
ലക്ഷം ലക്ഷ്യമാക്കി മുന്നേറുന്ന സ്വര്‍ണവിലയെ നെഞ്ചിടിപ്പോടെയാണ് പലരും നോക്കി കാണുന്നത്. ദീപാവലി ദിനത്തില്‍ സ്വര്‍ണത്തിന്റെ കുതിപ്പില്‍ നേരിയ കുറവുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ വീണ്ടും വില ഉയരുകയായിരുന്നു. 1520 രൂപ വര്‍ധിച്ച് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയായി വർദ്ധിച്ചിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 12,170 രൂപയായിരുന്നു രാവിലെ വില. എന്നാൽ ഉച്ചയ്ക്ക് ശേഷം പവന് 95760 രൂപയായി വിലകുറഞ്ഞിരുന്നു. രാവിലെ വർദ്ധിച്ച വിലയിൽ നിന്നും പവന് 1600 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 11970 എന്ന നിലയിലാണ് ഉച്ചകഴിഞ്ഞ് വില കുറഞ്ഞത്.
സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളായിരുന്നു ഈ ആഴ്ചയുടെ തുടക്കത്തില്‍ വന്നിരുന്നത്. അതിവേഗമായിരുന്നു വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില കുറഞ്ഞതോടെ ലക്ഷം തൊടില്ലെന്നായിരുന്നു അനുമാനം. ഇന്ന് ഉച്ചകഴിഞ്ഞ് വീണ്ടും വില കുറഞ്ഞെങ്കിലും ലക്ഷം, ലക്ഷ്യം കണ്ട് സ്വർണ്ണ വില കുതിക്കുകയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുകരയാണെങ്കിലും ദീപാവലിക്ക് ശേഷം ഇതില്‍ എന്തെങ്കിലും മാറ്റം വരുമോ എന്ന് ചര്‍ച്ച നിലനില്‍ക്കെ പുതിയ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഗോള ധനകാര്യ സ്ഥാപനമായ എച്ച്എസ്ബിസി.
എച്ച്എസ്ബിസിയുടെ പ്രവചന പ്രകാരം അടുത്തെങ്ങും സ്വര്‍ണവില കുറയാന്‍ സാധ്യതയില്ലായെന്നാണ് വിവരം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഇതിനോടകം തന്നെ ഔണ്‍സിന് 4,300 ഡോളര്‍ കവിഞ്ഞു. ഈ വിലകയറ്റം ദീപാവലിക്ക് ശേഷവും നിലനിന്നേക്കാം. 2026ൻ്റെ തുടക്കത്തില്‍ ഔണ്‍സിന് 5,000 ഡോളറായി മാറുമെന്നാണ് പ്രവചനം. സെന്‍ട്രല്‍ ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതും ഇടിഎഫുകളിലെ നിക്ഷേപത്തിലെ വര്‍ദ്ധനവ്, യുഎസിലെ പലിശനിരക്ക് കുറയാനുള്ള സാധ്യത എന്നിവയാണ് സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.
സ്വര്‍ണവില ഇനി എപ്പോള്‍ കുറയും ?
2026ന്റെ രണ്ടാം പകുതിയില്‍ നേരിയ കുറവോ ഏറ്റക്കുറചിലുകളോ സ്വര്‍ണവിലയ്ക്ക് ഉണ്ടായേക്കാമെന്നാണ് എച്ച്എസ്ബിസിയുടെ പ്രവചനം. ഇത് എത്രത്തോളം ശരിയാകുമെന്ന് വരും ദിവസങ്ങളിലെ സ്വര്‍ണവിലയിലെ ട്രെന്‍ഡ് മനസിലാക്കിയാല്‍ മാത്രമേ മനസിലാക്കാന്‍ കഴിയൂ എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
Content Highlights- Diwali is over, will the gold price still fall? hsbc with forecast