
സാംസ്‌കാരിക കേരളത്തിന്റെ അഭിമാനമായ കലാരൂപമാണ് കഥകളി. സങ്കീര്‍ണമായ മുഖഭാവങ്ങളും പ്രകടനവും കൊണ്ട് മികവേറിയ ഈ കലാരൂപത്തെ മലയാളികള്‍ അത്രത്തോളം നെഞ്ചോട് ചേര്‍ത്ത് വെക്കുന്നു. എന്നാല്‍ ഈ അടുത്ത് വിദേശ കാര്യ മന്ത്രാലയം പുറത്ത് വിട്ട കഥകളിയുടെ ഒരു വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറിന്റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടത്തിയ സ്വീകരണ പരിപാടിയിലായിരുന്നു ഈ 'വ്യാജ കഥകളി' പ്രകടനം.
ഇന്ത്യയിലെ മുംബൈയില്‍ എത്തിയ യുകെ പ്രധാനമന്ത്രിക്ക് ഊഷ്മളവും വര്‍ണ്ണാഭമായതുമായ സ്വീകരണമെന്ന ക്യാപ്ഷനോട് കൂടിയായിരുന്നു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സംഗതി കഥകളിയാണ് എന്ന് എവിടെയും പരാമര്‍ശിച്ചിട്ടില്ലെങ്കിലും വേഷവിധാനങ്ങള്‍ കഥകളിക്ക് സമാനമാണ്. വളരെ വികലമായ ചുവടുകളും പ്രകടനവുമാണ് നൃത്തം ചെയ്തയാള്‍ നടത്തിയത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയെ നിങ്ങള്‍ പറ്റിക്കുകയാണോ എന്ന് തുടങ്ങി വേഷവിധാനങ്ങള്‍ക്ക് വരെ വലിയ പരിഹാസമാണുണ്ടായിരിക്കുന്നത്. ഇതിനെല്ലാം അപ്പുറം ഒരു സംസ്ഥാനത്തിന്റെ അഭിമാനമായ കലാരൂപത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള സംഭവമാണ് നടന്നിരിക്കുന്നതെന്നുള്ള വിമര്‍ശനങ്ങള്‍ വീഡിയോയ്ക്ക് പിന്നാലെ ഉണ്ടായിട്ടുണ്ട്. ഇത്രയേറെ കലാകാരന്മാരുള്ള നാട്ടില്‍ അന്വേഷിച്ചാല്‍ നല്ല ഒരു കഥകളി കലാകാരനെ ലഭിക്കുമായിരുന്നെല്ലോയെന്നും പലരും പോസ്റ്റിന് താഴെ ചോദിക്കുന്നു.
Content Highlights- Centre criticizes fake Kathakali presented to British PM