ആദ്യ ദിനം 5 കോടിയ്ക്ക് മുകളിൽ കളക്ഷൻ, വിറ്റുപോയത് ലക്ഷകണക്കിന് ടിക്കറ്റുകൾ, ജനനായകൻ പ്രീ സെയിൽ കണക്ക് പുറത്ത്

സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചത് കാരണം റിലീസ് നീട്ടിയിരിക്കുകയാണ്, വമ്പൻ ബിസിനസ് സിനിമയുടേതായി നടക്കുന്ന സമയത്താണ് അപ്രതീക്ഷിതമായ ഈ തിരിച്ചടി.

ആദ്യ ദിനം 5 കോടിയ്ക്ക് മുകളിൽ കളക്ഷൻ, വിറ്റുപോയത് ലക്ഷകണക്കിന് ടിക്കറ്റുകൾ, ജനനായകൻ പ്രീ സെയിൽ കണക്ക് പുറത്ത്
dot image

സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രമായ ജനനായകനായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും വിജയ് സിനിമയ്ക്ക് വലിയ ഓളമാണ് ഉണ്ടാകാറുള്ളത്. എന്നാൽ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചത് കാരണം റിലീസ് നീട്ടിയിരിക്കുകയാണ്. പുതിയ തീയതി ഉടൻ അറിയിക്കുമെന്നാണ് നിർമാതാക്കൾ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് പല ഇടങ്ങളിലും തുടങ്ങിയിരുന്നു.

ബോക്സ് ഓഫീസ് അനാലിസിസ് വെബ് സൈറ്റായ സാക്നിൽക് റിപ്പോർട്ട് അനുസരിച്ച് ഇതുവരെ 5 കോടിയ്ക്ക് മുകളിൽ കളക്ഷൻ ടിക്കറ്റ് വില്പനയിലൂടെ ലഭിച്ചു കഴിഞ്ഞു. ലക്ഷകണക്കിന് ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റു പോയിരിക്കുന്നത്. ജനനായകൻ ആദ്യ ദിവസം 5.64 കോടി ഗ്രോസ് ടിക്കറ്റ് വിൽപ്പന (ബ്ലോക്ക് ചെയ്ത സീറ്റുകൾ ഒഴികെ) രജിസ്റ്റർ ചെയ്തിട്ടുണ്ട്. തമിഴിൽ മാത്രം 5.63 കോടി രൂപയുടെ പ്രീ-സെയിൽ നടന്നതായാണ് റിപ്പോർട്ടുകൾ.

ബാക്കി തുക ഹിന്ദി ബെൽറ്റിൽ നിന്നാണ്. രാജ്യത്തുടനീളം 1.91 ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനകം വിറ്റുകഴിഞ്ഞു. എന്നാൽ സിനിമയുടെ റിലീസ് മാറ്റിയ കാരണം ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം തിരികെ പ്രേക്ഷകർക്ക് നൽകാൻ തീരുമാനം ആയിരിക്കുകയാണ്. വമ്പൻ ബിസിനസ് സിനിമയുടേതായി നടക്കുന്ന സമയത്താണ് അപ്രതീക്ഷിതമായ ഈ തിരിച്ചടി. വിതരണക്കാർക്ക് വലിയ രീതിയിലുള്ള നഷ്ടമാണ് ഇതിലൂടെ വന്നിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്തവരുടെ ടിക്കറ്റ് ക്യാൻസൽ ചെയ്തുവെന്ന മെസ്സേജുകൾ വന്നിട്ടുണ്ട്. പണം തിരികെ എത്തുമെന്നും അറിയിച്ചിട്ടുണ്ട്. സിനിമയുടെ വിദേശ വിതരണക്കാരും സിനിമ മാറ്റിവെച്ചതായി അറിയിക്കുന്നുണ്ട്.

ചിത്രം രണ്ടാമതും സെൻസറിങ്ങിന് വിധേയമായതോടെ സർട്ടിഫിക്കറ്റ് ലഭിക്കാൻ ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞില്ല. ജനനായകന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്ന 9ന് രാവിലെ വിധി പ്രസ്താവിക്കാനാണ് സാധ്യത. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) പുതിയ കമ്മിറ്റി ജനനായകൻ പുനഃപരിശോധിക്കുമെന്ന് ബുധനാഴ്ചത്തെ വാദം കേൾക്കുന്നതിനിടെ കോടതി അറിയിച്ചു. ചിത്രം വിദ​ഗ്ധർ കാണണമെന്നാണ് സെൻസർ ബോർഡ് വാദം. ജനനായകന് 27 കട്ടുകൾ വരുത്തിയതായി നിർമാതാക്കൾ പറഞ്ഞു.

ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകൾക്ക് അനുമതി നൽകുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സർട്ടിഫിക്കേഷൻ ആവശ്യമാണ്. ഈ കാലതാമസം 'ജനനായകൻന്റെ റിലീസ് പ്രതിസന്ധിയിലാക്കി. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

Content Highlights:  The pre-sale figures for Vijay’s upcoming film Jananayaka have been revealed, showing that millions of tickets were sold in advance.

dot image
To advertise here,contact us
dot image