

ന്യൂസിലാൻഡിൽ ജനിച്ചുവളർന്ന ഇന്ത്യൻ വംശജനായ പതിനെട്ടുകാരനെ നാടുകടത്താൻ ഒരുങ്ങി ന്യൂസിലാൻഡ് സർക്കാർ. മാതാപിതാക്കൾക്ക് ന്യൂസിലാൻഡ് പൗരത്വം ഇല്ലെങ്കിലും അവിടെ ജനിച്ചുവീഴുന്ന കുട്ടികൾക്ക് പൗരത്വം ജന്മാവകാശമായി നൽകിയിരുന്ന നിയമം സർക്കാർ അടുത്തിടെ റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ഇന്ത്യൻ വംശജനായ നവ്‌ജ്യോത് സിംഗിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. 2006ന് ശേഷം ജനിച്ചവരെയാണ് പുതിയ ദേഭഗതി ബാധിക്കുന്നത്.
2007ൽ ന്യൂസിലാൻഡിലെ ഓക്‌ലാൻഡിലാണ് നവ്‌ജ്യോത് സിംഗ് ജനിക്കുന്നത്. നവ്‌ജ്യോതിന്റെ മാതാപിതാക്കൾ വിസാ കാലാവധി കഴിഞ്ഞും ന്യൂസിലാൻഡിൽ തുടരുകയായിരുന്നു. ഇത് വൈകാതെ കണ്ടുപിടിക്കപ്പെട്ടു. നവ്‌ജ്യോതിന് ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ പിതാവ് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടു.
അഞ്ച് വയസുവരെ കുട്ടിക്കൊപ്പം തുടരാൻ അമ്മയ്ക്ക് അനുവാദം ലഭിച്ചു. 2012ൽ അവരും ഇന്ത്യയിലേക്ക് തിരിച്ചുപോയി. എട്ടാം വയസിലാണ് തനിക്ക് ന്യൂസിലാൻഡിൽ അടിസ്ഥാന അവകാശങ്ങൾ പോലും ലഭിക്കാൻ സാധ്യതയില്ലെന്ന കാര്യം മനസിലാകാൻ തുടങ്ങിയത് എന്ന് നവ്‌ജ്യോത് പറയുന്നു. വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ന്യൂസിലാൻഡ് വിട്ട് നവ്‌ജ്യോത് സിംഗ് പുറത്തുപോയിട്ടില്ല. തനിക്ക് ഹിന്ദി അറിയില്ലെന്നും ഇന്ത്യയിൽ താൻ ഏറെ കഷ്ടപ്പെടുമെന്നും ഇയാൾ പറയുന്നു. 'ഉയർന്ന വിദ്യാഭ്യാസമുള്ളവർക്ക് പോലും ഇന്ത്യയിൽ ജോലി ലഭിക്കുന്നില്ലെന്നാണ് കേട്ടത്. എനിക്ക് ഹിന്ദി പോലും അറിയില്ല. ഞാൻ അവിടെ പോയി എങ്ങനെ ജീവിക്കും,' നവ്‌ജ്യോത് ചോദിക്കുന്നു.
അച്ഛനും അമ്മയും പോയ ശേഷം നവ്‌ജ്യോത് മറ്റ് സിഖ് കുടുബങ്ങളുടെ പിന്തുണയിലാണ് വളർന്നത് എന്നാണ് റിപ്പോർട്ടുകൾ. അഞ്ച് മുതൽ പതിനെട്ട് വയസ് വരെയുള്ള നവ്‌ജ്യോതിന്റെ കാലത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകളിലില്ല.
ന്യൂസിലാൻഡിൽ ജനിച്ചുവളർന്ന നവ്‌ജ്യോതിന് പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുടുംബ സുഹൃത്തുക്കൾ കോടതിയെ സമീപിച്ചിട്ടുണ്ട്. പക്ഷെ അനുകൂലമായ വിധിയുണ്ടാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തലുകൾ.
Content Highlights: Navjoth Singh, born and brought up in New Zealand, faces deportation to India