
നവജാത ശിശുവിന് 'സിംഗപ്പൂർ' എന്ന് പേരിട്ട് ഗാസയിലെ മാതാപിതാക്കൾ. യുദ്ധകാലത്ത് ഉടനീളം തങ്ങൾക്ക് അതിജീവിക്കാനുള്ള സഹായം ഒരുക്കി നൽകിയ സിംഗപ്പൂർ ആസ്ഥാനമായ ചാരിറ്റിയോടുള്ള നന്ദി സൂചകമായാണ് ഗാസയിലെ ദമ്പതികൾ അവരുടെ കുഞ്ഞിന് സിംഗപ്പൂർ എന്ന പേരിട്ടത്. ആക്ടിവിസ്റ്റ് ഗിൽബർട്ട് ഗോയുടെ നേതൃത്വത്തിലുള്ള 'ലവ് എയ്ഡ് സിംഗപ്പൂർ' ആണ് കുഞ്ഞിന്റെ ജനനം സംബന്ധിച്ച വിവരം ഒക്ടോബർ 18 ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ലവ് എയ്ഡ് സിംഗപ്പൂർ ഗാസയിൽ നടത്തിയിരുന്ന സൂപ്പ് കിച്ചണിൽ കുട്ടിയുടെ പിതാവ് ഹംദാൻ ഹദാദ് രണ്ട് വർഷത്തോളം പാചകക്കാരനായി ജോലി ചെയ്തിരുന്നു. ഗർഭകാലത്ത് പോഷണത്തിനായി ഭാര്യ സൂപ്പ് കിച്ചണിനെ ആശ്രയിച്ചിരുന്നുവെന്നും ഗർഭകാലത്ത് പോഷണത്തിനായി താനും ഭാര്യയും സംഘടനയെ വളരെയധികം ആശ്രയിച്ചിരുന്നുവെന്നുമാണ് നവജാത ശിശുവിൻ്റെ പിതാവ് ഹംദാൻ ഹദാദ് വ്യക്തമാക്കുന്നു. യുദ്ധ കാലത്തെ ക്ഷാമത്തിൽ നിന്ന് രക്ഷപ്പെടാൻ പതിവായി ഭക്ഷണം കഴിച്ചതാണ് ഭാര്യയെ സഹായിച്ചതെന്നും ഹംദാൻ ചാരിറ്റി സംഘടന പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്.
ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടയിൽ യുദ്ധ സൃഷ്ടിച്ച ക്ഷാമത്തിൽ നിന്ന് രക്ഷപ്പെടാൻ പതിവ് ഭക്ഷണം സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ തങ്ങളെ പിന്തുണച്ച രാജ്യത്തെ ആദരിക്കാനാണ് കുടുംബം ഈ പേര് തിരഞ്ഞെടുത്തത്. 'എനിക്ക് സന്തോഷമുണ്ട്, എനിക്ക് അവരെ ശരിക്കും ഇഷ്ടമായതിനാൽ അവൾക്ക് സിംഗപ്പൂർ എന്ന് പേരിടാൻ ഞാൻ ആഗ്രഹിക്കുന്നു' എന്നായിരുന്നു മകളെ കൈകളിലെടുത്ത് കൊണ്ടുള്ള ഹംദാൻ്റെ പ്രതികരണം. 'ഇത്രയും നേരം മനുഷ്യത്വത്തിന്റെ വലതുവശത്ത് എന്നോടൊപ്പം നിന്നതിന് സിംഗപ്പൂരുകാർക്ക് നന്ദിയെന്നും' അദ്ദേഹം വ്യക്തമാക്കി.
ജനിക്കുമ്പോൾ കുഞ്ഞിന് 2.7 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നും ലവ് എയ്ഡ് അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചിട്ടുണ്ട്. 'സിംഗപ്പൂർ' എന്ന് പേരിടുന്ന ആദ്യത്തെ പലസ്തീനിയൻ ആണ് ഈ കുഞ്ഞെന്ന് വിശ്വസിക്കുന്നുവെന്നും ഇവർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുട്ടിയുടെ പേരിന് തെളിവായി ജനന സർട്ടിഫിക്കറ്റും പങ്കുവെച്ചിട്ടുണ്ട്. 'ദുരിതാശ്വാസ പ്രവർത്തകരും അതിജീവനത്തിനായി അടുക്കളയെ ആശ്രയിക്കുന്ന കുടുംബങ്ങളും തമ്മിലുള്ള 'അസാധാരണമായ ബന്ധത്തെ' ഈ പ്രവൃത്തി പ്രതിഫലിപ്പിക്കുന്നു'വെന്നും ചാരിറ്റി സംഘടന വ്യക്തമാക്കുന്നുണ്ട്. കുട്ടിക്ക് നല്ല ആരോഗ്യം ആശംസിച്ച സംഘടന ശാശ്വതമായ വെടിനിർത്തലോടെ 'പ്രകാശമുള്ള പുതിയ ലോകത്ത്' അവൾ വളരുമെന്ന പ്രത്യാശയും പങ്കുവെച്ചിട്ടുണ്ട്.
ചാരിറ്റി സംഘടനയുടെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമൻ്റുമായി എത്തിയിരിക്കുന്നത്. 'ബേബി സിംഗപ്പൂർ, നീ നന്നായി വളരട്ടെ, ഒരു ദിവസം ഞങ്ങളെ സന്ദർശിക്കൂ. ഞങ്ങൾ നിങ്ങളെ തുറന്ന കൈകളോടെ സ്വാഗതം ചെയ്യും' എന്നായിരുന്നു ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. 'പ്രിയപ്പെട്ട സിംഗപ്പൂർ, നീ വളരട്ടെ, അഭിവൃദ്ധി പ്രാപിക്കട്ടെ, വലിയ സ്വപ്നങ്ങൾ കാണട്ടെ' എന്നായിരുന്നു മറ്റൊരു ഉപയോക്താവിൻ്റെ പ്രതികരണം.
Content Highlights: Gaza couple names newborn ‘Singapore’ in honour of aid workers during war