

അത്‌ലറ്റിക്‌സില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഒളിമ്പ്യന്‍ ജിന്‍സന്‍ ജോണ്‍സന്‍. സോഷ്യൽ മീഡിയയിലൂടെയാണ് ഒന്നര പതിറ്റാണ്ടോളം നീണ്ട കരിയർ അവസാനിപ്പിക്കുന്നതായി താരം അറിയിച്ചത്. മത്സരങ്ങളിൽ നിന്ന് മാറിയാലും അത്‌ലറ്റിക്സ് രംഗത്ത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
1500 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയായ ജിന്‍സന്‍ 2016 റിയോ ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്‍സന്‍ അര്‍ജുന അവാര്‍ഡ് ജേതാവാണ്.
2018ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയ പ്രകടനമാണ് കരിയറിലെ ഏറ്റവും തിളക്കമാർന്ന ഏട്. 800 മീറ്ററിൽ സഹതാരമായ മൻജിത് സിങ്ങിന് പിന്നിൽ രണ്ടാമതായി വെള്ളി മെഡൽ നേടിയ ജിൻസൻ, ഏതാനും ദിവസങ്ങൾക്കുള്ളിൽ 1500 മീറ്ററിൽ സ്വർണം കരസ്ഥമാക്കുകയും ചെയ്തു. 1962ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം 1500 മീറ്ററിൽ ഏഷ്യൻ ഗെയിംസ് സ്വർണം സ്വന്തമാക്കുന്നത്. 2023ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ വെങ്കല മെഡലും നേടിയിരുന്നു.
Content highlights: Olympian middle-distance runner Jinson Johnson has announced his retirement from athletics, bringing an end to a notable career representing India at the highest level.