
റിയാദ്: കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ആദ്യ സംഘം മക്കയിൽ എത്തി. ശനിയാഴ്ച പുലർച്ച 4.20ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സംഘത്തിൽ 172 തീർഥാടകരാണുള്ളത്.
ഹജ്ജ് സർവിസ് കമ്പനികൾ ഒരുക്കിയ ബസുകളിലാണ് തീർഥാടകർ രാവിലെ 7.30ഓടെ മക്കയിലെത്തിയത്.ഹജ്ജ് സർവിസ് കമ്പനി ഇവർക്ക് ‘നുസ്ക്’ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. സംഘത്തിൽ 77 പുരുഷന്മാരും 95 സ്ത്രീകളുമാണുള്ളത്. താമസകേന്ദ്രത്തിലെത്തി വൈകാതെ ഇവർ ഉംറ നിർവഹിക്കാൻ മസ്ജിദുൽ ഹറാമിലേക്ക് പുറപ്പെട്ടു.
കേരളത്തിൽനിന്നുള്ള രണ്ടാമത്തെ സംഘം ശനിയാഴ്ച രാത്രി എട്ടിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 3031 വിമാനത്തിലെത്തി. ആദ്യ വിമാനം കോഴിക്കോട്ടുനിന്ന് ശനിയാഴ്ച പുലർച്ച 1.10നാണ് പുറപ്പെട്ടത്. രണ്ടാമത്തെ വിമാനം വൈകീട്ട് 4.30നാണ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. ഇതിൽ 87 പുരുഷന്മാരും 86 സ്ത്രീകളുമുൾപ്പടെ 173 തീർഥാടകരാണ് ഉണ്ടായിരുന്നത്.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെടുന്ന ആദ്യ സംഘത്തെ കരിപ്പൂരിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിൻ്റെ നേതൃത്വത്തിൽ ടി വി ഇബ്രാഹിം എം എൽ എ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ പി മൊയ്തീൻ കുട്ടി, അഷ്കർ കോറാട്, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, ക്യാമ്പ് വളന്റിയർമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
Content Highlight: The first group under the Kerala Hajj Committee reached Makkah