ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കിക്കെന്തുകാര്യം; പാകിസ്താന് പിന്നിലുള്ള ആ 'അദൃശ്യ ശക്തി' തുര്‍ക്കിയോ?

പാകിന് പൂര്‍ണ പിന്തുണയുമായി തുര്‍ക്കി പിന്നിലുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്തുപകരുന്ന തെളിവുകള്‍ പക്ഷെ ഇന്ത്യക്ക് കഴിഞ്ഞ ദിവസം ലഭിച്ചു.

dot image

ഹല്‍ഗാമില്‍ ഭീകരരുടെ ആക്രണത്തില്‍ നിരപരാധികളായ വിനോദസഞ്ചാരികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത ലോകം കേട്ടത് ഞെട്ടലോടെയാണ്. ഭീകരവാദത്തെ അപലപിച്ചും ഇന്ത്യയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നും ലോകരാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണ അറിയിച്ചപ്പോള്‍ തുര്‍ക്കി നിശബ്ദരായിരുന്നു. ഭീകരാക്രമണത്തെ അപലപിക്കാനോ, ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ അനുശോചനമറിയിക്കാനോ തയ്യാറാകാതിരുന്ന തുര്‍ക്കി പാകിസ്താനെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. തൊട്ടുപിന്നാലെ മറ്റൊരു വാര്‍ത്ത പുറത്തുവന്നു. ആയുധങ്ങളുമായി ടര്‍ക്കിഷ് സി-130 ഇ ഹെര്‍ക്കുലീസ് എയര്‍ക്രാഫ്റ്റ് പാകിസ്താനിലെ കറാച്ചിയില്‍ ലാന്‍ഡ് ചെയ്‌തെന്നായിരുന്നു അത്. ഒരു ചരക്കുവിമാനം ഇന്ധനം നിറയ്ക്കുന്നതിനായി പാകിസ്താനില്‍ ഇറങ്ങിയെന്നത് നേരാണെന്ന് വിശദീകരിച്ച് ആ അഭ്യൂഹത്തെ തുര്‍ക്കി തള്ളിക്കളഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിന് തൊട്ടുപിന്നാലെ പാകിസ്താന്‍ ഉയര്‍ത്തിയ ഇരവാദത്തിനൊപ്പം നിലകൊണ്ട ഏകരാജ്യവും തുര്‍ക്കിയായിരുന്നു.

പാകിന് പൂര്‍ണ പിന്തുണയുമായി തുര്‍ക്കി പിന്നിലുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്തുപകരുന്ന തെളിവുകള്‍ പക്ഷെ ഇന്ത്യക്ക് കഴിഞ്ഞ ദിവസം ലഭിച്ചു. മെയ് എട്ടിന് രാത്രി ഇന്ത്യയെ ആക്രമിക്കാന്‍ പാക് തൊടുത്ത ഡ്രോണുകള്‍ തുര്‍ക്കി നിര്‍മിതമായിരുന്നുവെന്ന് തെളിവുകള്‍ നിരത്തി ഇന്ത്യ വ്യക്തമാക്കി. തുര്‍ക്കി നിര്‍മിത സോംഗര്‍ അസിസ്ഗാര്‍ഡ് ഡ്രോണുകളുടെ അവശിഷ്ടങ്ങളാണ് കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. ഇതോടെ ഏപ്രില്‍ 28ന് കറാച്ചിയില്‍ ഇറങ്ങിയ ഹെര്‍ക്കുലീസ് വിമാനത്തിലെ 'ചരക്കുകള്‍' ഈ ഡ്രോണുകളായിരുന്നെന്ന് ഏകദേശം ഉറപ്പായി. മാത്രമല്ല, കഴിഞ്ഞ ഞായറാഴ്ച കറാച്ചി തീരത്ത് തുര്‍ക്കിയുടെ നാവിക യുദ്ധക്കപ്പല്‍ നങ്കൂരമിട്ടിരുന്നു. എന്നത്തേയും പോലെയുള്ള സ്വാഭാവിക സന്ദര്‍ശനമാണെന്നും ഒമാന്‍ തീരത്തും കപ്പല്‍ നങ്കൂരമിട്ടിട്ടുണ്ടെന്നുമുള്ള തുര്‍ക്കിയുടെ വിശദീകരണത്തെ അങ്ങനെ തൊണ്ടതൊടാതെ വിഴുങ്ങാനാകില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഇതോടെ സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയിലല്ലാത്ത പാകിസ്താന് തിരിച്ചടിക്കുള്ള സഹായസഹകരണങ്ങള്‍ നല്‍കുന്ന 'അദൃശ്യ ശക്തി'തുര്‍ക്കി യാണെന്നാണ് ജിയോപൊളിറ്റിക്‌സ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ പാക്-തുര്‍ക്കി സൈനിക ബന്ധത്തിന്റെ സൂചനകള്‍ ലഭിക്കും. നേരത്തേയും പാകിസ്താന് ആയുധങ്ങള്‍ വിറ്റിരുന്ന രാജ്യമാണ് തുര്‍ക്കി. ആദ്യം പ്രധാനമന്ത്രിയും ഇപ്പോള്‍ പ്രസിഡന്റുമായ റിസപ്പ് തയ്യിപ്പ് എര്‍ദോഗന്‍ മുസ്ലീം ലോകത്തിന്റെ നായകത്വം തുര്‍ക്കിക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. അവിടെ പാകിസ്താന് പിന്തുണ നല്‍കേണ്ടത് അതുകൊണ്ടുതന്നെ അത്യാവശ്യവുമാണ്. ഏഷ്യന്‍ രാജ്യങ്ങളുമായുള്ള നയതന്ത്ര, സാമ്പത്തിക, സാംസ്‌കാരിക ബന്ധം ദൃഢമാക്കുന്നതിനായി 2019ല്‍ എര്‍ദോഗന്‍ പ്രഖ്യാപിച്ച 'ഏഷ്യ എന്യൂ' സംരംഭം അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട പദ്ധതിയാണ്. ആഗോള മുസ്ലീം ലോകത്തിന്റെ ആത്മീയവും രാഷ്ട്രീയവുമായ നേതാവായി തുര്‍ക്കിയെ പുനഃസൃഷ്ടിക്കുക എന്നുള്ളതാണ് അതിന്റെ ലക്ഷ്യം.

