
രഞ്ജി ട്രോഫിയിൽ സൂപ്പർ താരം സഞ്ജു സാംസണില്ലാതെ കേരളം രണ്ടാം മത്സരത്തിന് ഇറങ്ങും. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്‍റി20 പരമ്പരയിൽ സഞ്ജു സാംസൺ ദേശീയ ടീമിന് വേണ്ടി കളിക്കാൻ പോകുന്നതുകൊണ്ടാണ് രഞ്ജി ടീമിൽ ഉൾപ്പെടാതിരുന്നത്. രഞ്ജി ട്രോഫിയിൽ ഈ മാസം 25ന് ആരംഭിക്കുന്ന അടുത്ത മത്സരത്തിൽ പഞ്ചാബിനെയാണ് കേരളം നേരിടുക. പഞ്ചാബിന്റെ തട്ടകമായ ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ഈ മാസം 29നാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്‍റി20 മത്സരം നടക്കുക. രഞ്ജിയിൽ മഹാരാഷ്ട്രയ്ക്കെതിരായ ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ സഞ്ജുവായിരുന്നു കേരളത്തിന്റെ ടോപ് സ്കോറർ. സഞ്ജുവിന്റെ അഭാവം ടീമിന് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. സഞ്ജുവിന് പകരം സച്ചിൻ സുരേഷ് ടീമിൽ ഇടം നേടിയിട്ടുണ്ട്.
രഞ്ജി ട്രോഫിയിൽ കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചിരുന്നു. മഹാരാഷ്ട്രയ്ക്ക് 224 റൺസിൻറെ ലീഡുണ്ടായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ നാലാം ദിനം 224 റൺസിൽ ബാറ്റ് വീശുകയായിരുന്നു മഹാരാഷ്ട്ര. മഹാരാഷ്ട്രയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ലീഡ് നേടാനുള്ള അവസരം കേരളത്തിന് നഷ്ടമായിരുന്നു. 20 റൺസിന്റെ നേരിയ ലീഡ് വഴങ്ങിയാണ് കേരളം ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചത്. പഞ്ചാബും മധ്യപ്രദേശിനെതിരായ ആദ്യ മത്സരത്തിൽ ലീഡ് വഴങ്ങി സമനിലയിൽ പിരിഞ്ഞിരുന്നു.
Content Highlights: Ranji Trophy: Kerala will play the second match against Punjab without Sanju Samson