ആണവ ബോംബ് നിർമ്മിക്കാൻ ശേഷിയുള്ള വസ്തുക്കളൊന്നും ഇറാൻ കൈവശം വെയ്ക്കില്ല: ഒമാൻ വിദേശകാര്യ മന്ത്രി

അമേരിക്കയുമായുള്ള ഒത്തുതീർപ്പ് കരാർ നമ്മുടെ പരിധിക്കുള്ളിൽ എത്തിക്കുന്നതിൻ്റെ ഒരു വഴിത്തിരിവാണിതെന്നായിരുന്നു ഒമാൻ വിദേശകാര്യ മന്ത്രി പറഞ്ഞത്

ആണവ ബോംബ് നിർമ്മിക്കാൻ ശേഷിയുള്ള വസ്തുക്കളൊന്നും ഇറാൻ കൈവശം വെയ്ക്കില്ല: ഒമാൻ വിദേശകാര്യ മന്ത്രി
dot image

മസ്കറ്റ്: ആണവ ബോംബ് നിർമ്മിക്കാൻ ശേഷിയുള്ള വസ്തുക്കളൊന്നും ഇറാൻ കൈവശം വെയ്ക്കില്ലെന്ന് ഉറപ്പ് നൽകിയതായി ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി അറിയിച്ചു. ഇറാൻ - യുഎസ് ആണവകരാർ ചർച്ചകൾ പുരോ​ഗമിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഒമാൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. അമേരിക്കയുമായുള്ള ഒത്തുതീർപ്പ് കരാർ നമ്മുടെ പരിധിക്കുള്ളിൽ എത്തിക്കുന്നതിൻ്റെ ഒരു വഴിത്തിരിവാണിതെന്നായിരുന്നു ഒമാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഒരിക്കലും ബോബ് നിർമ്മിക്കാൻ ശേഷിയുള്ള ഒരു വസ്തുവും ഇറാൻ കൈവശം വെയ്ക്കില്ലെന്നത് ചർച്ചയിലെ സുപ്രധാന നേട്ടമായി കാണാം എന്നായിരുന്നു ഒമാൻ പറഞ്ഞത്. മുൻ പ്രസിഡന്റ് ഒബാമയുടെ കാലത്ത് നടന്ന ചർച്ചകളിൽ പോലും കാണാൻ കഴിയാത്ത നേട്ടമാണിതെന്നും അദേഹം കൂട്ടിചേർത്തു .

ഇറാൻ യുഎസ് ചർച്ചകളിൽ പുരോ​ഗതിയുണ്ടെന്നും നയതന്ത്രങ്ങൾക്ക് സമയം നൽകണമെന്നും മധ്യസ്ഥത വഹിച്ച ഒമാൻ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് നയതന്ത്രമല്ലാതെ മറ്റൊന്നും പകരമായി കാണാൻ ആവില്ലെന്നും ഒമാൻ വ്യക്തമാക്കി.

അതേസമയം കരാറിൽ സംതൃപ്തനല്ലെന്നായിരുന്നു ചർച്ചയ്ക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. സൈനിക നടപടിയുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ട്രംപ് ചൂണ്ടികാട്ടി. ജനീവയിൽ നടന്ന ചർച്ചകൾ കരാറില്ലാതെ പിരിഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. തങ്ങൾക്ക് ആവശ്യമുള്ളത് നൽകാൻ ഇറാൻ തയ്യാറാകാത്തതിൽ സന്തോഷമില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്റെ ആണവ അഭിലാഷങ്ങൾക്കെതിരെ കരാറിലെത്തിയില്ലെങ്കിൽ സൈനിക നടപടി ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുദ്ധത്തിലേക്ക് നീങ്ങാൻ തനിക്ക് താല്പര്യമില്ലെങ്കിലും ചില സമയങ്ങളിൽ അത് അനിവാര്യമായി വരുമെന്ന് ട്രംപ് പറഞ്ഞു. 2003 ലെ ഇറാഖ് അധിനിവേശത്തിന് ശേഷം മിഡിൽ ഈസ്റ്റിൽ നടക്കുന്ന ഏറ്റവും വലിയ സൈനിക വിന്യാസത്തിന് ട്രംപ് ഇതിനകം ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കി. ഇതിനിടെ ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ അമേരിക്ക നിർദ്ദേശം നൽകി.

ഇസ്രയേലിലെ എംബസി ജീവനക്കാർക്ക് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം അതിന് തയ്യാറെടുക്കണമെന്ന് ഇസ്രയേലിലെ യുഎസ് അംബാസിഡർ മൈക്ക് ഹക്കബി നിർദേശിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷ സാധ്യത രൂക്ഷമായ സാഹചര്യത്തിലായിരുന്നു മൈക്ക് ഹക്കബിയുടെ നിർദേശം. അടിയന്തര ജോലികൾ പൂർത്തിയാക്കേണ്ട ജീവനക്കാരും അവരുടെ കുടുംബങ്ങളും ഒഴികെ ബാക്കിയുള്ളവർ എത്രയും വേഗം രാജ്യം വിടണമെന്നാണ് മൈക്ക് ഹക്കബി നിർദേശിച്ചത്. ഇസ്രയേലിൽ തുടരുന്നവർ പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും മൈക്ക് ഹക്കബി ഇമെയിൽ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Oman Foreign Minister Badr Al Busaidi said Iran had assured him that it would not possess any material capable of producing a nuclear bomb.

dot image
To advertise here,contact us
dot image