പാശ്ചാത്യ വേഷത്തിൽ ഖമേനിയുടെ വിശ്വസ്തൻ്റെ മകളുടെ വിവാഹം; ഇറാനിലെ ഹിജാബ് നിയമത്തിൽ ഇരട്ടത്താപ്പെന്ന് വിമർശനം

വിവാഹ ദൃശ്യത്തിൽ വധു സ്ട്രാപ്ലെസ് വിവാഹ ഗൗൺ ധരിച്ച് പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോൾ വ്യാപക വിമർശനത്തിന് വഴി തെളിച്ചിരിക്കുന്നത്

പാശ്ചാത്യ വേഷത്തിൽ ഖമേനിയുടെ വിശ്വസ്തൻ്റെ മകളുടെ വിവാഹം; ഇറാനിലെ ഹിജാബ് നിയമത്തിൽ ഇരട്ടത്താപ്പെന്ന് വിമർശനം
dot image

ഹിജാബ് വിവാദത്തിൽ ഇറാനിലെ ഇസ്ലാമിക ഭരണകൂടം ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന ആരോപണം ശക്തം. 2024ലെ ഒരു വിവാഹ വീഡിയോയെ ചുറ്റിപ്പറ്റിയാണ് വിവാദം കൊഴുക്കുന്നത്. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അടുത്ത സഹായിയുടെ മകളുടെ വിവാ​ഹത്തെ ചുറ്റിപ്പറ്റിയാണ് വിവാദം ഉയരുന്നത്. ഖമേനിയുടെ വിശ്വസ്തനും ഇറാനിലെ ഏറ്റവും മുതിർന്ന പ്രതിരോധ, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളുമായ അലി ഷംഖാനിയുടെ മകളുടെ വിവാ​ഹവുമായി ബന്ധപ്പെട്ട വീഡിയോയാണ് വിവാദത്തിന് വഴി തെളിച്ചിരിക്കുന്നത്.

ഷംഖാനിയുടെ മകളുടെ 2024ൽ നടന്ന വിവാഹ ദൃശ്യത്തിൽ വധു സ്ട്രാപ്‌ലെസ്‌ വിവാഹ ഗൗൺ ധരിച്ച് പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോൾ വ്യാപക വിമർശനത്തിന് വഴി തെളിച്ചിരിക്കുന്നത്. ഇറാൻ എക്സ്പെഡിയൻസി കൗൺസിൽ അംഗം കൂടിയായ അഡ്മിറൽ ഷംഖാനി തന്റെ മകളെ ടെഹ്‌റാനിലെ ആഡംബര എസ്പിനാസ് പാലസ് ഹോട്ടലിലെ ഒരു വിവാഹ ഹാളിലേക്ക് ഇടനാഴിയിലൂടെ കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഷംദാനിയുടെ മകൾഫാത്തിമ കഴുത്ത് താഴ്ത്തി വെട്ടിയ സ്ട്രാപ്‌ലെസ്‌ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. മുഖം മറയ്ക്കാതെ തലമുടി ഭാ​ഗീകമായി മറയ്ക്കുന്ന ഒരു മൂടുപടവും ഫാത്തിമ ധരിച്ചിട്ടുണ്ട്. ഷംഖാനിയുടെ ഭാര്യയും സമാനമായ നിലയിൽ കഴുത്ത് ഇറക്കി വെട്ടിയ നീല ​ഗൗണാണ് ധരിച്ചിരിക്കുന്നത്. ഇവർ ശിരോവസ്ത്രവും ധരിച്ചിട്ടില്ല.

