
പുറത്തൊന്നുപോയി വന്നാല്‍, വെയിലത്ത് അല്പം അലഞ്ഞാല്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചാല്‍ ക്ഷീണം മാറും. പലരുടെയും ആരോഗ്യ പാനീയമാണ് നാരങ്ങാവെള്ളം. ശരീരത്തിലെ ജലാംശം വര്‍ധിപ്പിക്കും, ദഹനത്തെ സഹായിക്കും, വിറ്റമിന്‍ സി ലഭിക്കും അങ്ങനെ ഒരു അത്ഭുത പാനീയമാണ് നാരങ്ങാവെള്ളം. എന്നാല്‍ ഈ നാരങ്ങാവെള്ളം എല്ലാവര്‍ക്കും ഒരുപോലെ ഗുണകരമല്ല. നാരങ്ങാവെള്ളത്തിന് ഗുണങ്ങളുള്ളതിനൊപ്പം അതിന് ചില പാര്‍ശ്വഫലങ്ങളുമുണ്ട്.
ആരെല്ലാം നാരങ്ങാവെള്ളം കുടിക്കരുത്..
ആസിഡ് റിഫ്‌ളക്‌സ് ഉള്ളവരാണെങ്കില്‍ അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ ഉള്ളവരാണെങ്കില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ഒട്ടും അനുയോജ്യമല്ല. കാരണം നാരങ്ങ അങ്ങേയറ്റം അസിഡിക് ആണ്. അത് നിങ്ങളുടെ അന്നനാളത്തെയും ആമാശയത്തിലെ ആസിഡ് അവിടെത്തന്നെ നിലനിര്‍ത്താന്‍ സഹായിക്കുന്ന അന്നനാളത്തിലെ പേശിയെയും അസ്വസ്ഥപ്പെടുത്തും. സ്വാഭാവികമായും നെഞ്ചെരിച്ചില്‍ വര്‍ധിക്കും.
ആസിഡ് റിഫ്‌ളക്‌സ് ഉള്ളവരാണെങ്കില്‍ നാരങ്ങാവെള്ളം വെറുംവയറ്റില്‍ കുടിക്കുന്നത് ഒഴിവാക്കണം. പകരം സാധാരണ വെള്ളമോ, ഹെര്‍ബല്‍ ടീയോ ശീലമാക്കാം.
നാരങ്ങാവെള്ളത്തിന് അസിഡിക് സ്വഭാവമായതിനാല്‍ അത് പല്ലിലെ ഇനാമലിനെ ബാധിക്കാന്‍ സാധ്യതയേറെയാണ്. അതായത് നിങ്ങളുടെ പല്ല് കൂടുതല്‍ ദുര്‍ബലവും പല്ലിന്റെ നിറത്തില്‍ മാറ്റം വരുന്നതിനും കാവറ്റീസിനും കാരണമാകും. നിലവില്‍ ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ നാരങ്ങാവെള്ളം കുടിച്ചാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്നതിന് കാരണമാകും.
പല്ലിന് പ്രശ്‌നമുള്ളവര്‍ സ്‌ട്രോ ഉപയോഗിച്ച് നാരങ്ങാവെള്ളം കുടിക്കുന്നതാണ് നല്ലത്. അതിനുശേഷം വാ കഴുകണം. നാരങ്ങാവെള്ളം കുടിച്ചതിന് പിറകേ ബ്രഷ് ചെയ്യരുത്. ആസിഡ് പല്ലിലെ ഇനാമലിനെ മൃദുവാക്കിയിരിക്കും. അതിനാല്‍ ഉടന്‍ തന്നെ ബ്രഷ് ചെയ്യുന്നത് കൂടുതല്‍ കേടുപാടുകള്‍ക്ക് കാരണമാകും.
വായ്പ്പുണ്ണ് ഉള്ളവരും നാരങ്ങാവെള്ളം ഒഴിവാക്കുന്നതാണ് ഉചിതം. വായ്പുണ്ണില്‍ നാരങ്ങവെള്ളം തട്ടിയാല്‍ വേദന വര്‍ധിക്കുമെന്ന് മാത്രമല്ല മുറിവ് ഉണങ്ങാനും വൈകും. അസ്വസ്ഥത വര്‍ധിപ്പിക്കും. തൊണ്ടവേദനയുള്ളവര്‍ക്കും സമാന അനുഭവമാണ് ഉണ്ടാവുക. നാരങ്ങയിലെ ആസിഡ് ടിഷ്യുവിനെ സുഖപ്പെടുത്തുന്നതിന് പകരം അത് വീങ്ങുന്നതിന് കാരണമാകും.
സിട്രസ് അലര്‍ജി വളരെ കോമണായ ഒന്നാണ്. നിങ്ങള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ റാഷസോ, നീര്‍വീക്കമോ ഉണ്ടെങ്കില്‍ നാരങ്ങാവെള്ളം കുടിച്ചതിന് ശേഷം നിങ്ങള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കില്‍ നാരങ്ങ നിങ്ങള്‍ക്ക് അലര്‍ജിയാണെന്ന് മനസ്സിലാക്കണം. വീണ്ടും നാരങ്ങാവെള്ളം കുടിക്കാന്‍ മുതിരരുത്.
പ്രമേഹം, രക്തസമ്മര്‍ദം, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ നാരങ്ങാവെള്ളം കുടിക്കരുത്. അതിന്റെ അസിഡിറ്റിയും കോംമ്പൗണ്ടുകളും ശരീരം മരുന്നിനെ ആഗിരണം ചെയ്യുന്നതിനെ ബാധിക്കും. പതിവായി മരുന്ന് കഴിക്കുന്നവരാണെങ്കില്‍ ഡയറ്റിന്റെ ഭാഗമായോ മറ്റോപതിവായി നാരങ്ങാവെള്ളം കുടിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുമെങ്കിലും അത് ചിലരില്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ദഹനപ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ അല്ലെങ്കില്‍ ഗ്യാസിന്റെ പ്രശ്‌നങ്ങളുള്ളവരാണെങ്കില്‍ ഓക്കാനം, മലബന്ധം, ഡയറിയ എന്നിവയ്ക്ക ഇത് കാരണമാകും.
നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന കോംപൗണ്ടുകള്‍ക്ക് നിങ്ങളുടെ ചര്‍മത്തെ കൂടുതല്‍ സെന്‍സിറ്റീവാക്കുന്നത് സാധിക്കും. അതിനാല്‍ നിത്യവും നാരങ്ങാവെള്ളം കുടിക്കുന്ന ആളാണെങ്കില്‍ സണ്‍സ്‌ക്രീന്‍ ഇടാന്‍ മറക്കാതെ ഇരിക്കുക.
Content Highlights: Lemon's Hidden Dangers: Who Should Avoid Them