
പതിവായി വര്‍ക്കൗട്ട് ഒക്കെ ചെയ്ത് ശരീരം ഫിറ്റായി നിലനിര്‍ത്തുന്നവര്‍ക്ക് രോഗം വരാന്‍ സാധ്യത കുറവാണെന്നും അങ്ങനെയുള്ളവരില്‍ മദ്യപിക്കുന്നതുകൊണ്ടുളള ദോഷങ്ങളെല്ലാം ഇല്ലാതാകുമെന്നും പറയുന്നതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ? ഡല്‍ഹിയിലെ PSRA ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. പ്രശാന്ത് സിന്‍ഹ പറയുന്നത് ഇപ്രകാരമാണ്. 'ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരീരത്തിലെ ചില അപകട സാധ്യതകകള്‍ തടയാന്‍ സഹായിച്ചേക്കാം. എന്നാല്‍ വ്യായാമംകൊണ്ട് മാത്രം മാറ്റാന്‍ കഴിയാത്ത പല ശാരീരിക പ്രവര്‍ത്തനങ്ങളും ഉണ്ട് .
മദ്യം എല്ലാത്തരം ഉപാപചയ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. മദ്യം കൊഴുപ്പ് കത്തുന്നത് പതുക്കെയാക്കുന്നു. പ്രോട്ടീന്‍ ലയിപ്പിക്കുന്നതിനെ തടസ്സപ്പെടുത്തുന്നു. ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനും പേശികളെ നന്നാക്കുന്നതിനും സഹായിക്കുന്ന പോഷകങ്ങളായ മഗ്നീഷ്യം, സിങ്ക്, ബി വിറ്റാമിനുകള്‍ തുടങ്ങിയവയെ ഇല്ലാതാക്കുന്നു. പതിവായി മദ്യം ഉപയോഗിക്കുന്നവരില്‍ നിര്‍ജ്ജലീകരണം, ശരീരത്തിന് നീര്‍വീക്കം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയെല്ലാം സംഭവിക്കുന്നു. പതിവായി വ്യായാമം ചെയ്യുന്നത് രക്തചംക്രമണം, കരളിന്റെ പ്രവര്‍ത്തനം, ഇന്‍സുലിന്‍ ഉല്‍പ്പാദനം എന്നിവയെ മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ മദ്യം ഉപയോഗിക്കുന്നതുകൊണ്ടുളള അപകടങ്ങള്‍ ഇല്ലാതാക്കാന്‍ വ്യായാമത്തിന് കഴിയില്ല.
ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണം അനുസരിച്ച് സ്ഥിരമായ ഒരു ജീവിതശൈലി നിലനിര്‍ത്തുന്ന ആളുകള്‍ക്ക് ഹൃദ്‌രോഗ സാധ്യത, കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടല്‍, നേരത്തെയുള്ള മരണനിരക്ക് എന്നിവ കുറവാണെന്ന് കണ്ടെത്തി. ഡോ. സിന്‍ഹ പറയുന്നത് വ്യായാമം മദ്യപാനവുമായി ബന്ധപ്പെട്ട മരണസാധ്യത കുറയ്ക്കുന്നു. പക്ഷേ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് പറയാനാവില്ല. നല്ല ജീവിതശൈലി പിന്തുടുമ്പോള്‍ രോഗങ്ങളുടെ ചില പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കപ്പെടും, പക്ഷേ വ്യായാമം മദ്യപിക്കുന്ന ദോഷങ്ങള്‍ ഇല്ലാതാക്കുന്നില്ല. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമങ്ങള്‍ ചെയ്യുക. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തല്‍ എന്നിവയൊക്കെ ദിവസവുമുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് ജീവിതശൈലിയില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകാന്‍ സഹായിക്കും.
( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിനുവേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഡോക്ടറുടെ സേവനം തേടേണ്ടതാണ്)
Content Highlights :Can exercise counteract the harmful effects of alcohol? Or can regular exercise counteract the harmful effects of alcohol on the body?