വിവാഹ ചടങ്ങിൽ പങ്കെടുത്ത പല സ്ത്രീകളും ഹിജാബ് ധരിക്കാതെയാണ് ദൃശ്യങ്ങളിലുള്ളത്. സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന നിർബന്ധ നിലപാട് സ്വീകരിക്കുന്ന ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിൻ്റെ ഭാ​ഗമായ നേതാവിൻ്റെ മകളുടെ വിവാഹത്തിന് ഇത്തരം നിയമങ്ങളൊന്നും ബാധകമല്ലേയെന്ന ചോദ്യമാണ് ഇറാനിൽ നിന്നും ഉയരുന്നത്. നേരത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ കർശനമായ ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കണമെന്ന് വാദിക്കുകയും പ്രതിഷേധക്കാർക്കെതിരെ അക്രമാസക്തമായ നടപടികൾക്ക് ഉത്തരവിടുകയും ചെയ്തിട്ടുള്ളയാളാണ് അലി ഷംഖാനി. നേരത്തെ 2022-ൽ ഹിജാബുമായി ബന്ധപ്പെട്ട് ഇറാനെ പിടിച്ചുലച്ച ഒരു രാജ്യവ്യാപക പ്രക്ഷോഭം നടന്നിരുന്നു. രാജ്യത്തിന്റെ ഹിജാബ് നിയമത്തിനെതിരെ പ്രതിഷേധിച്ച് സ്ത്രീകൾ തെരുവിലിറങ്ങുകയും ശിരോവസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു.

പാശ്ചാത്യ ശൈലിയിലുള്ള വിവാഹത്തിലെ ആഡംബരവും വധുവിന്റെയും അമ്മയുടെയും വസ്ത്രധാരണ രീതിയുമാണ് ഇപ്പോൾ ഇറാൻ ഭരണകൂടത്തെ വിമ‍ർ‌ശിക്കുന്നവർ ഉയർത്തിക്കാണിക്കുന്നത്. ഹിജാബ് നിർബന്ധമാക്കിയ നിയമം കർശനമായി നടപ്പിലാക്കുന്ന രാജ്യത്ത് ഭരണകൂടവുമായി ബന്ധപ്പെട്ടവർ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. 'ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഉന്നത നേതൃത്വത്തിൽ ഒരാളായ അലി ഷംഖാനിയുടെ മകൾ സ്ട്രാപ്പ്ലെസ് വസ്ത്രത്തിൽ ആഡംബരപൂർണ്ണമായ ഒരു വിവാഹം നടത്തി. അതേസമയം, ഇറാനിലെ സ്ത്രീകൾ മുടി കാണിച്ചതിന് മർദ്ദിക്കപ്പെടുന്നു, യുവാക്കൾക്ക് ഇങ്ങനെ വിവാഹം കഴിക്കാൻ കഴിയില്ല' എന്നായിരുന്നു ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ട ആക്ടിവിസ്റ്റ് മാസിഹ് അലിനെജാദ് എക്സിൽ കുറിച്ചത്. 'ഖമേനി ഭരണകൂടം വെടിയുണ്ടകളും ബാറ്റണുകളും ജയിലുകളും ഉപയോഗിച്ച് ഇസ്ലാമിക മൂല്യങ്ങൾ എല്ലാവരുടെയും മേൽ അടിച്ചേൽപ്പിക്കുന്നതിനാൽ ഈ വീഡിയോ ദശലക്ഷക്കണക്കിന് ഇറാനികളെ രോഷാകുലരാക്കി'യെന്നും അവർ‌ കുറിച്ചു.

"ഖമേനിയുടെ മുഖ്യ ഉപദേഷ്ടാവ് കൊട്ടാരസമാനമായ ഒരു വേദിയിൽ തന്റെ മകളുടെ വിവാഹം ആഘോഷിക്കുകയായിരുന്നു. മുടി കുറച്ച് കാണിച്ചതിന് മഹ്‌സ അമിനിയെ കൊലപ്പെടുത്തിയ, പാട്ടുപാടിയതിന് സ്ത്രീകളെ ജയിലിലടച്ച, പെൺകുട്ടികളെ വാനുകളിലേക്ക് വലിച്ചിഴയ്ക്കാൻ 80,000 'സദാചാര പോലീസിനെ' നിയമിച്ച അതേ ഭരണകൂടം സ്വയം ഒരു ആഡംബര പാർട്ടി നടത്തുന്നു. ഇത് കാപട്യമല്ല വ്യവസ്ഥയാണ്. സ്വന്തം പെൺമക്കൾ ഡിസൈനർ വസ്ത്രങ്ങൾ ധരിച്ച് പരേഡ് നടത്തുമ്പോൾ അവർ സദാചാരം പ്രസംഗിക്കുന്നു. നിയമങ്ങൾ നിങ്ങൾക്കുള്ളതാണ്, അവർക്കുള്ളതല്ല, സന്ദേശം കൂടുതൽ വ്യക്തമല്ലെ' എന്നും മാസിഹ് അലിനെജാദ് കൂട്ടിച്ചേർത്തു.

