
ലോട്ടറിയടിച്ച തുകയില്‍ നിന്നും ഒരു കോടിയിലേറെ രൂപ വനിതാ ലൈവ് സ്ട്രീമര്‍ക്ക് നല്‍കിയ ഭര്‍ത്താവിനെ ഡിവോഴ്‌സ് ചെയ്യാനൊരുങ്ങി യുവതി. ചൈനയിലാണ് സംഭവം. യുവാന്‍ എന്ന യുവതിയാണ് ഭര്‍ത്താവിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നത്.
വിവാഹമോചനത്തിന് ഇടയായ സാഹചര്യത്തെ കുറിച്ച് യുവതി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് 1.4 മില്യണ്‍ ഡോളറിന്റെ (12.3കോടി രൂപ) ലോട്ടറി ഭര്‍ത്താവിന് അടിച്ചത്. ഭര്‍ത്താവിന് ലോട്ടറി അടിച്ചതില്‍ താന്‍ അതീവ സന്തുഷ്ടയായിരുന്നു എന്ന് യുവാന്‍ പറയുന്നു.
ലോട്ടറി അടിച്ച തുകയില്‍ നിന്നും ഇഷ്ടമുള്ളതെല്ലാം വാങ്ങിച്ചോളൂ എന്ന് പറഞ്ഞ് ഭര്‍ത്താവ് യുവാന് ബാങ്ക് കാര്‍ഡ് കൊടുത്തു. എത്ര തുകയാണ് ആ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് എന്ന് യുവാന്‍ നോക്കിയില്ല. പക്ഷെ പിന്നീടാണ് 3.6 കോടി മാത്രമായിരുന്നു അതിലുണ്ടായിരുന്നത് എന്ന് യുവാന്‍ അറിയുന്നത്. ബാക്കി തുകയെല്ലാം ഭര്‍ത്താവ് ധൂര്‍ത്തടിക്കാന്‍ കൈവശം വെക്കുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു.
ലോട്ടറിയടിച്ചതിന് ശേഷം ഭര്‍ത്താവിന്റെ സ്വഭാവം അടിമുടി മാറി. രാവിലെ മുതല്‍ ക്ലബുകളില്‍ ചൂതാട്ടത്തിന് ഇറങ്ങി. രാത്രിയില്‍ വനിതാ ലൈവ് സ്ട്രീമരുടെ വീഡിയോസ് ഇരുന്ന് കണ്ടു. അവരില്‍ പലര്‍ക്കും വലിയ തുക നല്‍കി. അതില്‍ തന്നെ ഒരു സ്ട്രീമര്‍ക്ക് മാത്രം 1.4 കോടി രൂപയാണ് ഭര്‍ത്താവ് നല്‍കിയതെന്ന് യുവാന്‍ പറയുന്നു. കൂടാതെ അവരുമായി നാല് ദിവസത്തെ ലക്ഷ്വറി ട്രിപ്പിന് പോകാനും ഇയാള്‍ പ്ലാന്‍ ചെയ്തു. പക്ഷെ പോകുന്നതിന് തൊട്ടുമുന്‍പ് റെയില്‍വേ സ്റ്റേഷനില്‍ എത്തി ഇയാളെ താന്‍ പിടികൂടുകയായിരുന്നു എന്ന് യുവാന്‍ പറയുന്നു.
ഭര്‍ത്താവിന്റെ ഫോണില്‍ ലൈവ് സ്ട്രീമറുമായുള്ള ചാറ്റുകള്‍ കണ്ടെന്നും യുവാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ലൈവ് സ്ട്രീമറെ കല്യാണം കഴിക്കാനും അവരില്‍ നിന്നും തനിക്കൊരു കുട്ടി വേണമെന്നും വരെ ഇയാള്‍ ചാറ്റില്‍ പറഞ്ഞിട്ടുണ്ടെന്നാണ് യുവാന്റെ വാക്കുകള്‍.
ലോട്ടറി അടിക്കുന്നതിന് മുന്‍പേ ഇയാള്‍ക്കൊപ്പം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച തന്നെ വഞ്ചിച്ച ഇയാള്‍ക്കൊപ്പം ഇനിയൊരു ജീവിതം സാധ്യമല്ലെന്നാണ് യുവാന്‍ പറയുന്നത്. ഭര്‍ത്താവിനെ കുറിച്ചുള്ള പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താതെയാണ് യുവാന്‍ തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരിക്കുന്നത്.
Content Highlights: Husband wins Lottery and gives crores to female streamer, wife files for divorce