യംസ് ജനുവരി 18 ന് മെൽബണിൽ ആരംഭിക്കുന്ന മത്സരത്തിലാണ് പങ്കെടുക്കുക.
ഇവിടെ കളിക്കാൻ ഇറങ്ങുന്നതോടെ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കുന്ന ഏറ്റവും പ്രായമേറിയ വനിതാ താരമെന്ന റെക്കാർഡും വീനസിന്റെ പേരിൽ എഴുതിച്ചേർക്കപ്പെടും. 2015ൽ തന്റെ 44-ാം വയസിൽ ഇവിടെ കളിക്കാനിറങ്ങിയ ജാപ്പനീസ് താരം കിമിക്കോ ഡേറ്റിന്റെ റെക്കാർഡാണ് വീനസ് മറികടക്കുക. കഴിഞ്ഞ വർഷത്തെ യു.എസ് ഓപ്പണിലും വീനസിന് വൈൽഡ് കാർഡ് ലഭിച്ചിരുന്നെങ്കിലും ആദ്യറൗണ്ടിൽ തന്നെ കരോളിൻ മുച്ചോവയോട് തോറ്റുപുറത്തായിരുന്നു.
1998-ൽ ഓസ്‌ട്രേലിയൻ ഓപ്പൺ അരങ്ങേറ്റം കുറിച്ച വീനസ് രണ്ടുതവണ ഓസ്‌ട്രേലിയൻ ഓപ്പൺ സിംഗിൾസ് ഫൈനലിൽ എത്തിയിട്ടുണ്ട്. 2003-ലും 2017-ലും സഹോദരി സെറീനയ്‌ക്കെതിരെ രണ്ടാം സ്ഥാനം നേടി.സിംഗിൾസ് വിഭാഗത്തിൽ കിരീടം അവരുടെ കൈയെത്തും ദൂരത്തായിരുന്നെങ്കിലും, വനിതാ ഡബിൾസിൽ നാല് തവണ (2001, 2003, 2009, 2010) ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമണിഞ്ഞിട്ടുണ്ട്. വീനസിന്‍റെ 22-ാമത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ മത്സരമായിരിക്കും നടക്കാന്‍ പോകുന്നത്.
1998 ൽ മിക്‌സഡ് ഡബിൾസിലും താരം ടൂർണമെന്‍റ് നേടിയിട്ടുണ്ട്. അഞ്ച് തവണ വിംബിൾഡൺ ചാമ്പ്യനായ വില്യംസ് രണ്ട് യുഎസ് ഓപ്പണുകളും സ്വന്തമാക്കി. 16 മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം യുഎസ് ഓപ്പണിൽ സർക്യൂട്ടിലേക്ക് തിരിച്ചെത്തിയിരുന്നു.
Content highlights: Venus Williams to make history, returns to Australian Open at 45