ലിയോ ദാസ് ഇല്ലാതെ ഇനി LCU മുന്നോട്ട് കൊണ്ടുപോകണം, എന്നാൽ വിജയ് ആരാധകർക്ക് ഒരു സർപ്രൈസ് ഉണ്ടാകും: ലോകേഷ്

'റോളക്സ്' ഒരു സ്റ്റാൻഡ്അലോൺ സിനിമയാണ്. അതിനെക്കുറിച്ച് ഞാനും സൂര്യ സാറും കുറേനാളായി സംസാരിക്കുന്നുണ്ട്

dot image

സംവിധായകൻ ലോകേഷ് കനകരാജ് അവതരിപ്പിച്ച സിനിമാറ്റിക് യൂണിവേഴ്‌സ് ആണ് എൽസിയു അഥവാ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്. 2019 ൽ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ഈ യൂണിവേഴ്‌സ് ആരംഭിക്കുന്നത്. വിജയ് നായകനായി പുറത്തിറങ്ങിയ ലിയോ ആണ് ഈ യൂണിവേഴ്സിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ ഈ സിനിമാറ്റിക് യൂണിവേഴ്സിലെ വരും ചിത്രങ്ങളെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ലോകേഷ് കനകരാജ്.

കൈതി 2 ആണ് ഇനി എൽസിയുവിൽ ഉടൻ പുറത്തിറങ്ങാനുള്ള സിനിമയെന്ന് ലോകേഷ് പറഞ്ഞു. വിജയ് സാർ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ ലിയോ ദാസ് ഇല്ലാതെ ഈ യൂണിവേഴ്സിൽ ഇനി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യമാണ് ഉള്ളതെന്നും ലോകേഷ് പറഞ്ഞു. 'കൂലിക്ക് ശേഷം കൈതി 2 ആണ് അടുത്തതായി ചെയ്യാൻ പോകുന്ന സിനിമ. അതിന് ശേഷം കമൽ സാറിനെ വെച്ച് വിക്രം 2 ചെയ്യണം. കാരണം ആ സിനിമയുടെ കഥ അവസാനിച്ചിട്ടില്ല.

റോളക്സ് ഒരു സ്റ്റാൻഡ് അലോൺ സിനിമയാണ്. അതിനെക്കുറിച്ച് ഞാനും സൂര്യ സാറും കുറേനാളായി സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സിനിമകളുടെയും എന്റെ സിനിമകളുടെയും തിരക്കുകൾ പൂർത്തിയായാൽ മാത്രമേ അത് ചെയ്യാൻ കഴിയൂ. ലിയോ ദാസ് ഇല്ലാതെ ഈ യൂണിവേഴ്സിൽ ഇനി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യമാണ്. എന്നാൽ എപ്പോൾ വേണമെങ്കിലും ആ കഥാപാത്രത്തിനെ ഒരു റഫറൻസ് ആയി ഉപയോഗിക്കാവുന്നതാണ്', ലോകേഷ് പറഞ്ഞു.

രജനികാന്ത് ചിത്രമായ കൂലി ആണ് ഇനി പുറത്തിറങ്ങാനുള്ള ലോകേഷ് ചിത്രം. ഇത് എൽസിയുവില ഉൾപ്പെടുന്ന സിനിമയല്ലെന്ന് നേരത്തെ ലോകേഷ് വ്യക്തമാക്കിയിരുന്നു. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് തിയേറ്ററിലെത്തും.

Content Highlights: lokesh kanakaraj talks about future of LCU and Leo

dot image
To advertise here,contact us
dot image