കശ്മീര്‍ വിഷയം ആവര്‍ത്തിച്ച് ഉന്നയിക്കുന്ന തുര്‍ക്കി

കശ്മീരുമായി ബന്ധപ്പെട്ട പാകിസ്താന്റെ നിലപാടിനെ എര്‍ദോഗന് കീഴിലുള്ള തുര്‍ക്കി എന്നും പിന്തുണച്ചിട്ടേയുള്ളൂ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ട് 2019ല്‍ ഇന്ത്യ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ അന്താരാഷ്ട്ര വേദികളിലും യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പോലും കശ്മീര്‍ പ്രശ്‌നം ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടുണ്ട് എര്‍ദോഗന്‍. കശ്മീരിലെ ജനങ്ങളുടെ ഹിതം നോക്കി ഇന്ത്യയും പാകിസ്താനും കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ പാകിസ്താന്‍ സന്ദര്‍ശനത്തിനിടയില്‍ തയ്യിപ്പ് അഭിപ്രായപ്പെട്ടിരുന്നു. 'ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. മറ്റൊരു രാജ്യത്തിനും അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല. തുര്‍ക്കി പ്രസിഡന്റിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നാണ് കടുത്തഭാഷയില്‍ പ്രതിരോധ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്‌വാള്‍ ഇതിനോട് പ്രതികരിച്ചത്. വിശാല ഇസ്ലാമിക ജിയോപൊളിറ്റിക് ബ്ലോക്കിന്റെ ഭാഗമായി തങ്ങളെ കാണാനാണ് പാകിസ്താനും തുര്‍ക്കിയും ഒരുപോലെ ആഗ്രഹിക്കുന്നത്. ഇസ്ലാമിക രാജ്യങ്ങളെ നയിക്കുക എന്ന ഇരുരാജ്യങ്ങളുടെയും പൊതുതാല്പര്യങ്ങള്‍ ഇവരെ സൗദി അറേബ്യ, യുഎഇ തുടങ്ങിയ പരമ്പരാഗത മിഡില്‍ ഈസ്റ്റേണ്‍ ശക്തി കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യ, ഗ്രീസ് തുടങ്ങിയ എതിരാളികളില്‍ നിന്നും ഇവരെ വേറിട്ട് നിര്‍ത്തുന്നുണ്ട്.

