ഇന്ത്യയില്‍ തുടരണമെന്ന് വിദേശ താരങ്ങളെ പറഞ്ഞു മനസ്സിലാക്കിയത് പോണ്ടിങ്: പഞ്ചാബ് സിഇഒ

'ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതിനുശേഷം പോണ്ടിങ് വിമാനത്തില്‍ നിന്ന് ഇറങ്ങുകയായിരുന്നു'

dot image

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ വിദേശ താരങ്ങളെ ഇന്ത്യയില്‍ തന്നെ തുടരാന്‍ സഹായിച്ചത് മുഖ്യപരിശീലകന്‍ റിക്കി പോണ്ടിങ്ങാണെന്ന് ടീം സിഇഒ സതീഷ് മേനോന്‍. അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ ഐപിഎല്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ധരംശാലയില്‍ നടക്കുകയായിരുന്ന പഞ്ചാബ് കിംഗ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെയായിരുന്നു ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്.

ടൂര്‍ണമെന്റ് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പോണ്ടിങ്ങിനൊപ്പം എല്ലാ വിദേശ കളിക്കാരും ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാന്‍ വിമാനം കയറുകയും ചെയ്തു. എന്നാല്‍ ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതിനുശേഷം പോണ്ടിങ് വിമാനത്തില്‍ നിന്ന് ഇറങ്ങുകയായിരുന്നു. പോണ്ടിങ് യാത്ര അവസാനിപ്പിക്കുക മാത്രമല്ല മറ്റ് കളിക്കാരെ ഇന്ത്യയില്‍ തന്നെ തുടരണമെന്ന് പറഞ്ഞുമനസ്സിലാക്കുകയും ചെയ്തുവെന്നാണ് പഞ്ചാബ് സിഇഒ സതീഷ് മേനോന്‍ വെളിപ്പെടുത്തിയത്.

'ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ രൂക്ഷമായപ്പോള്‍ ആരോണ്‍ ഹാര്‍ഡി, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് തുടങ്ങിയ പഞ്ചാബ് കിംഗ്‌സിലെ ഓസ്ട്രേലിയന്‍ കളിക്കാര്‍ പരിഭ്രാന്തരായി. എന്നാല്‍ അവരോട് സംസാരിച്ച് അവരെ ശാന്തരാക്കാന്‍ പോണ്ടിംഗിന് കഴിഞ്ഞു. ഇത് പോണ്ടിംഗിന്റെ സ്വഭാവഗുണമാണ് കാണിക്കുന്നത്. അദ്ദേഹത്തിന് മാത്രമേ അതിന് സാധിക്കുമായിരുന്നുള്ളൂ', പഞ്ചാബ് കിംഗ്‌സ് സിഇഒ സതീഷ് മേനോന്‍ പിടിഐയോട് പറഞ്ഞു.

'വിദേശ കളിക്കാര്‍ക്ക് ഇതുപോലുള്ള യുദ്ധസമാനമായ സാഹചര്യങ്ങള്‍ പരിചയമില്ല. അതിനാല്‍ അവര്‍ക്ക് ഭയവും ആശങ്കയും തോന്നുന്നത് സ്വാഭാവികമായിരുന്നു. എത്രയും വേഗം ഇന്ത്യ വിട്ടുപോകാന്‍ മാര്‍കസ് സ്റ്റോയിനിസ് അടക്കമുള്ള എല്ലാ വിദേശതാരങ്ങളും ആഗ്രഹിച്ചു. അവരുടെ സ്ഥിതി നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ വെടിനിര്‍ത്തലിന് ശേഷം ഇന്ത്യയില്‍ തുടരണമെന്ന് പോണ്ടിംഗ് അവരെ ബോധ്യപ്പെടുത്തി. അത് ഞങ്ങള്‍ക്ക് ഏറെ സഹായകരമായി," പിബികെഎസ് ടീം വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.

അതേസമയം അതിര്‍ത്തിയിലെ ഇന്ത്യ-പാക് സംഘര്‍ഷങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ ടൂര്‍ണമെന്റ് വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിസിസിഐ. ഐപിഎല്ലിലെ ബാക്കി മത്സരങ്ങളുടെ പുതിയ ഫിക്സ്ചര്‍ ഉടന്‍ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. മെയ് 16 വെള്ളിയാഴ്ച മുതല്‍ മത്സരങ്ങള്‍ പുനഃരാരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശനിയാഴ്ച വൈകിട്ടോടെ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐപിഎല്‍ ഫൈനല്‍ ഇപ്പോള്‍ ആദ്യം നിശ്ചയിച്ചിരുന്ന മെയ് 25 ന് പകരം മെയ് 30 ന് നടത്താനും സാധ്യതയുണ്ട്. ഈ പുതുക്കിയ സമയക്രമം പാലിക്കുന്നതിന് വേണ്ടി കൂടുതല്‍ ഡബിള്‍ ഹെഡര്‍ മത്സരങ്ങള്‍ നടത്താനും വേദികള്‍ പരിമിതപ്പെടുത്താനും സാധ്യതയുണ്ട്. മത്സരങ്ങള്‍ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ മൂന്ന് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക് മാത്രമായി മത്സരങ്ങള്‍ ചുരുക്കുന്ന കാര്യമാണ് ബിസിസിഐ പരിഗണിക്കുന്നത്.

Content Highlights: Foreign Players Wanted To Leave, But Ricky Ponting Convinced Them To Stay In India: PBKS CEO

dot image
To advertise here,contact us
dot image