
കോഴിക്കോട്: പ്രണയം നടിച്ച് 15 കാരിയെ തട്ടികൊണ്ട് പോയി വിറ്റെന്ന കേസിൽ കസ്റ്റഡിയിൽ നിന്ന് ചാടി പോയ പ്രതിയെ പൊലീസ് പിടികൂടി. അസം സ്വദേശി നസീദുൽ ശൈഖിനെ ആണ് ഭവാനിപുരയിൽ നിന്ന് നല്ലളം പൊലീസ് പിടികൂടിയത്.
2023 ഒക്‌ടോബറിലായിരുന്നു കേസിനാസ്പദാമായ സംഭവം നടക്കുന്നത്. കോഴികോട് കുടംബത്തിനൊപ്പം താമസിച്ചുവന്നിരുന്ന പെൺകുട്ടിയുടെ വീടിന് സമീപമായിരുന്നു പ്രതിയായ നസീദുൽ ശൈഖ് താമസിച്ചിരുന്നത്. പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കിയ പ്രതി പ്രണയം നടിച്ച് പെൺകുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. തുടർന്ന് തട്ടികൊണ്ടുപോയ ശേഷം ഹരിയാന സ്വദേശിക്ക് 25,000 രൂപയ്ക്ക് വിറ്റു.
പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എന്നാൽ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടയ്ക്ക് ഇയാൾ പൊലീസിൻ്റെ കയ്യിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നാലെ സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ വീണ്ടും പിടിയിലായത്. പണം നൽകി പെൺകുട്ടിയെ വിവാഹം കഴിച്ചയാളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
Content Highlights- Police arrest suspect who kidnapped and sold girl on pretense of love for second time