ഭരണകൂടത്തിൻ്റെ ഭാ​ഗമായ ഉദ്യോഗസ്ഥർക്ക് തന്നെ അവർ പിന്തുണയ്ക്കുന്ന നിയമങ്ങളിൽ വിശ്വാസമില്ല. ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കാൻ മാത്രമാണ് അവർ ആഗ്രഹിക്കുന്നത് എന്നായിരുന്നു വീഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാണിച്ച് ഇറാനിയൻ പത്രപ്രവർത്തകനായ അമീർ ഹൊസൈൻ മൊസല്ല സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടത്.

'അഴിമതിയിൽ കുഴിച്ചുമൂടപ്പെട്ടു' എന്ന തലക്കെട്ടോടെ ഷംഖാനിയുടെ ഫോട്ടോ ഇറാനിലെ പരിഷ്കരണവാദികളോട് ചായ്വുള്ള പത്രമായ ഷാർഗ് തിങ്കളാഴ്ച ഒന്നാം പേജ് ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു.

'ഇത് ശുദ്ധമായ കാപട്യമാണ്' എന്നായിരുന്നു മിഡിൽ ഈസ്റ്റിലെ അമേരിക്കൻ വിദേശനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ DAWN-ലെ ഇറാൻ വിദഗ്ദ്ധനായ ഒമിദ് മെമേറിയൻ അഭിപ്രായപ്പെട്ടത്. 'അവരുടെ വധു ഒരു കൊട്ടാരത്തിലാണ്, ഞങ്ങളുടെ വധു മണ്ണിനടിയിലാണ്' എന്നായിരുന്നു പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ട ദമ്പതിമാരെ അനുസ്മരിച്ച് ഇറാനിയൻ വനിതാ അവകാശ പ്രവർത്തകയായ എല്ലി ഒമിദ്വാരി അഭിപ്രായപ്പെട്ടത്.

എന്നാൽ 2024ലെ വിവാഹ ദൃശ്യങ്ങൾ ചോർന്നതിൽ ഇസ്രയേലിനെ കുറ്റപ്പെടുത്തി അലി ഷംഖാനി രംഗത്തെത്തി. 'ജനങ്ങളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്നത് ഇസ്രായേലിന്റെ പുതിയ കൊലപാതക രീതിയാണ്' എന്നായിരുന്നു ഷംഖാനിയുടെ പ്രതികരണം. 'ചടങ്ങ് സ്ത്രീകൾക്ക് മാത്രമായിരുന്നു. ചില സ്ത്രീകൾ മൂടുപടം ധരിച്ചിരുന്നു, ബാക്കിയുള്ളവർ അടുത്ത ബന്ധുക്കളായിരുന്നു' എന്നായിരുന്നു മുൻ ഇറാനിയൻ മന്ത്രി എസ്സത്തൊള്ള സർഗാമി ഷംഖാനിയെ ന്യായീകരിച്ചത്. ചടങ്ങിൽ ഷംഖാനി തല താഴ്ത്തിപ്പിടിച്ചിരുന്നുവെന്നും സർഗാമി പറഞ്ഞതായാണ് റിപ്പോർട്ട്.

Content Highlights: Strapless Dress Iran's Pro-Hijab Leader Under Fire After Daughter's Wedding Video Goes Viral

dot image
To advertise here,contact us
dot image