
ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റില്‍. വിജയനഗര സ്വദേശിയായ 32കാരനാണ് അറസ്റ്റിലായത്. ഒന്‍പത് മാസം മുമ്പാണ് പ്രതി യുവതിയെ വിവാഹം കഴിച്ചത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും വിവാഹം ചെയ്യുകയായിരുന്നു. യുവതിയുടെ ആദ്യ വിവാഹത്തില്‍ 15 വയസ്സുള്ള ഒരു മകളുണ്ട്. മകൾ ദമ്പതികൾക്കൊപ്പമാണ് താമസിച്ചിരുന്നത്. യുവതിയുടെ മരണം വൈദ്യുതാഘാതമേറ്റാണെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതിയുടെ ശ്രമം.
യുവതിയെ ബെംഗളൂരുവിലെ മരഗൊണ്ടനഹള്ളിയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാട്ടര്‍ ഹീറ്ററില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് ഭാര്യ മരിച്ചതെന്നാണ് ഭര്‍ത്താവ് കുടുംബാംഗങ്ങളോട് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും താന്‍ വീട്ടില്‍ നിന്നും പുറത്തുപോയപ്പോള്‍ ശുചിമുറിയുടെ വാതില്‍ പുറത്തുനിന്നും പൂട്ടിയിരുന്നുവെന്നും യുവതിയുടെ മകള്‍ പറഞ്ഞതോടെ പൊലീസിന് സംശയം തോന്നുകയായിരുന്നു.
യുവതിയുടെ സഹോദരിയുടെ പരാതിയിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ പൊലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായും സംഭവം ഒരു അപകടമാണെന്ന് വരുത്തിത്തീര്‍ത്തതായും പ്രതി സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Content Highlight : Bengaluru Man Kills Wife He Met On Instagram, Tries To Stage It As Accident