

ഇനി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ അധിക ചാർജ് ഈടാക്കാതെ ടിക്കറ്റിൽ മാറ്റം വരുത്താനും റദ്ദാക്കാനും കഴിയും. ഡിജിസിഎയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഫെബുവരി 24-ന് പുറപ്പെടുവിച്ചത്. വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം മാറ്റം വരുത്തുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ വിമാന കമ്പനികൾ പണം ഈടാക്കുന്നു എന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് ഡിജിസിഎയുടെ ഈ നീക്കം. ഡിജിസിഎയുടെ ഈ പുതിയ നിയമം മാർച്ച് 26 മുതൽ പ്രാബല്യത്തിൽ വരും.
പുതുക്കിയ നിയമം അനുസരിച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ടിക്കറ്റിൽ വരുത്തുന്ന മാറ്റങ്ങൾക്കോ ടിക്കറ്റ് റദ്ദാക്കുകയോ ചെയ്താലും അധിക ചാർജ് ഈടാക്കാൻ വിമാന കമ്പനികൾക്ക് അധികാരമില്ല. റദ്ദാക്കിയ ടിക്കറ്റിന് പകരം ബുക്ക് ചെയ്ത പുതിയ ടിക്കറ്റിലെ നിരക്ക് വ്യത്യാസം യാത്രികർ നൽകേണ്ടി വരും. എന്നാൽ 48 മണിക്കൂറിന് ശേഷമാണ് ടിക്കറ്റിൽ മാറ്റം വരുത്തുകയോ റദ്ദാക്കുകയോ ചെയ്യുന്നതെങ്കിൽ വിമാന കമ്പനികൾ പറയുന്ന തുക യാത്രികർ നൽകേണ്ടിവരും. ഈ പുതുക്കിയ നിയമം ആഭ്യന്തര യാത്ര പുറപ്പെടുന്നതിന് ഏഴ് ദിവസം മുമ്പും രാജ്യാന്തര യാത്രകൾ പുറപ്പെടുന്നതിന് 15 ദിവസം മുമ്പും ബുക്ക് ചെയ്യുന്ന വിമാന ടിക്കറ്റുകൾക്ക് ബാധകമല്ല.
ടിക്കറ്റ് ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ പേരിൽ എന്തെങ്കിലും തെറ്റുകൾ കണ്ടുപിടിക്കുകയും അത് തിരുത്താൻ ആവശ്യപ്പെടുകയും ചെയ്താൽ വിമാനക്കമ്പനികൾ അധിക തുക ഈടാക്കാൻ പാടില്ല. അതുപോലെ 48 മണിക്കൂറിനുള്ളിൽ റദ്ദാക്കുന്ന ടിക്കറ്റുകൾ ക്രഡിറ്റ് കാർഡ് മുഖേന ബുക്ക് ചെയ്തതാണെങ്കിൽ ഏഴ് ദിവസത്തിനുള്ളിലും പണമായിട്ടാണെങ്കിൽ ഉടൻ തന്നെ പണം തിരികെ നൽകുകയും വേണം. അതേസമയം ട്രാവൽ ഏജന്‍റ് മുഖേന ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് 14 ദിവസത്തിനുള്ളിൽ ടിക്കറ്റ് തുക മടക്കി നൽകണം. ട്രാവൽ ഏജന്റുകൾ വഴിയോ പോർട്ടലുകൾ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്തതാണെങ്കിലും പണം തിരികെ നൽകേണ്ട ഉത്തരവാദിത്തം വിമാനക്കമ്പനികൾക്കാണ്.
യാത്രക്കാരനോ ഒരേ പിഎൻആറിൽ ഉള്ള കുടുംബാംഗമോ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ, ടിക്കറ്റ് റദ്ദാക്കുമ്പോൾ റീഫണ്ട് നൽകുകയോ ക്രെഡിറ്റ് ഷെൽ അനുവദിക്കുകയോ വേണം. ഇത്തരം സാഹചര്യത്തിൽ വിമാന കമ്പനിയുടെ എയ്റോസ്പേസ് മെഡിസിൻ സ്പെഷലിസ്‌റ്റോ ഡിജിസിഎ അംഗീകരിച്ച ഡോക്ടറോ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ റീഫണ്ട് നൽകണമെന്നും ഡിജിസിഎ നിർദേശിച്ചു.
Content Highlights: The DGCA has announced that passengers can now modify or cancel flight tickets within 48 hours of booking without additional charges.