
നിയസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ച ബിജെപി നേതാവ് അവസാന നിമിഷം പിന്‍വാങ്ങി. മുന്‍ കേന്ദ്രമന്ത്രി അശ്വിനി ചൗബേയുടെ മകന്‍ അര്‍ജിത് ശാശ്വത് ചൗബേയാണ് ബിഹാറിലെ ഭഗല്‍പൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തിനെ തുടര്‍ന്ന് ബിജെപിയുമായി ഇടഞ്ഞത്. കഴിഞ്ഞ ദിവസമാണ് അര്‍ജിത് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ അദ്ദേഹം ജില്ലാ കളക്ട്രേറ്റില്‍ എത്തിയത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയും ഹാരം അണിഞ്ഞും അര്‍ജിത്തിന്റെ സ്വീകരിക്കുന്നതിനിടയിലാണ് ഒരു ഫോണ്‍ കോള്‍ വന്നത്.
മാധ്യമപ്രവര്‍ത്തകരടക്കം നില്‍ക്കുമ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ കോള്‍ അറ്റന്‍ഡ് ചെയ്ത അര്‍ജിത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാതെ മടങ്ങി. പിന്നീടാണ് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം പൊതുജനങ്ങളോട് വിവരിച്ചത്. ഫോണ്‍ വിളിച്ചത് പിതാവ് ചൗബേ ആയിരുന്നെന്നും അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തിരികെ മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
'നീ ബിജെപിയിലാണ് ബിജെപിയില്‍ തന്നെ തുടരും' എന്നാണ് പിതാവ് പറഞ്ഞതെന്നും, അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിച്ച് മത്സരത്തില്‍ നിന്നും പിന്‍മാറുകയാണെന്നും അര്‍ജിത് വ്യക്തമാക്കി. മകന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നടക്കം കടുത്ത സമ്മര്‍ദമാണ് ഉണ്ടായിരുന്നതെന്ന് ചൗബേ പറയുന്നു.
ഭഗല്‍പൂരില്‍ റോഹിത്ത് പാണ്ഡേയെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ പാര്‍ട്ടിയില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അര്‍ജിത് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. 1995 മുതല്‍ 2010 വരെ അര്‍ജിതിന്റെ പിതാവിന്റെ മണ്ഡലമായിരുന്നു ഭഗല്‍പൂർ. കഴിഞ്ഞ മൂന്ന് തവണയായി കോണ്‍ഗ്രസിന്റെ അര്‍ജീത് ശര്‍മയാണ് മണ്ഡലത്തിലെ ജനപ്രതിനിധി.
Content Highlights: BJP leader went to file nomination as independent candidate in Bihar drops after a Phone call