'ഒരമ്മയ്ക്കല്ലേ മനസിലാകൂ', പാതിരാത്രിയിൽ ബെംഗളുരു നഗരത്തിൽ ഒറ്റപ്പെട്ട് സംരംഭകൻ; രക്ഷകയായി വനിതാ ഓട്ടോഡ്രൈവർ

യാത്ര ചെയ്യാൻ ഒരു ക്യാബ് പോലും കിട്ടാതെ പരിഭ്രാന്തനായി നിൽക്കുകയായിരുന്നു വരുൺ

'ഒരമ്മയ്ക്കല്ലേ മനസിലാകൂ', പാതിരാത്രിയിൽ ബെംഗളുരു നഗരത്തിൽ ഒറ്റപ്പെട്ട് സംരംഭകൻ; രക്ഷകയായി വനിതാ ഓട്ടോഡ്രൈവർ
dot image

സംരംഭകനായ വരുൺ അഗർവാൾ എക്‌സിൽ പങ്കുവച്ച തന്റെ അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ വൈറൽ കണ്ടന്‍റുകളിലൊന്ന്. പാതിരാത്രിയിൽ ബെംഗളുരുവിലെ ഇന്ദിരനഗറിൽ പെട്ടുപോയി വരുണ്‍. യാത്ര ചെയ്യാൻ ഒരു ക്യാബ് പോലും കിട്ടാതെ പരിഭ്രാന്തനായി നിൽക്കുകയായിരുന്നു അദ്ദേഹം. കടന്നുപോയ പല ഓട്ടോക്കാരോടും കോറമംഗലയിലേക്ക് ഓട്ടം പോകണമെന്ന് വരുൺ ആവശ്യപ്പെട്ടെങ്കിലും ആരും അദ്ദേഹത്തെ സഹായിക്കാൻ തയ്യാറായില്ല. ഇതോടെ വരുൺ ഒരു കിലോമീറ്ററോളം മുന്നോട്ടു നടന്നു. അപ്പോഴാണ് റോഡ് സൈഡിൽ ഒരു ഓട്ടോ ഒതുക്കിയിട്ടിരിക്കുന്നത് കാണുന്നത്. അതിലൊരു സ്ത്രീയായിരുന്നു ഡ്രൈവർ.


അവരോടും വരുൺ സഹായം അഭ്യർത്ഥിച്ചു. എന്നാൽ ഇന്നത്തെ ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുകയാണ് താൻ എന്നായിരുന്നു മറുപടി. നിരാശനായി വരുൺ നടന്ന് നീങ്ങിയപ്പോഴാണ്, പിറകിൽ നിന്നും അവർ തിരികെ വിളിച്ചത്. എന്നാൽ വേറെ ഓട്ടോ ഉണ്ടോയെന്ന് നോക്കാമെന്ന് വരുൺ പറഞ്ഞെങ്കിലും അവർ തന്നെ വരുണിനെ കോറമംഗലയിൽ എത്തിച്ചു.

ഓട്ടോയിൽ കയറുന്നതിന് മുമ്പ് എത്ര രൂപയാകും കൂലിയെന്ന് പറഞ്ഞിരുന്നില്ല. എന്നാൽ വരുണിന്റെ മനസിൽ മുന്നൂറു രൂപയോളം അവർ വാങ്ങാനാണ് സാധ്യതയെന്ന് തോന്നിയിരുന്നു. യൂബറിൽ അത്രയുമാണ് സാധാരണ വാങ്ങാറ്. എന്നാൽ വരുണിനെ അമ്പരപ്പിച്ച് കൊണ്ട് അവർ ഇരുന്നൂറുരൂപ മാത്രമാണ് ഓട്ടോക്കൂലിയായി വാങ്ങിയത്. അത് വളരെ കുറഞ്ഞ് പോയില്ലേ എന്ന് വരുൺ അവരോട് ചോദിച്ചെങ്കിലും അത് സാരമില്ലെന്നായിരുന്നു അവരുടെ മറുപടിയത്രേ.

തന്റെ ജീവിത്തിലെ ഏറ്റവും മികച്ച ഓട്ടോ യാത്രയായിരുന്നു ഇതെന്നാണ് വരുൺ കുറിച്ചിരിക്കുന്നത്. ഇനിയും കൂടുതൽ വനിതാ ഓട്ടോ ഡ്രൈവർമാരെ നമുക്ക് ആവശ്യമുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് വരുണിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഡ്രൈവറിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണത്തെ നിരവധി പേരാണ് പ്രകീർത്തിച്ചത്. നിസഹായനായ നിന്നെ അവർക്ക് മനസിലായി. ഒരു അമ്മയുടെ ഹൃദയത്തിന് മാത്രമേ ആ വേദന മനസിലാക്കാൻ കഴിയു. നല്ല മനുഷ്യരെ ദൈവം അയക്കുന്നതാണ്. എല്ലാ സമയവും നന്ദിയുള്ളവനായിരിക്കുക എന്നാണ് ഒരാൾ ഈ പോസ്റ്റിന് താഴെയായി കമന്റ് ചെയ്തത്. നിരത്തുകളിൽ ദയ കുറഞ്ഞ് വരികയാണ് എന്നാൽ മനുഷ്യത്വത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് ഈ സംഭവമെന്നാണ് മറ്റൊരാളുടെ അഭിപ്രായം.
Content Highlights: X post of an Entrepreneur from Bengaluru about a Woman Auto Driver

dot image
To advertise here,contact us
dot image