
അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്ത ചിത്രമാണ് പർദ്ദ. മികച്ച അഭിപ്രായങ്ങൾ നേടിയിട്ടും ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് നടി അനുപമ. ചിത്രത്തിന്റെ റിസൾട്ടിൽ നിരാശയുണ്ടെന്നും എന്നാൽ ഹിറ്റിനപ്പുറം നല്ല സിനിമകൾ ചെയ്യാനാണ് തന്റെ ശ്രമമെന്നും അനുപമ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ബൈസണിന്റെ തെലുങ്ക് പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു നടി.
'പർദ്ദ പരാജയപ്പെട്ടതിൽ എനിക്ക് വലിയ നിരാശയുണ്ട്. ആ സിനിമയ്ക്ക് സംഭവിച്ചതോർത്ത് എനിക്ക് വിഷമമുണ്ട്. പക്ഷെ ആ സത്യം നമ്മൾ ഉൾക്കൊള്ളണം. ഹിറ്റിന് അപ്പുറത്തേക്ക് പ്രേക്ഷകർക്ക് ഇഷ്ടമാകണം എന്ന ചിന്തയിലാണ് ഞാൻ ഓരോ സിനിമയും ചെയ്യുന്നത്. ഇപ്പോൾ കിഷ്കിന്ധാപുരിയിലും ബൈസണിലും ഞാൻ ചെയ്ത കഥാപാത്രങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. അതിന് തന്നെയാണ് ഞാൻ ശ്രമിക്കുന്നത്', അനുപമയുടെ വാക്കുകൾ.
മുഖം 'പര്‍ദ്ദ'കൊണ്ട് മറയ്ക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന സുബു എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അനുപമ പരമേശ്വരനാണ് സുബ്ബുവായി സിനിമയിൽ എത്തിയത്. ആനന്ദ മീഡിയയുടെ ബാനറില്‍ വിജയ് ഡോണ്‍കട, ശ്രീനിവാസലു പി.വി., ശ്രീധര്‍ മക്കുവ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മൃദുല്‍ സുജിത് സെന്‍ ഛായാഗ്രഹണവും, ധര്‍മ്മേന്ദ്ര കാക്കറാല എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെ ചിത്രം ഇപ്പോൾ സ്ട്രീം ചെയ്യുന്നുണ്ട്. ദർശനയുടെ ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയാണിത്.
#AnupamaParameswaran with https://t.co/LNTEQL0xmq:
— Gulte (@GulteOfficial) October 21, 2025
"I'm very disappointed with #Paradha result. I’m really disappointed with what happened to Paradha. That’s the truth and I accept it." pic.twitter.com/l5lmtQLGkU
മാരി സെൽവരാജ് ഒരുക്കിയ ബൈസൺ ആണ് ഇപ്പോൾ പുറത്തുവന്ന അനുപമ പരമേശ്വരൻ ചിത്രം. ധ്രുവ് വിക്രമിന്റെ ഗംഭീര പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് കമന്റുകൾ. സിനിമയുടെ കഥയ്ക്കും പശുപതിയുടെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. സ്ഥിരം മാരി സെൽവരാജ് രീതികൾ സിനിമ പിന്തുടരുന്നുണ്ടെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു.
Content Highlights: Anupama parameswaran about Parada movie result