പ്രതിരോധ പങ്കാളിത്തം ഇന്നും ഇന്നലെയും തുടങ്ങിയതല്ല

തുര്‍ക്കി പാകിസ്താന്റെ പ്രധാന പ്രതിരോധ ആയുധ വിതരണക്കാരനാണ്. ഇപ്പോള്‍ കണ്ടെടുത്ത ഡ്രോണുകള്‍ക്ക് പുറമേ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനായി ബെയ്‌റാക്തര്‍ ടിബി2, അകിന്ഡസി ഡ്രോണുകളും തുര്‍ക്കി പാകിസ്താന് നല്‍കിയിട്ടുണ്ട്. 2018ല്‍ പാകിസ്താന്‍ തങ്ങളുടെ ആക്രമണ ഹെലികോപ്റ്ററുകളുടെ കരുത്ത് വര്‍ധിപ്പിക്കുന്നതിനായി 1.5ബില്യണ്‍ ഡോളറിന്റെ 30 തുര്‍ക്കി നിര്‍മിത T129 ATAK ഹെലികോപ്റ്ററുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു.എന്നാല്‍ യുഎസിന്റെ കയറ്റുമതി ലൈസന്‍സ് പ്രശ്നങ്ങള്‍ കാരണം കരാര്‍ തടസ്സപ്പെട്ടു. ഇതില്‍ ഉപയോഗിച്ചിരുന്ന എന്‍ജിനുകള്‍ അമേരിക്കന്‍ നിര്‍മ്മിതമാണ്. എന്നിരുന്നാലും, എഞ്ചിന്‍ മാറ്റിസ്ഥാപിക്കാനോ അല്ലെങ്കില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കാനോ ഉള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും. അതുപോലെ 2018ല്‍ യുദ്ധക്കപ്പലുകള്‍ക്കായി തുര്‍ക്കി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ കരാറുകാരന്‍ ASFAT-മായി പാകിസ്താന്‍ കരാറില്‍ ഒപ്പുവച്ചിരുന്നു. ഏകദേശം 1.5 ബില്യണ്‍ ഡോളര്‍ വരുന്ന കരാറില്‍ കറാച്ചിയിലെ കപ്പല്‍ശാലയില്‍ രണ്ടു യുദ്ധക്കപ്പലുകളുടെ നിര്‍മാണവും സാങ്കേതിക കൈമാറ്റവും ഉള്‍പ്പെടുന്നുണ്ട്. പിഎന്‍എസ് തരിഖ്, പിഎന്‍സ് ബദ്ര്‍ എന്നിവയാണ് ഇവിടെ നിര്‍മിക്കുന്നത്. ഇതിനുപുറമേ സൂപ്പര്‍ മുഷ്ഷാക്ക് പരിശീലന വിമാന പിന്തുണയും ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ സഹകരിക്കാനുള്ള സന്നദ്ധതയും തുര്‍ക്കിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.

തന്ത്രപരമായി പ്രത്യക്ഷ സൂചനകള്‍ നല്‍കി ഇന്ത്യയും

ശക്തമായ മറുപടി നല്‍കി തുര്‍ക്കിയുടെ വാ അടപ്പിക്കുന്നതിനൊപ്പം തന്ത്രപരമായ നീക്കങ്ങളും ഇന്ത്യ നടത്തുന്നുണ്ട്. കിഴക്കന്‍ മെഡിറ്ററേനിയന്‍ ഉള്‍പ്പെടെയുള്ള തുര്‍ക്കിക്ക് താല്പര്യമുള്ള പ്രദേശങ്ങളില്‍ അവരുടെ സമ്മര്‍ദം കുറയ്ക്കുന്നതിനും ഇന്ത്യന്‍ സ്വാധീനം ചെലുത്തുന്നതിനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. തുര്‍ക്കിയുടെ എതിരാളി ഗ്രീസുമായി മെച്ചപ്പെട്ട നയതന്ത്രബന്ധം വളര്‍ത്തിയെടുക്കാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. 2021ല്‍ ഇന്ത്യയും ഗ്രീസും പരസ്പര പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍ കടലില്‍ നാവിക അഭ്യാസങ്ങള്‍ നടത്തിയിരുന്നു. ഇരുരാജ്യങ്ങളും ഉന്നത തലത്തിലുള്ള സന്ദര്‍ശനങ്ങള്‍ ശക്തമാക്കി, സൈപ്രസിന്റെ പ്രദേശിക സമഗ്രതയ്ക്കുള്ള പിന്തുണ ഇന്ത്യ വീണ്ടും ഉറപ്പിച്ചു..ഇതെല്ലാം തുര്‍ക്കിക്കുള്ള പ്രത്യക്ഷ സൂചനകളായാണ് വ്യാഖാനിക്കപ്പെട്ടത്. തുര്‍ക്കിയുടെ അടുത്ത സുഹൃത്തായ അസര്‍ബൈജാനുമായി പ്രശ്‌നങ്ങളുള്ള അര്‍മേനിയയുമായി പ്രതിരോധ സഹകരണത്തില്‍ ഇന്ത്യ ഏര്‍പ്പെടുന്നതും തുര്‍ക്കിക്കുള്ള മുന്നറിയിപ്പായിരുന്നു. തുര്‍ക്കിയുടെ പ്രാദേശിക ആക്ടിവിസത്തെ സംശയത്തോടെ വീക്ഷിക്കുന്ന യുഎഇ, ഫ്രാന്‍സ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുമായും നയതന്ത്രബന്ധങ്ങള്‍ ഇന്ത്യ സ്ഥാപിച്ചിട്ടുണ്ട്.

Content Highlights: Turkey's Role In Focus After Pakistan's Military Escalation Against India

dot image
To advertise here,contact us
dot image