Top

'കോണ്‍ഗ്രസ് മുങ്ങുകയല്ല, മുക്കുകയാണ്'; മുക്കിയെ അടങ്ങൂ എന്ന് തീരുമാനിച്ചാല്‍ സ്വന്തം കാര്യം നോക്കേണ്ടിവരുമെന്ന് ഷിബു ബേബി ജോണ്‍

പറയുന്നത് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ, യുഡിഎഫിന് വോട്ട് ചെയ്യുന്നവരുടെ വികാരമാണ്. ഗ്രൂപ്പ് ചില നേതാക്കള്‍ക്ക് മാത്രമാണ്.

31 Aug 2021 2:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് മുങ്ങുകയല്ല, മുക്കുകയാണ്; മുക്കിയെ അടങ്ങൂ എന്ന് തീരുമാനിച്ചാല്‍ സ്വന്തം കാര്യം നോക്കേണ്ടിവരുമെന്ന് ഷിബു ബേബി ജോണ്‍
X

കോണ്‍ഗ്രസിനെ തകര്‍ക്കുന്ന നിലപാടില്‍ നിന്നും നേതാക്കള്‍ പിന്തിരിയണമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ഡിസിസി പുനസംഘടനയില്‍ കോണ്‍ഗ്രസ് ആടിയുലഞ്ഞ് നില്‍ക്കുന്നതിനിടെ ഘടകകക്ഷിയായ ആര്‍എസ്പി യുഡിഎഫിനോട് ഇടയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയൊണ് ഷിബു ബേബി ജോണ്‍ നിലപാട് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റ്് യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനമെടുത്തതിന് പിന്നാലെയാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. കോണ്‍ഗ്രസ് മുങ്ങുകയല്ല, മുക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുനഃസംഘടയ്ക്ക് ശേഷവും കോണ്‍ഗ്രസിന് രക്ഷയില്ലെന്ന് വിധിയെഴുതുന്നില്ല, ഒരു കാര്യം മനസിലാക്കേണ്ടത് കോണ്‍ഗ്രസ് മുങ്ങുകയല്ല, മുക്കുകയാണ്. അതില്‍ നിന്ന് നേതാക്കള്‍ പിന്തിരിയണം. മുക്കും എന്ന് നിലപാട് സ്വീകരിക്കരുത്. അത് സഹയാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും, ഒരു മുങ്ങുന്ന കപ്പലില്‍ അറിയാതെ എങ്കിലും നില്‍ക്കാം. മുക്കുന്നു എന്ന ബോധ്യപ്പെട്ടാല്‍ ആരെങ്കിലും നില്‍ക്കാന്‍ തയ്യാറാവുമോ. എന്നും ഷിബു ബേബി ജോണ്‍ ചോദിക്കുന്നു.

രാജ്യത്ത് കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടതിന്റെ ആശ്യകത തിരിച്ചറിഞ്ഞാണ് അവര്‍ക്കൊപ്പം നില്‍ക്കുന്നത്. അവരുടെ നേതാക്കള്‍ക്ക് ഇതൊന്നും ബോധ്യമാവുന്നില്ല. ഇന്ത്യയുടെ മറ്റിടങ്ങളില്‍ ആ പാര്‍ട്ടി സംവിധാനം എങ്ങനെയാണ് ഇല്ലാതായത് എന്ന് പഠിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയിട്ടും പഠിക്കാന്‍ തയ്യാറാവുന്നില്ല. താന്‍ പറയുന്നത് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ, യുഡിഎഫിന് വോട്ട് ചെയ്യുന്നവരുടെ വികാരമാണ്. ഗ്രൂപ്പ് ചില നേതാക്കള്‍ക്ക് മാത്രമാണ്. മുക്കിയെ അടങ്ങൂ എന്ന് തീരുമാനിച്ചാല്‍ സ്വന്തം സുരക്ഷിതത്വം ആര്‍എസ്പിക്കും നോക്കേണ്ടിവരുമെന്നും ഷിബു ബേബി ജോണ്‍ മാധ്യമങ്ങളോട് വ്യക്തമാക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയും മുന്നണിയില്‍ നേരിടുന്ന അവഗണനയും ആര്‍എസ്പിയെ അതൃപ്തി പരസ്യമാക്കാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു ഇന്നലെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ശക്തി കേന്ദ്രമായ ചവറയിലെ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് തങ്ങള്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി നേരത്തെ യുഡിഎഫിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ 40 ദിവസമായിട്ടും ഒരു നടപടിയും ഉണ്ടാകാത്തതാണ് ആര്‍എസ്പിയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ ആര്‍എസ്പിയുടെ നിലപാടും കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രതിസന്ധിയും കൂട്ടിവായ്‌ക്കേണ്ടിതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Next Story

Popular Stories