
ദീപാവലി ദിനത്തിൽ മകൾ ദുവയുടെ ചിത്രം ആദ്യമായി പങ്കുവെച്ച് ദീപിക പദുകോണും രൺവീർ സിങ്ങും. ചുവന്ന സൽവാർ അണിഞ്ഞ ദുവയെയാണ് ചിത്രത്തിൽ കാണാനാകുന്നത്. മകളോടൊപ്പം അതീവ സന്തുഷ്ടരായി നിൽക്കുന്ന രൺവീറിനെയും ദീപികയെയും ചിത്രങ്ങളിൽ കാണാം.
നിമിഷ നേരം കൊണ്ടാണ് ചിത്രത്തിന് ഒരു മില്യൺ ലൈക് ലഭിച്ചത്. ബോളിവുഡ് സിനിമാതാരങ്ങൾക്കൊപ്പം മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിർ അടക്കമുള്ളവർ ഫോട്ടോയ്ക്ക് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്. 2018 ലാണ് ദീപികയും രൺവീറും വിവാഹിതരാകുന്നത്. 2024 സെപ്റ്റംബർ എട്ടിനാണ് ഇരുവർക്കും മകൾ ജനിക്കുന്നത്.
അതേസമയം, പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനത്തിൽ തെലുങ്കിൽ വൻ വിജയം നേടിയ പാൻ ഇന്ത്യൻ ചിത്രമായ കൽകിയിൽ നിന്ന് ദീപികയെ പുറത്താക്കിയത് അടുത്തിടെ വലിയ വാർത്തയായിരുന്നു. കൂടുതൽ പ്രതിഫലവും ജോലി സമയം എട്ടു മണിക്കൂറാക്കി ചുരുക്കണമെന്നും നടി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. നേരത്തെ, ഷൂട്ടിംഗ് സെറ്റുകളിൽ സമയക്രമം വേണമെന്ന നടിയുടെ ആവശ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ദിവസം ആറുമണിക്കൂർ ജോലിസമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയർന്ന പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ട് വെച്ചിരുന്നത്. ഇതേ ചൊല്ലി ദീപികയും സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്കയും നടത്തിയ തർക്കങ്ങൾ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തതിനാൽ സന്ദീപ് റെഡ്‌ഡിയുടെ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയിരുന്നു. ഷാരൂഖ് ഖാൻ ചിത്രമായ കിങിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്.
Content Highlights: Ranveer Singh-Deepika Padukone Finally Reveal Daughter's Face