
ശരിയായ വിശ്രമം അതാണ് ഒരു നല്ല ഉറക്കം കൊണ്ട് ഉദ്ദേശിക്കുന്നത്. ദിവസം മുഴുവന്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ശരീരത്തെ കുറച്ച് നേരത്തേക്ക് എല്ലാ സമ്മര്‍ദ്ദങ്ങളില്‍ നിന്നും അകറ്റി സ്വിച്ച് ഓഫ് ചെയ്യുന്ന പ്രക്രിയയാണ് ഉറക്കം. ഇത് മതിയായി ലഭിക്കാതെ വന്നാല്‍ ശരീരത്തിന്റെ താളം തന്നെ തെറ്റിയേക്കാം. പ്രായത്തിനനുസരിച്ച് വ്യക്തികളിലെ ഉറക്കത്തിൻ്റെ രീതികളും സമയവും മാറുന്നു. കുട്ടികള്‍ ദിവസത്തില്‍ 10 മുതല്‍ 14 മണിക്കൂര്‍ വരെയാണ് ഉറങ്ങേണ്ടത്. അതേ സമയം, കൗമാര പ്രായത്തിലുള്ള ഒരാള്‍ 8 മുതല്‍ 10 മണിക്കൂര്‍ വരെ ഉറങ്ങണം. ഇനി മുതിര്‍ന്നവരാണെങ്കില്‍ നിങ്ങള്‍ 7 മുതല്‍ 9 മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. എന്നാല്‍ മുതിര്‍ന്നവരില്‍ പലരും ഉന്നയിക്കുന്ന ഒരു പ്രശ്‌നമാണ് 8 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങിയിട്ടും അതികഠിനമായ ക്ഷീണം അനുഭവപ്പെടുന്നത്. മതിയായ ഉറക്കം ലഭിച്ചിട്ടും ഇങ്ങനെ ക്ഷീണം തോന്നാനും ചില കാരണങ്ങളുണ്ട് അതിന് പിന്നിലെ കാരണങ്ങള്‍ എന്താണെന്ന് അറിഞ്ഞിരിക്കാം.
ഉറക്കതകരാറുള്ളവരില്‍ ഈ കടുത്ത ക്ഷീണം കാണപ്പെടാറുണ്ട്. ഇതിന് പിന്നില്‍ ഉറക്കത്തിന്റെ ഗുണനിലവാരത്തിന്റെ കുറവാണ് വില്ലനാവുന്നത്. എത്ര നേരം ഉറങ്ങിയെന്നതിനപ്പുറം എത്ര നന്നായി ഉറങ്ങി എന്നതാണ് പ്രധാനം. ഉറക്ക ചക്രത്തെ ബാധിക്കുന്ന തരത്തിലുള്ള സ്ലീപ് അപ്‌നിയ, തടസ്സപ്പെട്ട ഉറക്കം എന്നിവ ഈ ക്ഷീണത്തിന് പിന്നിലുണ്ടായേക്കാം.
സമ്മര്‍ദ്ദവും ഉത്കണ്ഠയും മനസ്സിനെയും തലച്ചോറിനെയും എപ്പോഴും പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കും. ഇത് സുഖകരമായ ഉറക്കത്തെ തടസപ്പെടുത്തും. തലച്ചോറിന്റെ ഉറക്കത്തിലും തുടരുന്ന ഈ പ്രവര്‍ത്തനത്തെ അകറ്റാന്‍ യോഗയോ ആഴത്തിലുള്ള ശ്വസന വ്യായാമമോ പരീക്ഷിക്കാം.
കൃത്യമായ സമയം എല്ലാ ദിവസവും ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന വ്യക്തികള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരും മികച്ച ഉറക്കം ലഭിക്കുന്നവരുമാകാം. അതേ സമയം, വ്യത്യസ്തമായ ഉറക്ക ഷെഡ്യൂള്‍ പാലിക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ഉറക്കത്തിന്റെ നിലവാരം കുറയുകയും എപ്പോഴും ക്ഷീണമുള്ളവരായി മാറുകയും ചെയ്യും.
ഉറങ്ങുന്നതിന് മുന്‍പ് ധാരാളം സമയം ഫോണില്‍ ചിലവഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇത് നിങ്ങളുടെ ഉറക്കചക്രത്തെയാകെ തകരാറിലാക്കാം. മൊബൈല്‍ സ്‌ക്രീനില്‍ നിന്ന് വരുന്ന ബ്ലൂ ലൈറ്റ് ഉറക്കത്തെ കുറയ്ക്കുകയും കണ്ണുകള്‍ക്ക് സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യുന്നു. ഇത് മാറ്റുന്നതിനായി ഉറങ്ങുന്നതിന് മുന്‍പുള്ള സ്‌ക്രീന്‍ സമയം കുറയ്ക്കുക.
ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഫീന്‍ അല്ലെങ്കില്‍ കട്ടിയുള്ള ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും രാവിലെ നിങ്ങള്‍ക്ക് വിശ്രമം കുറയുകയും ചെയ്യും. അതിനാല്‍ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പഞ്ചസാരയും മദ്യവും കഴിക്കുന്നതുള്‍പ്പടെയുള്ള ശീലങ്ങള്‍ മാറ്റുക.
Content Highlights- Fatigue does not change even after sleeping more than eight hours, these may be the reasons behind it