
റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കര്‍ശന നടപടിയുമായി യുഎഇ ഭരണകൂടം. ഇതിന്റെ ഭാഗമായി പുതിയ ഫെഡറല്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്ന് വര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.
ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പുതിയ ഫെഡറല്‍ നിമയ പ്രകാരം ഗാതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരും. ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്ന് വര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യും. ലൈസന്‍സ് സസ്‌പെന്റ് ചെയ്ത ശേഷവും വാഹനം ഓടിച്ചാല്‍ മൂന്ന് മാസം വരെ തടവോ കുറഞ്ഞത് 10,000 ദിര്‍ഹം പിഴയോ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരുമെന്നും ഫെഡറല്‍ നിയമം വ്യക്തമാക്കുന്നു.
പുതിയ നിയമം അനുസരിച്ച് ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. അശ്രദ്ധമായ ഡ്രൈവിങ് കാരണം മരണത്തിനോ പരുക്കിനോ ഇടയാക്കുക, പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുക, തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ വിസമതിക്കുക, അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുക, പൊലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താതെ പോവുക എന്നിയെല്ലാം ഇതിന്റെ പരിധിയില്‍ വരും. സസ്‌പെന്‍ഡ് ചെയ്യുന്ന കാലയളവില്‍ ലൈസന്‍സ് അസാധുവായി തുടരും. എന്നാല്‍ ശിക്ഷാവിധി പ്രാബല്യത്തില്‍ വന്ന് ആറ് മാസത്തിന് ശേഷം വിലക്ക് നീക്കാന്‍ കോടതിയെ സമീപിക്കാമെന്നും പുതിയ നിയമത്തില്‍ പറയുന്നു.
Content Highlights: The UAE government has taken strict measures to increase road safety