
ചില മടിയന്മാരുണ്ട് അവര്‍ക്ക് കുളിക്കാന്‍ തന്നെ മടിയാണ്.പിന്നല്ലേ തലമുടി കഴുകി വൃത്തിയാക്കുന്നത്. ഇന്നാവട്ടെ നാളെയാവട്ടെ എന്നൊക്കെ അവരങ്ങനെ ശീലങ്ങള്‍ മാറ്റിവച്ചുകൊണ്ടിരിക്കും. എന്നാല്‍ ആഴ്ചയില്‍ എത്രദിവസം മുടി കഴുകണം, എല്ലാ ദിവസവും മുടി കഴുകേണ്ടതുണ്ടോ എന്നിങ്ങനെയുള്ള സംശയങ്ങള്‍ ഇപ്പോഴും ആളുകള്‍ക്കിടയിലുണ്ട്. എന്നാല്‍ കേട്ടോളൂ മുടി കഴുകാനുമുണ്ട് നേരവും കാലവുമൊക്കെ. നിങ്ങളുടെ തലമുടി പരിപാലിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ പരിപാലിക്കുന്നതുപോലെയാണ്. ചര്‍മ്മ സംരക്ഷണ രീതികള്‍ പോലെതന്നെ മുടിയുടെ കാര്യത്തിലും ഈ പരിഗണന ആവശ്യമാണ്.
വൃത്തിയായി സൂക്ഷിക്കുന്നതും ശുചിത്വം പാലിക്കുന്നതും നല്ല കാര്യംതന്നെയാണ് എങ്കിലും ദിവസവും മുടി കഴുകരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് ചുരുണ്ട മുടിയാണെങ്കില്‍. അമിതമായി കഴുകുന്നത് കാലക്രമേണ മുടി പൊട്ടിപ്പോകാനും കേടുപാടുകള്‍ക്കും കാരണമാകും. കൂടാതെ കെമിക്കല്‍ ധാരാളം അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നതും മുടി വരണ്ടുപോകുന്നതിന് കാരണമാകും.
എത്ര തവണ മുടി കഴുകണം എന്നത് മുടിയുടെ തരത്തെയും ഘടനയേയും ആശ്രയിച്ചിരിക്കും. പരുക്കനായുള്ളതും ചുരുണ്ട മുടിയും ഉളളവര്‍ കുറഞ്ഞത് ആഴ്ചയില്‍ ഒരിക്കലെങ്കിലും മുടികഴുകണം.
മുടിയുടെ നീളം ,ഘടന, നിറം എന്നിവ അനുസരിച്ചാണ് എത്രതവണ മുടി കഴുകണം എന്ന് തീരുമാനിക്കുന്നത്.
മുടിയുടെ നീളം
അമിതമായി മുടി കഴുകുന്നത് മുടി പൊട്ടാന്‍ കാരണമാകും. പ്രത്യേകിച്ച് നീളമുള്ളതാണെങ്കില്‍. ധാരാളം പ്രാവശ്യം മുടി കഴുകുമ്പോള്‍ നിങ്ങളുടെ മുടിയിലെ എണ്ണമയം നഷ്ടപ്പെടും. ഈ എണ്ണമയമാണ് നിങ്ങളുടെ മുടിയുടെ ഘടന നിലനിര്‍ത്താന്‍ സഹായിക്കുന്നത്. എണ്ണമയം നഷ്ടപ്പെട്ട് പോകുന്നതുകൊണ്ട് മുടിക്ക് ദുര്‍ഗന്ധം ഉണ്ടാവുകയും ചെയ്യും.
മുടിയുടെ തരം
പൊതുവേ മുടിയുടെ തരം അനുസരിച്ചാണ് മുടി എത്രതവണ ഷാംപൂ ചെയ്യണം കണ്ടീഷന്‍ ചെയ്യണം എന്നതിനെക്കുറിച്ച് അറിയാന്‍ കഴിയൂ. നേര്‍ത്ത മുടിയുളളവര്‍ ഒന്നോ രണ്ടോ ദിവസത്തിലൊരിക്കല്‍ മുടി കഴുകണം. സെമി കോഴ്‌സ് മുടിയുള്ളവരാണെങ്കില്‍ രണ്ടോ നാലോ ദിവസത്തിനുള്ളില്‍ കഴുകാം. കട്ടിയുള്ള മുടിയാണെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ കഴുകാവുന്നതാണ്.
വരണ്ട മുടിയുള്ളവര്‍
ചുരുണ്ടതും പരുക്കനുമായ മുടി സാധാരണ മുടിയേക്കാള്‍ വരണ്ടതായിരിക്കും. കൂടാതെ രാസവസ്തുക്കള്‍ ഉപയോഗിച്ചാല്‍ മുടി കൂടുതല്‍ ദുര്‍ബലമാകും. അതുകൊണ്ടുതന്നെ മുടിയുടെ അറ്റം പൊട്ടിപോകാനോ പിളരാനോ സാധ്യത കൂടുതലാണ്. അതിനാല്‍ വരണ്ട മുടി ഇടയ്ക്കിടെ കഴുകേണ്ടതില്ല.
Content Highlights :How many times a week should you wash your hair, and do you need to wash it every day?