
നല്ല വിശപ്പുള്ള സമയം ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ ആഗ്രഹിച്ച്, അത് വാങ്ങി രുചിയാസ്വദിച്ച് കഴിക്കുന്നതിനിടയില്‍ അതിലൊരു മുടി കണ്ടാല്‍ തന്നെ അറപ്പ് തോന്നുന്നവരാണ് നമ്മള്‍. അപ്പോള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കാണുന്നത് മനുഷ്യന്‍റെ പല്ലാണെങ്കിലോ? ഇതില്‍ വലിയ ദുരന്തം ഇനി സംഭവിക്കാനില്ലല്ലേ.. എന്നാല്‍ ചൈനയില്‍ അത്തരത്തില്‍ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
നിരന്തരമായി ഭക്ഷണസാധനങ്ങളില്‍ മനുഷ്യന്റെ പല്ല് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ ചൈനയില്‍ ആശങ്ക ഉയരുകയാണെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ ജിലിന്‍ പ്രവിശ്യയിലെ വടക്ക് കിഴക്കന്‍ പ്രദേശത്ത് ഒരു സ്ത്രീ അവരുടെ കുഞ്ഞിന് വേണ്ടി വാങ്ങിയ സോസേജില്‍ ഒരു നിരയുള്ള വെപ്പു പല്ലാണ് കാണപ്പെട്ടത്. സോസേജ് വാങ്ങിയ കടയില്‍ പരാതിപ്പെട്ടെങ്കിലും കച്ചവടക്കാരന്‍ ആദ്യം ഉത്തരവാദിത്തം ഏല്‍ക്കാന്‍ തയ്യാറായില്ല, എന്നാല്‍ പ്രാദേശിക ഭരണകൂടം ഇടപെട്ടതോടെ ഇയാള്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.
അതേദിവസം തന്നെ മറ്റൊരു പ്രവിശ്യയായ ഗോങ്‌ഡോണില്‍ ഒരു റെസ്റ്റോറന്റില്‍ നിന്നും വാങ്ങിയ ചൈനീസ് വിഭവമായ ഡിം സമ്മില്‍ രണ്ട് പല്ലുകള്‍ ഉണ്ടായിരുന്നുവെന്ന പരാതി മറ്റൊരു സ്ത്രീയും നല്‍കിയിട്ടുണ്ട്. ഇവരുടെ അച്ഛന്‍ കഴിച്ച ഭക്ഷണത്തിലായിരുന്നു പല്ലുകള്‍ കണ്ടത്. ഈ പല്ലുകള്‍ തന്റെ പിതാവിന്റേതല്ലെന്ന് ഉറപ്പ് വരുത്തിയിട്ടാണ് പരാതി നല്‍കിയതെന്നും യുവതി പറയുന്നു. എങ്ങനെയാണ് തങ്ങളുടെ ഉത്പന്നത്തില്‍ പല്ലുകള്‍ വന്നതെന്ന് മനസിലാകുന്നില്ലെന്നാണ് റെസ്റ്റോറന്റിന്റെ വിശദീകരണം.
പല്ലുണ്ടാക്കിയ പൊല്ലാപ്പ് ഇവിടം കൊണ്ട് തീർന്നില്ല. ഈ സംഭവം നടന്നതിന് തൊട്ടടുത്ത ദിവസം വാള്‍നട്ട് കേക്കില്‍ മെറ്റല്‍ സ്റ്റീലടക്കമുള്ള കൃത്രിമ പല്ലാണ് മറ്റൊരു സ്ത്രീക്ക് കിട്ടിയത്. സാംസ് ക്ലബ് എന്ന റെസ്റ്റോറന്റില്‍ നിന്നാണ് ഈ കേക്ക് വാങ്ങിയത്. ഇരുപതോളം ചൈനീസ് നഗരങ്ങളിലായി ഇതിന്റെ അമ്പതോളം ഔട്ട്‌ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ ആയിരം യുവാന്‍ പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ റെസ്റ്റോറന്‍റ് തയ്യാറായി. 27.8 യുവാനാണ് കേക്കിന്‍റെ വില. എന്നാല്‍ റെസ്റ്റോറന്റ് ജീവനക്കാരുടെ പെരുമാറ്റത്തില്‍ അതൃപ്തി അറിയിച്ച് ഈ ഓഫര്‍ അവര്‍ നിരസിച്ചിട്ടുണ്ട്. സംഭവത്തില്‍ അധികൃതര്‍ ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം.
Content Highlights: Human teeth found in Sausages and dim sum in China